
പാലാക്കാടുള്ള ഡിവൈഎഫ്‌ഐ പെണ്‍കുട്ടി പാര്‍ട്ടിയില്‍ ഉന്നയിച്ച ഒരു പരാതി അന്വേഷിക്കാനായി എന്നെ ഏല്‍പ്പിച്ചിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ഞാന്‍ ആദ്യമന്വേഷിച്ചത് ഇത് സംബന്ധിച്ച് നിങ്ങള്‍ക്ക് പൊലീസിലോ വനിതാ കമ്മീഷനിലോ പരാതിപ്പെടണമെങ്കില്‍ ആകാം എന്നായിരുന്നു താന്‍ പറഞ്ഞതെന്ന് പികെ ശ്രീമതി. പികെ ശ്രീമതിയുടെ പ്രതികരണം റിപ്പോര്‍ട്ടറിനോട്.
അതിന് മറുപടിയായി ആ കുട്ടി പറഞ്ഞത് ആരോപിതനായ എംഎല്‍എ തന്നോട് മോശമായി പെരുമാറി. അതിനി ആവര്‍ത്തിക്കാതിരിക്കണം. അതിനെ സംബന്ധിച്ച് അന്വേഷണം നിശ്ചയിച്ചിരുന്നു. അതുപ്രകാരം ആദ്യം അയാള്‍ അത് നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ഫോണിലൂടെ കുട്ടിയോട് അപമര്യാദയായി പെരുമാറിയത് ഞങ്ങള്‍ കണ്ട് പിടിച്ചു. ഞങ്ങളതെല്ലാം എടുത്തു. ഇപ്പോള്‍ ഈ പറലയുന്ന തീവ്രത എന്നുപറയുന്ന വാക്കുകളൊന്നും റിപ്പോര്‍ട്ടിലില്ല. അതൊക്കെ മാധ്യമ സൃഷ്ടിയാണ്. കൊറെയേറെ നാളുകളായി മാധ്യമങ്ങളുടെ സൃഷ്ടി പലതരത്തില്‍ ഉണ്ടാകുന്നുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു.
തനിക്ക് തോന്നുന്നത് തീവ്രത എന്ന് പറയുന്നത് ആര്‍എസ്സ്എസ്സുകാരോ മറ്റോ ഉണ്ടാക്കിയ പദമാണ്. അങ്ങനെയൊരു വാക്കേയില്ല റിപ്പോര്‍ട്ടില്‍. ആ റിപ്പോര്‍ട്ട് എന്റെ കയ്യിലുണ്ട് . എന്നാല്‍ ഞാനത് നിഷേധിക്കാന്‍ പോയിട്ടില്ല. കാരണം അതിനെ പറ്റി അന്വേഷിച്ച് ഞങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായിരുന്ന, കേരളം അറിയപ്പെടുന്ന ഒരു എംഎല്‍എ എന്ന നിലയില്‍ ആ സ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത ഫോണ്‍ സംഭാഷണം ഉണ്ടായെന്ന് മനസ്സിലാക്കി പാര്‍ട്ടി സെക്രട്ടറിയേറ്റ് സ്ഥാനത്ത് നിന്ന് മാത്രമല്ല, പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തന്നെ ഒരുവര്‍ഷത്തേക്ക് സസ്‌പ്പെന്‍ഡ് ചെയ്യുകയാണുണ്ടായതെന്ന് ശ്രീമതി വ്യക്തമാക്കി.
കേരളത്തില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് ഇത്തരത്തിലൊരു തെറ്റ് കണ്ടുപിടിച്ച് കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. തീവ്രതയെന്ന വാക്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ശാരീരിക പീഡനമുണ്ടായതായി പെണ്‍ക്കുട്ടി പരാതിപ്പെട്ടില്ല. ഞങ്ങള്‍ വീണ്ടും വീണ്ടും ചോദിച്ചതാണ് ആ പെണ്‍കുട്ടിയോട്. അപ്പോള്‍ ആ കുട്ടി പറഞ്ഞത് മറ്റൊരാള്‍ക്കും ഇയാളില്‍ നിന്നും ഇത്തരം ഒരു പെരുമാറ്റം ഉണ്ടാകരുത് എന്നായിരുന്നു. അത്തരം ഒരു പെരുമാറ്റം ഒരു നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അത്തരം ഒരു സമീപനം ഉണ്ടാവരുത്. അവിടെ തീവ്രതയെന്നോ, ലഘുവായിട്ടുള്ളതെന്നോ, ഗുരുതരമായിട്ടുള്ളതെന്നോ ഒന്നുമുണ്ടായിട്ടില്ല. തെറ്റ് നടന്നിട്ടുണ്ടെന്നാണ് ഞങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്നും പികെ ശ്രീമതി വ്യക്തമാക്കി.