’35 സീറ്റുകളില്‍ വിജയിക്കുമെന്ന് പറഞ്ഞ് കേന്ദ്ര നേതാക്കളെ പറ്റിച്ചു, കോടികള്‍ തട്ടി’; ഫിറോസിനും റഹീമിനുമിടയില് വിവി രാജേഷ് ‘കുടുങ്ങി’, സോഷ്യല്‍ മീഡിയ
സുരേന്ദ്രന്റെ ഓഡിയോ എഡിറ്റ് ചെയ്തതാണെന്ന് ആരോപിച്ച രാജേഷിനോട് അവതാരിക തെളിവ് ചോദിച്ചെങ്കിലും അദ്ദേഹം വിഷയം മാറ്റി.
4 Jun 2021 11:38 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉത്തരംമുട്ടി വിവി രാജേഷ്. സുരേന്ദ്രന്റെ ഓഡിയോ എഡിറ്റ് ചെയ്തതാണെന്ന് ആരോപിച്ച രാജേഷിനോട് അവതാരിക തെളിവ് ചോദിച്ചെങ്കിലും അദ്ദേഹം വിഷയം മാറ്റി. ജാനുവിന് പണം കൊടുത്തത് ആരെങ്കിലും കണ്ടോയെന്നാണ് പിന്നാലെ വിവി രാജേഷ് ചോദിച്ചു. സുരേന്ദ്രന്റെ ഓഡിയോ അല്ലെന്ന് നിഷേധിക്കാന്‍ രാജേഷ് തയ്യാറായതുമില്ല.
യഥാര്‍ത്ഥ കള്ളപ്പണക്കാര്‍ ബിജെപിയല്ലേ? രണ്ട് ജില്ലകളിലേക്കുള്ള അവസാന ദിവസം ചെലവഴിക്കാനുള്ള കോടികളാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. അപ്പോള്‍ സംസ്ഥാനത്ത് എത്ര കോടികള്‍ ഒഴുക്കിയിട്ടുണ്ടാവുമെന്ന് ആലോചിച്ചു നോക്കൂ. കൊള്ളസംഘമുണ്ട് ബിജെപിയില്‍. 35 സീറ്റില്‍ വിജയിക്കുമെന്ന് പറഞ്ഞ് ദേശീയ നേതൃത്വത്തെ പറ്റിച്ച് കോടികള്‍ ത്ട്ടിയെടുക്കുകയാണ് സുരേന്ദ്രന് ചെയ്തതെന്ന് രാജേഷിന് മറുപടിയായി സിപിഐഎം പ്രതിനിധി എഎ റഹീം പറഞ്ഞു. മാതൃഭൂമി ചര്‍ച്ചയിലായിരുന്നു സംഭവം
പികെ ഫിറോസ്
400 കോടി രൂപയൊക്കെ കേരളത്തിലേക്ക് കൊടുക്കണമെങ്കില്‍ കാര്യങ്ങള്‍ ദേശീയ നേതൃത്വത്തെ വിശ്വസിപ്പിച്ചെ മതിയാവൂ. പ്രതീക്ഷ നല്കാന് വേണ്ടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശവാദം ഉയര്‍ത്തിയത്. 35 സീറ്റ് ലഭിച്ചാല്‍ ഭരണം പിടിക്കാന്‍ കൂടുതല്‍ പണം നല്‍കും. ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും ഇത് നമ്മള് കണ്ടതാണെല്ലോ. കര്‍ണാടക അടക്കം നമ്മുടെ മുന്നില്‍ ഉദാഹരണമായി ഉണ്ട്. പണം കൊടുത്ത് കച്ചവടം ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളെന്ന് ബിജെപി ആധികാരിക സമ്മതിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിവി രാജേഷ് ചോദിച്ചല്ലോ എന്താണ് കുഴല്‍പ്പണ കേസില്‍ പങ്കുള്ളതെന്ന്.
പരാതി നല്കിയ ധര്മ്മരാജന് ആരാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വ്യക്തിയാണ് ധര്‍മ്മരാജനെന്ന് ഗണേഷന് മൊഴി നല്‍കിയതാണ്. ഇക്കാര്യം വാര്‍ത്തകളില്‍ വന്നു കഴിഞ്ഞതാണ്. ബിജെപി തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഏല്പ്പിച്ചൊരാള് എങ്ങനെയാണ് ഈ കുഴല്‍പ്പണ കേസിലേക്ക് വന്നത്. ഈ കുഴല്പ്പണക്കാരെയാണോ നിങ്ങള്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കുന്നത്.
എഎ റഹീം
രാജേഷ് ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുകയാണ്. കര്‍ത്തയെന്ന ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ മൊഴി കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത് എല്ലാം സുരേന്ദ്രന് അറിയാമെന്നാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് സാമഗ്രികളാണ് പണം. നമ്മുടെ തെരഞ്ഞെടുപ്പ് സാമാഗ്രികള്‍ നോട്ടീസും ബോര്ഡുകളുമൊക്കെയാണ് ബിജെപിയുടേത് കള്ളപ്പണവും. ബിജെപി ജില്ലാ പ്രസിഡന്റ് എന്തിനാണ് ഒരു തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പോലും കൊണ്ടുപോകാത്ത രണ്ടുപേര്‍ക്ക് മുറിയെടുത്ത് നല്‍കിയത്. അതിന് ഉത്തരം പറയട്ടെ. ഒരു കള്ലത്തെ പൊളിക്കാന്‍ മറ്റൊരു കള്ളം പറഞ്ഞാല്‍ എല്ലാം കൂടെ ഒന്നിച്ച് പൊളിയും.
രാജ്യത്തിന്റെ പൊതുമുതല്‍ വില്‍ക്കുന്നു. സമ്മാനങ്ങള്‍ നേരിട്ടു വാങ്ങുന്നു. ജനാതിപത്യ ഘടനയെ അട്ടിമറിക്കുന്ന നീക്കമാണ് ബിജെപിയുടേത്. തെരഞ്ഞെടുപ്പ് ബോണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. വിവി രാജേഷ് മാധ്യമങ്ങളോട് നിങ്ങളോട് ഉദാരത കാണിക്കുകയാണ്.
വി.വി രാജേഷ്
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച പണത്തിന്റെ കണക്ക് നല്‍കിയിട്ടുണ്ട്. നിങ്ങളാരാണ് ബിജെപിയോട് ഇക്കാര്യങ്ങള്‍ ചോദിക്കാന്‍(ക്ഷുഭിതനായി). എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ചെലവാക്കിയ പണത്തിന്റെ കണക്കും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പ്രതിക്കൂട്ടിലല്ല. നിങ്ങളാണ് പ്രതിക്കൂട്ടില്‍. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പിണറായി വിജയന്റെ കൈകളില്‍ നിന്നും പരസ്യവും വാങ്ങിച്ച്, സമയം മുഴുവന്‍ പിണറായി വിജയനും സിപിഐഎമ്മിനും എഴുതികൊടുത്തിരിക്കുന്ന മാധ്യമങ്ങളാണ് പ്രതിക്കൂട്ടില്‍.
അന്വേഷണത്തില്‍ എന്താണ് ഇതുവരെ കണ്ടെത്തിയത്. ബിജെപിയുടെ ഏതെങ്കിലും അംഗത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ബിജെപിയുടേതല്ല.