Top

‘മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ്’; വാക്‌സിനേഷന്‍ ഡ്രൈവിനായി മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് മോദി

മൊബൈല്‍ ഉത്പ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ഹബ്ബായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8 Dec 2020 5:55 AM GMT

‘മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ്’; വാക്‌സിനേഷന്‍ ഡ്രൈവിനായി മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് മോദി
X

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ മൊബൈല്‍ സാങ്കേതികവിദ്യ വലിയൊരളവില്‍ ഗുണം ചെയ്‌തെന്നും കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍ വീഡിയോ കോണ്‍ഫെറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മൊബൈല്‍ ഉത്പ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ഹബ്ബായി ഇന്ത്യ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മൊബെല്‍ സാങ്കേതികവിദ്യയിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായും അദ്ദേഹം അറിയിച്ചു. ലോകത്തിന് മുന്‍പേ രാജ്യം കുതിക്കുന്നതിനായി ഫൈവ്്ജിയിലേക്കെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ടെലികോം ഉപകരണങ്ങളുടേയും ഡിസൈനുകളുടേയും വികസനത്തിന്റേയും ഉല്‍പ്പാദനത്തിന്റേയും പ്രധാനഹബ്ബായി ഇന്ത്യയെ മാറ്റിയെടുക്കുന്നതിനായി ഒരുമിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ആത്മനിര്‍ഭര്‍ ഭാരത്, സുസ്ഥിരവികസനം, ഡിജിറ്റല്‍ രംഗത്തെ കുതിപ്പ് എന്നിവയാണ് സര്‍ക്കാര്‍ 2020 വര്‍ഷത്തിലേക്കായി ലക്ഷ്യം വെച്ച പ്രധാനആശയങ്ങളെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Next Story