‘സികെ ജാനുവിനെ പണം കൊടുത്ത് മുന്നണിയിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ല’; പ്രതികരിച്ച് പികെ കൃഷ്ണദാസ്
പണം നല്കിയ വിവരം കൃഷ്ണദാസ് ഒരിക്കലും അറിയരുതെന്ന് സുരന്ദ്രന് പറഞ്ഞെന്ന് ആരോപിച്ചുകൊണ്ട് പ്രസീത ഒരു ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഇതിനോട് തല്ക്കാലം താന്‍ പ്രതികരിക്കുന്നില്ലെന്നാണ് കൃഷ്ണദാസ് പറഞ്ഞത്.
17 Jun 2021 2:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവ് വന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സികെ ജാനുവിനെ മുന്നണിയില്‍ കൊണ്ടുവരാന്‍ ബിജെപി പണം നല്‍കേണ്ട ആവശ്യമില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. ജാനു എന്‍ഡിഎയിലെത്തിയത് അവരുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോര്‍ ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പണം നല്കിയ വിവരം കൃഷ്ണദാസ് ഒരിക്കലും അറിയരുതെന്ന് സുരന്ദ്രന് പറഞ്ഞെന്ന് ആരോപിച്ചുകൊണ്ട് പ്രസീത ഒരു ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഇതിനോട് തല്ക്കാലം താന്‍ പ്രതികരിക്കുന്നില്ലെന്നാണ് കൃഷ്ണദാസ് പറഞ്ഞത്. ബിജെപിക്കുള്ളില്‍ പൊട്ടിത്തെറിയെന്നും പാര്‍ട്ടി പല തട്ടിലാണെന്നതും മാധ്യമങ്ങള്‍ സൃഷ്ടിച്ച വെറും പ്രചാരണങ്ങള്‍ മാത്രമെന്ന് കൃഷ്ണദാസ് പറഞ്ഞു. പ്രസീത പുറത്തുവിട്ട ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹര്‍ജി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. സ്ഥാനാര്‍ത്ഥിയാവാന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന പരാതിയില്‍ കേസെടുക്കണമെന്നാണ് കല്‍പ്പറ്റ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്‍ഡിഎയില്‍ ചേരാന്‍ സികെ ജാനു പണം ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) ട്രഷറര്‍ പ്രസീത അഴീക്കോടാണ് രംഗത്തെത്തിയത്. പത്തുലക്ഷം രൂപയാണ് സുരേന്ദ്രന് കൈമാറിയത്. എന്നാല്‍, ജാനു ആവശ്യപ്പെട്ടത് പത്തുകോടിയാണെന്നും പ്രസീത ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റുമായി പ്രസീത നടത്തിയ സംഭാഷണം ഉള്‍പ്പെടെ പുറത്ത് വിട്ടായിരുന്നു ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ സികെ ജാനു നിഷേധിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായി പത്രിക നല്കിയ കെ സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലില്‍ നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന് നല്കിയ പരാതിയിലാണ് കേസെടുത്തത്. ഇതില്‍ നടപടി പുരോഗമിക്കെയാണ് പുതിയ കേസ്.