Top

ഉത്തരകേരളത്തിലെ ചെങ്കോട്ടകളില്‍ നിന്ന് പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ; പികെ ഫിറോസ്

ആന്തൂര്‍ നഗരസഭയിലെ ആറ് സീറ്റുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചതില്‍ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. പികെ ഫിറോസിന്റെ പ്രതികരണം പി ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്ന സംശയത്തിന്റെ പേരിലാണ് അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊമ്പതുകാരനെ സിപിഎമ്മുകാര്‍ കൊന്നുകളഞ്ഞത്. പാര്‍ട്ടിക്കോടതി ഷുക്കൂറിനെ വിചാരണ ചെയ്തതും ഒടുവില്‍ ജീവനെടുത്തതും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറ എന്ന പാര്‍ട്ടിഗ്രാമത്തിലായിരുന്നു. നൂറിലധികം വരുന്ന ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് വിചാരണയും വധശിക്ഷയും നടപ്പിലാക്കിയത്. ആ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ […]

20 Nov 2020 6:41 AM GMT

ഉത്തരകേരളത്തിലെ ചെങ്കോട്ടകളില്‍ നിന്ന് പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ; പികെ ഫിറോസ്
X

ആന്തൂര്‍ നഗരസഭയിലെ ആറ് സീറ്റുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചതില്‍ പ്രതികരിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് ഫിറോസിന്റെ പ്രതികരണം.

പികെ ഫിറോസിന്റെ പ്രതികരണം

പി ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്ന സംശയത്തിന്റെ പേരിലാണ് അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊമ്പതുകാരനെ സിപിഎമ്മുകാര്‍ കൊന്നുകളഞ്ഞത്. പാര്‍ട്ടിക്കോടതി ഷുക്കൂറിനെ വിചാരണ ചെയ്തതും ഒടുവില്‍ ജീവനെടുത്തതും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറ എന്ന പാര്‍ട്ടിഗ്രാമത്തിലായിരുന്നു. നൂറിലധികം വരുന്ന ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് വിചാരണയും വധശിക്ഷയും നടപ്പിലാക്കിയത്. ആ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ ഫയര്‍ ഫോഴ്‌സിലെ ജീവനക്കാരനായിരുന്നുവത്രെ. ചിലര്‍ അധ്യാപകരും! ജീവനുവേണ്ടി നിലവിളിച്ച ഷുക്കൂറിനെയും സുഹൃത്ത് സക്കരിയയെയും രക്ഷിക്കാന്‍ ആ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാളുടെ പോലും കൈകളോ നാവോ ഉയര്‍ന്നില്ല!


ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കൊലയാളി സംഘത്തിലെ കൊടിസുനിയും സഖാക്കളും ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞത് മുടക്കോഴിമല എന്ന പാര്‍ട്ടിഗ്രാമത്തിലാണ്. ഇതേ മുടക്കോഴിമലയില്‍ നിന്നുതന്നെയാണ് പിന്നീട് ഷുഹൈബിന്റെ കൊലയാളികളെയും പോലീസ് പിടികൂടിയത്. തിരച്ചിലില്‍ കണ്ടെടുക്കപ്പെട്ട സാധനങ്ങളില്‍ മദ്യക്കുപ്പികളും മയക്കുമരുന്നുകളും ശീട്ടുകെട്ടുകളും ഉണ്ടായിരുന്നവത്രെ! അവര്‍ക്ക് മുടങ്ങാതെ ഭക്ഷണമെത്തിച്ചുകൊടുക്കാന്‍ പാര്‍ട്ടി ഊഴമിട്ട് നിയോഗിച്ച സേവകരില്‍ സ്ത്രീകളുമുണ്ടായിരുന്നുവത്രെ!
പാര്‍ട്ടി വിതക്കുന്ന ഭയത്തിന്റെ നിഴലില്‍ നിശബ്ദരായും വിധേയരായും കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരാവുന്ന ജനങ്ങളുടെ നിസ്സഹായതയിലാണ് ഉത്തരകേരളത്തിലെ പല ഗ്രാമങ്ങളും ഉത്തര കൊറിയന്‍ മാതൃകയിലുള്ള പര്‍ട്ടിഗ്രാമങ്ങള്‍ കെട്ടിയുയര്‍ത്തപ്പെടുന്നത്. അവിടെ എതിരാളികളും വിമതരുമില്ല. എതിര്‍ശബ്ദങ്ങളും വിമര്‍ശനങ്ങളുമില്ല. പ്രതിപക്ഷ പാര്‍ട്ടികളില്ല. വോട്ടുചെയ്യാന്‍ രണ്ടാമതൊരു ചിഹ്നം പോലുമില്ല. അത്തരം ചെങ്കോട്ടകളിലാണ്, എതിരാളികളെ കൊന്നുതീര്‍ക്കാന്‍ നിയോഗിക്കപ്പെടുന്ന കൊലയാളി സംഘങ്ങള്‍ക്ക് തിന്നും കുടിച്ചും കൂത്താടിയും സസുഖം വാഴാന്‍ കഴിയുന്ന സുരക്ഷിതതാവളങ്ങള്‍ സിപിഎം ഒരുക്കുന്നത്. എന്നാല്‍, ജനാധിപത്യത്തിന്റെ കാറ്റേല്‍ക്കുന്തോറും ചെങ്കോട്ടകള്‍ കെട്ടിയുയര്‍ത്തിയ മണ്ണില്‍ നനവ് പടരാന്‍ തുടങ്ങുന്നുണ്ട്. അടിത്തറകള്‍ ഇളകാന്‍ തുടങ്ങുന്നുണ്ട്.


കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന മാര്‍ക്‌സിസ്റ്റുകളുടെ എണ്ണത്തില്‍ കാണുന്ന ഇടിവ് ജനാധിപത്യവിശ്വാസികള്‍ക്ക് നല്‍കുന്നത് ശുഭസൂചനകളാണ്. ആന്തൂര്‍ നഗരസഭ നിലവില്‍ വന്ന 2010 ല്‍ പലയിടത്തും എതിര്‍കക്ഷിക്കാരെ സിപിഎമ്മുകാര്‍ മല്‍സരിക്കാന്‍ അനുവദിച്ചിരുന്നില്ല. 2015 ല്‍ ‘എതിരില്ലാതെ’ തെരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം പതിനാലായി കുറഞ്ഞു. ഇത്തവണ അത് ആറായി ചുരുങ്ങി. സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസത്തോട് പൊരുതിനില്‍ക്കുന്ന ജനാധിപത്യം പാര്‍ട്ടി സര്‍വാധിപത്യത്തിന്റെ ചെങ്കോട്ടകളെ അതിജീവിക്കുക തന്നെ ചെയ്യും.


ഉത്തരകേരളത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന ബോള്‍ഷെവിക് റിപ്പബ്ലിക്കുകളുടെ പട്ടികയാണ് പി ജയരാജന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഉത്തര കൊറിയന്‍ സര്‍വാധിപതി കിം ജോംഗ് യുന്നിനെ മനസാ വാചാ കര്‍മണാ ആരാധിക്കുന്ന അധികാരഭക്തരായ സിപിഎം അണികള്‍ക്ക് ആഘോഷിക്കാന്‍ ഈ പട്ടിക മതി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാഠശാലയായും പരിശീലനക്കളരിയായും കാണുന്ന ബഹുസ്വര ജനാധിപത്യവാദികളായ മനുഷ്യര്‍ക്ക് സിപിഎമ്മിന്റെ ഹിംസാത്മക രാഷ്ട്രീയത്തെ തരിച്ചറിയാനും ഇതുതന്നെ മതി.


പാര്‍ട്ടിഗ്രാമങ്ങളില്‍ ‘എതിരില്ലാതെ ജയിച്ചവരുടെ’ പട്ടിക പുറത്തുവിടുമ്പോള്‍ പി ജയരാജന്‍ രാഷ്ട്രീയ കേരളത്തിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അണികള്‍ക്കും നല്‍കുന്ന സുവ്യക്തമായ ഒരു സന്ദേശമുണ്ട്. തെരഞ്ഞെടുപ്പുയുദ്ധത്തിന്റെ കാഹളം മുഴങ്ങിയപ്പോഴേക്കും സര്‍വസൈന്യാധിപനായ പാര്‍ട്ടി സെക്രട്ടറി പിന്തിരിഞ്ഞോടുകയും എണ്ണമില്ലാത്ത അഴിമതിക്കഥകള്‍ പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നെഞ്ചിടിപ്പ് കൂടുകയും ചെയ്യുമ്പോള്‍, ഇവിടെ ഈ ചെങ്കോട്ടകളില്‍ വിജിഗീഷുവായി താന്‍ നെഞ്ചുവിരിച്ച് തലയുയര്‍ത്തി നില്‍ക്കുന്നൂണ്ട് എന്നാണ് ആ സന്ദേശം.
ഉത്തരകേരളത്തിലെ ചെങ്കോട്ടകളില്‍ നിന്ന് പി ജയരാജന്റെ ആസന്നമായ പടയോട്ടം പിണറായി വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ!

Next Story