Top

പ്ലസ് ടു കോഴക്കേസ്: ലീഗിന് ബന്ധമില്ലെന്ന് അബ്ദുള്‍ കരീം ചേലേരി; ‘പറയേണ്ടത് ഇ ഡി യോട് പറഞ്ഞിട്ടുണ്ട്’

നവംബര്‍ പത്തിന് ഹാജരാകാനാണ് അഴീക്കോട് എംഎല്‍എയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

21 Oct 2020 8:53 AM GMT

പ്ലസ് ടു കോഴക്കേസ്: ലീഗിന് ബന്ധമില്ലെന്ന് അബ്ദുള്‍ കരീം ചേലേരി; ‘പറയേണ്ടത് ഇ ഡി യോട് പറഞ്ഞിട്ടുണ്ട്’
X

അഴിക്കോട് സ്‌കൂള്‍ പ്ലസ് ടു കോഴക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കണ്ണൂര്‍ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരി. പറയേണ്ടത് ഇഡിയോട് പറഞ്ഞിട്ടുണ്ടെന്ന് ലീഗ് നേതാവ് കേന്ദ്ര ഏജന്‍സിയുടെ മൊഴിയെടുപ്പിന് ശേഷം പ്രതികരിച്ചു. കേസില്‍ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ മൊഴിയും ഇഡി എടുത്തിരുന്നു. വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് ഇ ഡി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

2014ല്‍ അഴീക്കോട് ഹൈസ്‌കൂളിന് ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതിന് എംഎല്‍എ കെഎം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നും ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണിതെന്നും പരാതിയുണ്ടായിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്റെ പരാതിയിലാണ് ഇഡിയുടെ അന്വേഷണം.

ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനുമായി കെ എം ഷാജി ഉള്‍പ്പെടെ 30ലധികം ആളുകള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. നവംബര്‍ പത്തിന് ഹാജരാകാനാണ് അഴീക്കോട് എംഎല്‍എയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണം അന്വേഷിക്കാനാണ് പാര്‍ട്ടി നേതാക്കളുടെ മൊഴിയെടുക്കുന്നത്. പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവിട്ടത് എങ്ങനെയൊക്കെ തുടങ്ങിയ കാര്യങ്ങള്‍ ഇഡി പ്രത്യേകം പരിശോധിക്കും. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും അന്വേഷണപരിധിയിലുണ്ട്. കോഴ വാങ്ങിയിട്ടില്ലെന്നും രാഷ്ട്രീയലക്ഷ്യത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നുമാണ് ഷാജിയുടെ വിശദീകരണം. ഇ ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണച്ചുമതല.

Next Story