
കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പദ്ധതികളുടെ ഉദ്ഘാടനം പ്രഖ്യാപിച്ചത് പരസ്യമായ പെരുനമാറ്റച്ചട്ടലംഘനമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
ഉദ്യോഗസ്ഥരോടൊപ്പമാണ് മുഖ്യമന്ത്രി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത ധര്‍മ്മടം എംഎല്‍എ കൂടിയായ മുഖ്യമന്ത്രി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കൃഷ്ണദാസിന്റെ ആരോപണം.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പിണറായി വിജയന് ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തില്‍ പ്രകടമാണെന്നും കേരളത്തില്‍ രേഖപ്പെടുത്തിയ കനത്ത പോളിംഗ് ശതമാനം അതിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.