Top

‘സ്വര്‍ണ്ണക്കടത്തില്‍ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടില്ല’; ആരോപണ വിധേയനെ മുന്‍പേ പുറത്താക്കിയതാണെന്ന് പികെ ഫിറോസ്‌

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന കെടി സുഹൈല്‍ നിലവില്‍ പട്ടാമ്പിയിലെ വൈറ്റ് ഗാര്‍ഡ് ക്യാപറ്റാണെന്ന ആരോപണങ്ങളോടായിരുന്നു ഫിറോസിന്റെ പ്രതികരണം

1 July 2021 1:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സ്വര്‍ണ്ണക്കടത്തില്‍ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടില്ല’; ആരോപണ വിധേയനെ മുന്‍പേ പുറത്താക്കിയതാണെന്ന് പികെ ഫിറോസ്‌
X

സ്വർണക്കടത്തിൽ മുസ്ലീം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ ഒരു പ്രവർത്തകനും ഉൾപ്പെട്ടിട്ടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.ചേർപ്പുളശ്ശേരി സംഘത്തിൽ ഉൾപ്പെട്ടെന്ന് ആരോപിക്കുന്ന പട്ടാമ്പിയിലെ വൈറ്റ് ഗാർഡ് ക്യാപ്റ്റനെ നേരത്തെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് പുറത്താക്കിയതാണെന്നും ഫിറോസ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെയുള്ള പ്രചരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഫിറോസിന്റെ പ്രതികരണം.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന കെടി സുഹൈല്‍ നിലവില്‍ പട്ടാമ്പിയിലെ വൈറ്റ് ഗാര്‍ഡ് ക്യാപറ്റാണെന്ന ആരോപണങ്ങളോടായിരുന്നു ഫിറോസിന്റെ പ്രതികരണം. രാമനാട്ടുകാര സംഭവത്തെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അറസ്റ്റിലായവരും പിടികൂടാനുള്ളവരും ലീഗ്, ബിജെപി എന്നീ പാര്‍ട്ടിയില്‍ പെട്ടവരാണെന്ന് ബോധ്യപ്പെട്ടതായി ഇന്നലെ സിപിഐഎം നേതാവ് എം വി ജയരാജന്‍ ഇന്നലെ ആരോപണമുന്നയിച്ചിരുന്നു. .ലീഗ് പ്രവര്‍ത്തകനും വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനുമായ പട്ടാമ്പി സ്വദേശി കെ ടി സുഹൈല്‍ സ്വര്‍ണക്കടത്തു കേസില്‍ പിടികിട്ടാപ്പുള്ളിയാണ്. ഒപ്പം പട്ടാമ്പി സ്വദേശികൂടിയായ മറ്റൊരു വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍ സഫ്വാന്‍ ഒളിവിലാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗിന്റെ മറുപടി.

അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചെര്‍പ്പുളശേരി സംഘത്തില്‍ ലീഗ് നേതാവിന്റെ സാന്നിദ്ധ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുയരുകയായിരുന്നു. അര്‍ജുന്‍ ആയങ്കി പാര്‍ട്ടി സ്ഥാനമില്ലാത്ത സ്വയം പ്രഖ്യാപിത സൈബര്‍ സഖാവ് മാത്രമാണെന്നും മറുവശത്ത് ഔദ്യോഗിക പദവിയിലിരിക്കുന്ന ലീഗ് നേതാവാണ് ‘പൊട്ടിക്കല്‍’ സംഘത്തെ നയിച്ചതെന്നുമായിരുന്നു ആരോപണങ്ങള്‍. ഇതില്‍ വളരെ വൈകിയാണ് ഇപ്പോള്‍ യൂത്ത് ലീഗ് പ്രതികരണമറിയിച്ചിരിക്കുന്നത്.

Next Story