Top

‘കൊലപാതകങ്ങള്‍ക്കെല്ലാം സാമ്യം, കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി വെട്ടി നുറുക്കുന്നു’; അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് കുഞ്ഞാലിക്കുട്ടി

പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ സംഘട്ടനമല്ല, കൊലപാതകങ്ങള്‍ക്ക് കാരണം. അടുത്തിടെയുണ്ടായ കൊലപാതകങ്ങള്‍ക്കെല്ലാം സാമ്യമുണ്ട്. കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി വെട്ടി നുറുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ഇപ്പോള്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎം പറയുന്നത് അനുസരിക്കുന്ന ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണ്. പൊലീസിനെ സ്വന്തം ആവശ്യത്തിന് സിപിഐഎം ഉപയോഗിക്കുകയാണ്. കേസില്‍ തുമ്പില്ലാതാക്കി തേയ്ചുമായ്ചു കളയാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഇപ്പോള്‍ നടക്കുന്ന അന്വേഷണം […]

9 April 2021 5:45 AM GMT

‘കൊലപാതകങ്ങള്‍ക്കെല്ലാം സാമ്യം, കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി വെട്ടി നുറുക്കുന്നു’; അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് കുഞ്ഞാലിക്കുട്ടി
X

പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ സംഘട്ടനമല്ല, കൊലപാതകങ്ങള്‍ക്ക് കാരണം. അടുത്തിടെയുണ്ടായ കൊലപാതകങ്ങള്‍ക്കെല്ലാം സാമ്യമുണ്ട്. കൊല്ലണമെന്ന് ഉറപ്പിച്ച് വെട്ടി വെട്ടി നുറുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേസില്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ഇപ്പോള്‍ നിയോഗിച്ച അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎം പറയുന്നത് അനുസരിക്കുന്ന ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണ്. പൊലീസിനെ സ്വന്തം ആവശ്യത്തിന് സിപിഐഎം ഉപയോഗിക്കുകയാണ്. കേസില്‍ തുമ്പില്ലാതാക്കി തേയ്ചുമായ്ചു കളയാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഇപ്പോള്‍ നടക്കുന്ന അന്വേഷണം സ്വീകാര്യമല്ല. മറ്റ് ഏജന്‍സികളെ ഏല്‍പിക്കുന്നതാണ് ഇതിലും ഭേദം. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമാധാനയോഗത്തില്‍ വിശ്വാസമില്ലാത്തതു കൊണ്ടാണ് മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനയോഗം വെറും ചടങ്ങായി മാറിയാല്‍ അതിന് സമയം കളയണോയെന്നും
കാര്യമുണ്ടെന്ന് തോന്നാതെ സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേസിലെ അന്വേഷണസംഘത്തെ മാറ്റണമെന്ന് കെ സുധാകരന്‍ എംപിയും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ അന്വേഷണം ഏറ്റെടുത്തിട്ടുള്ള ക്രൈംബ്രാഞ്ച് സംഘം സിപിഐഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങളാണെന്ന് സുധാകരന്‍ എംപി ആരോപിച്ചു. ഇതിനുള്ള തെളിവാണ് ഇത്ര ദിവസവായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഷുഹൈദ് വധകേസിന് സമാനമായ കൊലയാണ് ഇവിടേയും നടന്നത്. എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ല. നീതികിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. രണ്ട് പേര്‍ ഒഴിച്ചാല്‍ സിപിഐഎം ക്രിമിനല്‍ സംഘങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്. ഇതിന്റെ തലവന്‍ ഇസ്മയിലാണ്. സിപിഐഎം നേതാക്കളുടെ സന്തതസഹചാരിയാണ്. അന്വേഷണത്തെ വിശ്വസിക്കണോ. ഷുഹൈദ് കേസ്, ഷുക്കൂര്‍ കേസ്, ശരദ്ലാല്‍, കൃപേഷ് കേസുകള്‍ ഇതുപോലെയായിരുന്നു. നീതി തേടിപ്പിടിച്ചത് സുപ്രീംകോടതിയില്‍ പോയിട്ടാണ്. ഇതിലും അതാണ് സംഭവിക്കുക. പത്ത് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പറഞ്ഞിട്ട് ആരെയെങ്കിലും പൊലീസ് പിടികൂടിയിട്ടുണ്ടോ. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ പിടിച്ചുകൊടുത്ത പ്രതി മാത്രമാണ് കസ്റ്റഡിയില്‍. പ്രതി വളരെ സ്മാര്‍ട്ടായിട്ടാണ് പൊലീസിനൊപ്പം പോകുന്നത്. എന്നാല്‍ അവിടേയും ഇവിടേയും കെട്ടിടം പൊളിച്ചുവെന്ന് പറയുന്ന കേസില്‍ പിടിയിലായവര്‍ ചോരയൊലിച്ചിട്ടാണ് കോടതിയിലേക്ക് പോയത്.’ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേസിലെ പ്രതി ഷിനോസ് 14 ദിവസത്തെ റിമാന്‍ഡിലാണ്. കേസില്‍ 11 പേര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരേയും ഒരാള്‍ മാത്രമാണ് അറസ്റ്റിലായത്. 11 പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമി സംഘം ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെയാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല അക്രമം നടത്തിയതെന്നാണ് മൊഴി.

Next Story