Top

കൊവിഡ് 19: അവലോകന യോഗം വിളിച്ച് നരേന്ദ്ര മോദി; ഡൽഹിയിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

എല്ലാ സ്വകാര്യ ഓഫീസുകൾക്കും വീട്ടിൽ നിന്ന് പ്രവർത്തിക്കാമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ പ്രവർത്തിക്കേണ്ടതുള്ളൂ എന്നും അധികൃതർ അറിയിച്ചു.

19 April 2021 1:28 AM GMT

കൊവിഡ് 19: അവലോകന യോഗം വിളിച്ച്  നരേന്ദ്ര മോദി; ഡൽഹിയിൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ
X

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് രോഗികൾ രണ്ടേമുക്കാൽ ലക്ഷത്തോടടുക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് അവലോകന യോഗം വിളിച്ചു പ്രധാനമന്ത്രി. കടുത്ത കൊവിഡ് പ്രതിസന്ധി നിലനിൽക്കെയാണ് പ്രധാനമന്ത്രി ഈ യോഗം വിളിച്ചിട്ടുള്ളത്. നിർണ്ണായകമായ ഈ യോഗം നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ആകുമെന്ന് കരുതപ്പെടുന്നു.

അതേസമയം ഇന്ന് രാത്രി മുതൽ അടുത്ത തിങ്കളാഴ്ച രാവിലെ വരെ ഡൽഹിയിൽ കർഫ്യൂ ഏർപ്പെടുത്തിത്തിയിരിക്കുകയാണ്. കൊറോണ വൈറസ് കേസുകൾ റെക്കോഡ് നിലയിലേക്ക് ഉയരുന്നതിനിടയിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഈ തീരുമാനം. എല്ലാ സ്വകാര്യ ഓഫീസുകൾക്കും വീട്ടിൽ നിന്ന് പ്രവർത്തിക്കാമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ പ്രവർത്തിക്കേണ്ടതുള്ളൂ എന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യുകൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. കൂടാതെ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ പുതിയ 25,462 കൊവിഡ് കേസുകളുമായി ഡൽഹിയിൽ രോഗവ്യാപനം നിയന്ത്രണാതീതമാകുകയാണ്. അതായത് തലസ്ഥാനത്തു പരീശോധനക്ക് വിധേയമാകുന്ന എല്ലാ മൂന്നാമത്തെ സാമ്പിളുകളും പോസിറ്റീവ് ആയി മാറുന്നു.

അതിവേഗത്തിലാണ് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക് 2.73 ലക്ഷം ആണ്. 1,619 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 3.15 കോടി രോഗികളുമായി അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതും ഇന്ത്യയിലാണ്.

Next Story