Top

‘യുഡിഎഫിന്റെ അടിത്തറയായി നില്‍ക്കുന്ന വിഭാഗങ്ങളെ തമ്മിലടിപ്പിച്ചാല്‍ ലാഭമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതിയിരിക്കാം’; സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി

മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് ആര്‍ക്കും യാതൊരു എതിര്‍പ്പുമില്ലെന്നും അതിന് മറ്റൊരു സ്‌കീം കൊണ്ടുവരണമെന്ന് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.

15 July 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘യുഡിഎഫിന്റെ അടിത്തറയായി നില്‍ക്കുന്ന വിഭാഗങ്ങളെ തമ്മിലടിപ്പിച്ചാല്‍ ലാഭമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതിയിരിക്കാം’; സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി
X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിനുള്ള അനുപാതം പുനക്രമീകരിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് പികെ കുഞ്ഞാലിക്കുട്ടി. സച്ചാര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് ആര്‍ക്കും യാതൊരു എതിര്‍പ്പുമില്ലെന്നും അതിന് മറ്റൊരു സ്‌കീം കൊണ്ടുവരണമെന്ന് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. അനുപാതം പുനക്രമീകരിക്കുകവഴി ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ അതില്‍ നിന്നും രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാകാമെന്നും കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചു.

പികെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍:

ഇപ്പോള്‍ സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതായത് മറ്റെല്ലാ സംസ്ഥാനങ്ങളിലും കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം കേരളത്തില്‍ ഇല്ലാതായി. ന്യൂനപക്ഷം എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങള്‍ ഏത് വിഭാഗത്തിന് കൊടുക്കുന്നതിനും ആരും എതിരല്ല. പക്ഷേ സച്ചാര്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതാണ് വിഷയം. സര്‍വ്വകക്ഷി യോഗത്തില്‍ ഇത് ഞാന്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ മുഖ്യമന്ത്രി അത് ശ്രദ്ധിച്ചില്ലെന്നാണ് എനിക്ക് തോന്നുന്നത്. രണ്ടും രണ്ടായി കണ്ടാല്‍ മതി. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് പിന്നോക്കാവസ്ഥയുണ്ടെങ്കില്‍ അത് പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി നല്‍കണമായിരുന്നു. വളരെ ലളിതമായ സമവാക്യത്തില്‍ ഇത് ചെയ്യാവുന്നതേയുള്ളൂ. പിന്നോക്കാവസ്ഥ എന്ന മാനദണ്ഡം തന്നെ ഇവിടെ നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് ജനസംഖ്യാനുപാതികമായി നല്‍കപ്പെടുന്ന ആനുകൂല്യം മാത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ച് ചരിത്രപരമായ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ പിന്നോക്കാവസ്ഥ പഠിച്ച് ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന് പ്രഖ്യാപിച്ച ഒരു ആനുകൂല്യമാണിത്. പിന്നീട് പാലൊളിയെ വെച്ച് ഞങ്ങളത് നടപ്പിലാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന ഈ ആനുകൂല്യം ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഇല്ലാതാക്കിയിരിക്കുന്നു. അതാണിപ്പോള്‍ സംഭവിച്ചത്.

ഇതിനെ തുടര്‍ന്ന് ലീഗ് കൈക്കൊള്ളുന്ന നിയമനടപടികള്‍ കൂടിയാലോചിക്കേണ്ട വിഷയമാണ്. വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ഒരിടത്തും നടക്കാത്ത ഒരു കാര്യം ഇവിടെ കൊണ്ടുവന്നിട്ട് ഇത് ശരിയോ തെറ്റോ എന്ന് ഡിബേറ്റ് ചെയ്യിപ്പിക്കുകയാണ് കേരള സര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ കൊടുക്കുന്നത് ശരിയോ തെറ്റോ എന്ന ചര്‍ച്ചതന്നെ ആരോഗ്യകരമല്ല. സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ മറ്റ് വിഭാഗങ്ങള്‍ പോലും അംഗീകരിക്കുന്നതാണ്.

ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ അതില്‍ നിന്നും രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാകാം. പ്രധാനമായും യുഡിഎഫിന്റെ അടിസ്ഥാനമായി നില്‍ക്കുന്ന ജനവിഭാഗങ്ങളെ തമ്മിലിപ്പിച്ചാല്‍ ഗുണമുണ്ടോ എന്ന് സര്‍ക്കാര്‍ കരുതുന്നതായി സംശയമുണ്ട്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്കായി മറ്റൊരു സ്‌കീമെന്ന നിര്‍ദ്ദേശം സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും അംഗീകരിക്കുമായിരുന്നു. പക്ഷേ സര്‍ക്കാര്‍ അതിന് മുന്‍കൈ എടുത്തില്ല എന്നതാണ് വസ്തുത. കോടതി വിധി വന്നു. ഉടന്‍തന്നെ ചാടിക്കയറി അത് നടപ്പിലാക്കാനിരുന്നു. അതാണിവിടെ സംഭവിച്ചത്.

Next Story