ക്രിസ്മസ് ദിനത്തില്‍ താമരശേരി ബിഷപ്പിനെ കണ്ട് കുഞ്ഞാലിക്കുട്ടി; കരോള്‍ ഗാനം പാടി സാദിഖലി ശിഹാബ് തങ്ങള്‍
ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് നേതാക്കള്‍. പികെ കുഞ്ഞാലിക്കുട്ടി സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാവര്‍ഷവും കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ പള്ളിയില്‍ ക്രിസ്മസ് ദിനത്തിന്റെ ഭാഗമായി എത്താറുണ്ടെങ്കിലും ഇത്തവണ പള്ളിയിലെത്തിയ ബിഷപ്പുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പിന്നാലെ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നേരത്തെ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണവെ സാദിഖലി […]

ക്രിസ്മസ് ദിനത്തില്‍ താമരശ്ശേരി ബിഷപ്പിനെ സന്ദര്‍ശിച്ച് മുസ്ലിം ലീഗ് നേതാക്കള്‍. പികെ കുഞ്ഞാലിക്കുട്ടി സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാവര്‍ഷവും കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ പള്ളിയില്‍ ക്രിസ്മസ് ദിനത്തിന്റെ ഭാഗമായി എത്താറുണ്ടെങ്കിലും ഇത്തവണ പള്ളിയിലെത്തിയ ബിഷപ്പുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തുകയാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവന്ന തിരിച്ചടിക്ക് പിന്നാലെ ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നേരത്തെ മുസ്ലീം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണവെ സാദിഖലി ശിഹാബ് തങ്ങള്‍ കരോള്‍ ഗാനവും പാടി.
ക്രൈസ്തവ വിഭാഗങ്ങളില്‍ മുസ്ലീം സമുദായത്തിനെതിരെ അഭിപ്രായ വ്യതാസങ്ങള്‍ രൂപപ്പെട്ടത് തെരഞ്ഞെടുപ്പില്‍ പിന്നോട്ടടിക്ക് കാരണമായി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ലീഗിന്റെ ഈ നീക്കം.
ലീഗിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്.
യുഡിഎഫില്‍ മുസ്ലീം ലീഗ് അമിതമായി സ്വാധീനം ചെലുത്തുകയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ലീഗിന് കിട്ടുന്ന പരിഗണന ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല എന്ന പരിഭവവും പലതവണയായി പ്രകടമായിട്ടുള്ളതുമാണ്. സര്‍ക്കാരിന്റെ മുന്നോക്കക്കാരിലെ പിന്നോക്ക സംവരണത്തിനെതിരെ ലീഗ് മുന്നിട്ടിറങ്ങിയപ്പോളും ഈ രോഷം പ്രകടമായിരുന്നു.
ലൗ ജിഹാദ് വിഷയം, മുന്നോക്ക സംവരണത്തിലെ നയം, വെല്‍ഫെയര്‍ ബന്ധം, ഹാഗിയ സോഫിയ തുടങ്ങി മറ്റു വിഷയങ്ങളിലും ഇരു വിഭാഗത്തിനുനിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നതിനാല്‍ ഈ വിഷയങ്ങളും പരിഗണിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ അനുനയിപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമിക്കുമെന്നാണ് സൂചന.
സാമ്പത്തിക സംവരണത്തിനെതിരെ മുസ്ലിം ലീഗ് നേരത്തെ എടുത്ത നിലപാട് ക്രിസ്ത്യന്‍ സംഘടനകള്‍ക്കിടയിലുള്‍പ്പെടെ വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ലത്തീന്‍ കത്തോലിക്കാ സഭ മാത്രമാണ് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ മുന്നോക്ക സംവരണത്തിനെതിരെ പരസ്യമായി രംഗത്തു വന്നത്.
സാമ്പത്തിക സംവരണത്തില്‍ അസ്വസ്ഥയെന്തിനെന്നായിരുന്നു സീറോ മലബാര്‍ സഭ ചോദിച്ചത്.സ്വന്തം പാത്രത്തില്‍ കുറവുണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നായിരുന്നു ദീപിക പത്രത്തിലെ ലേഖനത്തില്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ചോദിച്ചത്. ഒപ്പം യാക്കോബായ സഭയും സാമ്പത്തിക സംവരണത്തിന് അനുകൂല നിലപാടാണ്.
സാമ്പത്തിക സംവരണം പൂര്‍ണമായും നടപ്പാക്കാന്‍ പറ്റില്ലെന്ന് ലീഗ് ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരുമായി ചര്‍ച്ച നടത്തുമെന്നും കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.