പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റമില്ലാതെ തന്നെ നടത്തുമെന്ന് സര്‍ക്കാര്‍ തീരുമാനം; ഇന്ന് സുപ്രിംകോടതിയെ അറിയിക്കും
കൊവിഡ് വ്യാപന പശ്ചാത്തലത്തിലും സുരക്ഷിതമായി കേരളത്തിന് പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സാധിച്ചിരുന്നുവെന്ന് സംസ്ഥാനം ഇന്ന് കോടതിയെ അറിയിക്കും
22 Jun 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സെപ്തംബര്‍ ആറുമുതല്‍ 14 വരെ പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നുറപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ തീരുമാനം കേരളം ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന വാദമാണ് സര്‍ക്കാര്‍ സുപ്രിംകോടതിയ്ക്കുമുന്നില്‍ ഉന്നയിക്കുക. പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് അറിയിച്ചില്ലെങ്കില്‍ കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് മുന്‍പ് അറിയിച്ചിരുന്നു.
കൊവിഡ് വ്യാപന പശ്ചാത്തലത്തിലും സുരക്ഷിതമായി കേരളത്തിന് പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സാധിച്ചിരുന്നുവെന്ന് സംസ്ഥാനം ഇന്ന് കോടതിയെ അറിയിക്കും. സെപ്തംബര്‍ മാസമെത്തുമ്പോഴേക്കും കൊവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. കേരളത്തില്‍ സെപ്തംബര്‍ മാസത്തില്‍ എഴുത്തുപരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്നും സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും.
സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസ്സെസ്സ്മന്റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണ്‍ മാസത്തില്‍ നടത്തുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരുള്ളത്.ജൂണ്‍ 31ഓടെ പ്ലസ് ടു പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയ്ക്കുമുന്നില്‍ പറഞ്ഞിരുന്നു. പരീക്ഷ ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 15നും സെപ്തംബര്‍ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തുമെന്നും അറിയിപ്പുണ്ട്.