‘കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ ലീഗ് ഇടപെടില്ല’; എന്നാല്‍ അഭിപ്രായം പറയുമെന്ന് കുഞ്ഞാലിക്കുട്ടി
കോണ്‍ഗ്രസിലെ നേതൃമാറ്റത്തില്‍ മുസ്ലീംലീഗ് ഇടപെടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മുന്നണിയുടെ പൊതുആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഫലം മോശമല്ല. വോട്ടുകള്‍ ഭിന്നിച്ചു പോയതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമായത്. യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭാഗീയത സൃഷ്ടിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫിന്റെയും ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, […]

കോണ്‍ഗ്രസിലെ നേതൃമാറ്റത്തില്‍ മുസ്ലീംലീഗ് ഇടപെടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മുന്നണിയുടെ പൊതുആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഫലം മോശമല്ല. വോട്ടുകള്‍ ഭിന്നിച്ചു പോയതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമായത്. യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭാഗീയത സൃഷ്ടിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫിന്റെയും ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കെപിസിസിയില്‍ ഉടന്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന നിലപാട് ഹൈക്കമാന്‍ഡിനില്ല. ഇപ്പോള്‍ നേതൃമാറ്റം നടക്കുകയാണെങ്കില്‍ അത് പാര്‍ട്ടിയിലും മുന്നണിയിലും ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ സൃഷ്ടിക്കുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. തെരഞ്ഞെടുപ്പ് സമയത്തെ നേതൃമാറ്റം ഗുണം ചെയ്യില്ലെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ ഡിസിസി തലത്തില്‍ ചില ജില്ലകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. ഇരട്ട പദവി വഹിക്കുന്ന ജില്ലാ അധ്യക്ഷന്മാരെ മാറ്റാനാണ് നീക്കം. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകളാണ് അവ.
മധ്യകേരളത്തില്‍ നഷ്ടപ്പെട്ട മതന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. താരിഖ് അന്‍വര്‍ 27ന് സംസ്ഥാനത്തെത്തും. തുടര്‍ന്ന് നേതാക്കളുമായി ചര്‍ച്ച നടത്തി ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കും. വിവിധ സാമുദായിക സംഘടനകളുമായി ചര്‍ച്ച നടത്തി അവരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി പുതിയ സമിതിയെ കെപിസിസി നിയോഗിച്ചു. കെ മുരളീധരനെ കണ്‍വീനര്‍ ആക്കികൊണ്ടാണ് സമിതി രൂപീകരിച്ചത്. പിസി ചാക്കോ, കെവി തോമസ്, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടികുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവരടങ്ങുന്നതാണ് സമിതി.
സോഷ്യല്‍ ഗ്രൂപ്പുകളെ യുഡിഎഫിന് അനുകൂലമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ അണിനിരത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മുരളീധരന് ചുമതല. സോഷ്യല്‍ഗ്രൂപ്പുകളെ സമവായത്തില്‍ യുഡിഎഫിന് അനുകൂലമായി കൊണ്ടുവരണമെന്ന് പറഞ്ഞ നേതാവായിരുന്നു മുരളീധരന്‍. പിന്നാലെ അദ്ദേഹത്തെ തന്നെ കണ്‍വീനറാക്കി സമിതി രൂപീകരിക്കുകയായിരുന്നു.