Top

സുരേന്ദ്രനൊപ്പമെന്ന് കൃഷ്ണദാസും;’കുഴല്‍പ്പണക്കേസ് മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ പോലെ’

സുരേന്ദ്രന്‍ കേസില്‍പ്പെട്ടുവെന്നോര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിലിനുമൊക്കെ സന്തോഷം തോന്നിക്കാണും. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ അവരുടേയും ഗതി ഇത് തന്നെയാകുമെന്ന് മനസിലാക്കണമെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

8 Jun 2021 3:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരേന്ദ്രനൊപ്പമെന്ന് കൃഷ്ണദാസും;’കുഴല്‍പ്പണക്കേസ് മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ പോലെ’
X

പാര്‍ട്ടി ഒറ്റക്കെട്ടായി സംസ്ഥാന അധ്യക്ഷനൊപ്പമെന്ന ബിജെപി പ്രഖ്യാപനത്തിന് പിന്നാലെ കെ സുരേന്ദ്രന് പിന്തുണയറിയിച്ച് പികെ കൃഷ്ണദാസ് രംഗത്തെത്തി. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കൃഷ്ണദാസ് കോഴിക്കോട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന തിരക്കഥയ്ക്കനുസരിച്ചാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. കൊടകര കേസില്‍ പ്രതികളായവരെല്ലാം സിപിഐഎം ബന്ധമുള്ളവരാണ്. യുവമോര്‍ച്ച പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ആളും കേസുമായി ബന്ധപ്പെട്ട് പൊലീസ് നടപടി നേരിടുകയാണെന്ന് കൃഷ്ണദാസ് സൂചിപ്പിച്ചു.

പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ തയ്യാറാകാതെ വാദിയായ ധര്‍മ്മരാജന്റെ ഫോണ്‍ രേഖകള്‍ മാത്രമാണ് പൊലീസ് ഇപ്പോള്‍ പരിശോധിച്ചുവരുന്നതെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. കേസിന് പിന്നിലെന്താണെന്ന് അരിയാഹാരം കഴിക്കുന്ന മുഴുവന്‍ മലയാളികള്‍ക്കും മനസിലായിട്ടുണ്ട്. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കുന്നവരുടെ ഗതി ഇതായിരിക്കുമെന്ന സന്ദേശം നല്‍കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ കേസിലേക്ക് വലിച്ചിഴച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെപ്പോലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നു. സുരേന്ദ്രന്‍ കേസില്‍പ്പെട്ടുവെന്നോര്‍ത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പിലിനുമൊക്കെ സന്തോഷം തോന്നിക്കാണും. എന്നാല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ അവരുടേയും ഗതി ഇത് തന്നെയാകുമെന്ന് മനസിലാക്കണമെന്ന് കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Next Story