Top

എആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന്; കുരുക്കി ആദായനികുതി വകുപ്പ്

ഹാഷിഖ് പാണ്ടിക്കടവത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും പ്രവാസി ബിസിനസുകാരനാണെന്നും രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

24 July 2021 11:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എആര്‍ നഗര്‍ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന്; കുരുക്കി ആദായനികുതി വകുപ്പ്
X

എആര്‍ സഹകരണബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കില്‍ നിന്നും കള്ളപ്പണമെന്ന കണ്ടെത്തലില്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതിലാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പണവുമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദായനികുതി വകുപ്പിന്റെ കോഴിക്കോട് അന്വേഷണവിഭാഗം എആര്‍ സഹകരണബാങ്കിന് നല്‍കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്ന 53 പേരുടെ പട്ടികയില്‍ ഒന്നാം പേരുകാരനാണ് ഹാഷിഖ് പാണ്ടിക്കടവത്ത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹാഷിഖ് പാണ്ടിക്കടവത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും പ്രവാസി ബിസിനസുകാരനാണെന്നും രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. എആര്‍ നഗര്‍ ബാങ്കിനെതിരായ നടപടി വൈകുന്നത് രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന് പരക്കെ ആക്ഷേപമുയരുന്നതിനിടെ പുറത്തുവരുന്ന ഈ വാര്‍ത്ത മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കുകയാണ്.

എന്നാല്‍ ബാങ്കിലുള്ള നിക്ഷേപം കള്ളപ്പണമല്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തുക മകന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിച്ചതാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. നേരായ വഴിയിലൂടെ മണി ട്രാന്‍സ്ഫര്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖകള്‍ ചാട്ടേര്‍ഡ് അക്കൗണ്ടന്റ് വഴി ആദായനികുതി വകുപ്പിന് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. മൂന്നരക്കോടി രൂപയുടെ സ്ഥിരനിക്ഷേപവും പലിശയിനത്തില്‍ ഒന്നരക്കോടി രൂപയുമാണുള്ളതെന്നാണ് ബാങ്ക് വൃത്തങ്ങള്‍ വഴി ലഭിക്കുന്ന വിവരം.

Next Story