‘ഉമ്മന്‍ ചാണ്ടിയ്ക്ക് എന്ത് സ്ഥാനം കിട്ടിയാലും സന്തോഷം’; മുഖ്യമന്ത്രിപദം പങ്കുവെയ്ക്കല്‍ ചര്‍ച്ചപോലുമായിട്ടില്ലെന്ന് ചെന്നിത്തല; ‘വളച്ചൊടിക്കരുത്’
യുഡിഎഫ് അധികാരമേറ്റാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുമോയെന്ന ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദവി ടേം അനുസരിച്ച് വീതിയ്ക്കുമെന്ന വാര്‍ത്തകള്‍ ചെന്നിത്തല തള്ളിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയ്ക്ക് എന്ത് സ്ഥാനം കിട്ടിയാലും സന്തോഷം മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസോ യുഡിഎഫോ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാറില്ല. മുഖ്യമന്ത്രി പദവി ആര്‍ക്ക് എന്നതിനേ പറ്റി ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് മുല്ലപ്പള്ളിയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കുമൊപ്പം ഡല്‍ഹിയില്‍ […]

യുഡിഎഫ് അധികാരമേറ്റാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുമോയെന്ന ചോദ്യത്തിന് താന്‍ നല്‍കിയ മറുപടി മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദവി ടേം അനുസരിച്ച് വീതിയ്ക്കുമെന്ന വാര്‍ത്തകള്‍ ചെന്നിത്തല തള്ളിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയ്ക്ക് എന്ത് സ്ഥാനം കിട്ടിയാലും സന്തോഷം മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസോ യുഡിഎഫോ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാറില്ല. മുഖ്യമന്ത്രി പദവി ആര്‍ക്ക് എന്നതിനേ പറ്റി ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് മുല്ലപ്പള്ളിയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കുമൊപ്പം ഡല്‍ഹിയില്‍ എത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് യുക്തമായ തീരുമാനമെടുക്കും. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ആശയക്കുഴപ്പമുണ്ടാക്കുന്ന വാര്‍ത്തകള്‍ കൊടുക്കരുതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നിത്തലയുടെ പ്രതികരണം
ഞങ്ങള്‍ ഡല്‍ഹിയില്‍ വന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. അതില്‍ ശ്രീ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ഞാനും ഒറ്റക്കെട്ടാണ്. പാര്‍ട്ടിയില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഉമ്മന്‍ ചാണ്ടിയ്ക്ക് ഏത് സ്ഥാനം കിട്ടുന്നതിലും സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. ഞാനത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പാര്‍ട്ടിയും യുഡിഎഫും ഒരുമിച്ച് ഒറ്റക്കെട്ടായി പോകുന്ന സന്ദര്‍ഭമാണ്. മാധ്യമങ്ങളില്‍ മറിച്ചുവരുന്ന ഒരു വാര്‍ത്തയ്ക്കും പ്രാധാന്യമില്ല. അത് തെറ്റാണ്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ധാരാളമുണ്ട്. പക്ഷെ, വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വസ്തുതാപരമാകണം. ഞാന്‍ പറഞ്ഞത് ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്ന് മാത്രമാണ്. സാധാരണഗതിയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാറില്ല. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹൈക്കമാന്‍ഡിന്റെ യുക്തമായ നടപടിയുണ്ടാകും. അതല്ലാതെ കേരളത്തില്‍ ഒരു പ്രശ്‌നവുമില്ല. ശ്രീ ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും ഞാനും ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. ദയവായി ആശയക്കുഴപ്പമുണ്ടാക്കുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ പാടില്ല. ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല.
ചെന്നിത്തല മുന്‍പ് പറഞ്ഞത്
അധികാരത്തിലെത്തിയാല്‍ ഒരു ടേം താങ്കള്‍ക്കും ഒരു ടേം ഉമ്മന്‍ ചാണ്ടിയ്ക്കും എന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരുന്നുണ്ടോ?
തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകളാണ് നടന്നത്. അന്തരീക്ഷത്തില്‍ ചുമ്മാ അനാവശ്യമായ വാര്‍ത്തകള്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങളും നിങ്ങളും അടിച്ചിറക്കുന്നുണ്ട്. അത്തരം ഒരു ചര്‍ച്ചയുമില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തില്‍ യുഡിഎഫിനെ കൊണ്ടുവരിക എന്ന ദൗത്യമാണുള്ളത്.’