Top

‘ആദരാഞ്ജലികള്‍’ അട്ടിമറിയെന്ന് വീക്ഷണം; പഴി സിപിഐഎമ്മിന്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയുടെയും രാഷ്ട്രീയ പ്രാധാന്യത്തിന്റെയും തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. സിപിഎമ്മുമായി ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കെപിസിസി മുഖപത്രത്തില്‍ അട്ടിമറി ശ്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും പത്ര മാനേജ്മെന്റ് വീക്ഷണം ഓണ്‍ലൈനിലൂടെ അറിയിച്ചു. വീക്ഷണം വിശദീകരണം: യാത്രയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് ആശംസകള്‍ എന്നതിന് പകരം മറ്റൊരു വാക്ക് കടന്നുവന്നത്. പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ മാറ്റര്‍് അംഗീകാരം […]

31 Jan 2021 4:05 AM GMT

‘ആദരാഞ്ജലികള്‍’ അട്ടിമറിയെന്ന് വീക്ഷണം; പഴി സിപിഐഎമ്മിന്
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയുടെയും രാഷ്ട്രീയ പ്രാധാന്യത്തിന്റെയും തിളക്കം കെടുത്താന്‍ ആസൂത്രിത നീക്കമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. സിപിഎമ്മുമായി ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കെപിസിസി മുഖപത്രത്തില്‍ അട്ടിമറി ശ്രമം നടത്തുകയും ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും പത്ര മാനേജ്മെന്റ് വീക്ഷണം ഓണ്‍ലൈനിലൂടെ അറിയിച്ചു.

വീക്ഷണം വിശദീകരണം: യാത്രയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് ആശംസകള്‍ എന്നതിന് പകരം മറ്റൊരു വാക്ക് കടന്നുവന്നത്. പേജ് ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ മാറ്റര്‍് അംഗീകാരം നല്‍കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നത്. സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനമാണ് ചെയ്തു വരുന്നത്. പിഡിഎഫ് എടുക്കുന്നതിനിടയിലാണ് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പേജിലെ ആശംസകള്‍ എന്നത് മാറ്റി മറ്റൊരു വാക്ക് പകരം ചേര്‍ത്തത്. സപ്ലിമെന്റ് പേജുകള്‍ അവിടെ നിന്ന് നേരിട്ട് പ്രസ്സിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസ്സിലായത്. വീക്ഷണത്തിനെതിരെ സിപിഎമ്മിന് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. സിപിഎമ്മിനുവേണ്ടിയാണ് ഇത്തരമൊരു തരംതാണ വേല ചെയ്തത്. അംഗീകരിച്ച് വിട്ട മാറ്ററില്‍ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്പനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് മാനേജ്മെന്റ് കാണുന്നത്.

യാത്രയുടെ ശോഭ കെടുത്താന്‍ തലേ ദിവസം തന്നെ ദേശാഭിമാനിയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെടുത്തിയായിരുന്നു ഈ വ്യാജ വാര്‍ത്ത. ഇത്തരം വ്യാജ വാര്‍ത്ത നല്‍കിയതിന് പിന്നിലും കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പാര്‍ട്ടിയും പത്രവും ചൂണ്ടിക്കാട്ടി. അതേസമയം ദുരുദ്ദേശത്തോടെയാണ് ഡിടിപി ഓപ്പറേറ്റര്‍ പ്രസ്തുത തിരുത്ത് വരുത്തിയതെങ്കിലും പ്രയോഗപരമായി തെറ്റല്ലെന്ന അഭിപ്രായം ഭാഷാ വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്. ആദരവോടെയുള്ള കൂപ്പുകൈ എന്നര്‍ത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങള്‍ നടത്താറുള്ളത്. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഫൈനല്‍ പ്രൂഫിന് ശേഷം മാറ്ററില്‍ അത്തരമൊരു തിരുത്ത് വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായ് മുന്നോട്ടു പോകുമെന്നും ഉറപ്പിച്ചു പറയുന്നെന്നും വീക്ഷണം അറിയിച്ചു.

ഇന്നത്തെ വീക്ഷണം ദിനപത്രമാണ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. യാത്രയുടെ ഭാഗമായി പുറത്തിറക്കിയ വീക്ഷണത്തിന്റെ സപ്ലിമെന്റ് പേജിന്റെ പിന്‍പേജിലാണ് ആദരാഞ്ജലി പരാമര്‍ശം. ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളുടെ ഫോട്ടോകള്‍ക്ക് കീഴിലാണ് ആദരാഞ്ജലികളോടെ എന്ന് ചേര്‍ത്തിരിക്കുന്നത്.

ഇടതു സര്‍ക്കാരിന്റെ ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്നാണ് യുഡിഎഫ് പറയുന്നത്. തെരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്. രാജ്യവും സംസ്ഥാനവും നേരിടുന്ന ആനുകാലിക രാഷ്ട്രീയ വിഷയങ്ങളുടെ വിശദീകരണവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതികളും ജാഥയില്‍ തുറന്നു കാട്ടുമെന്ന് നേതാക്കള്‍ പറഞ്ഞു.

ജാഥ മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യു.ടി. ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, കെ.സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും.
യാത്ര ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

Next Story