Top

‘സത്യമേവ ജയതേ’; ജലീലിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായി പി കെ ഫിറോസിന്റെ പരിഹാസം

ബന്ധു നിയമനത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയതിന് പിന്നാലെ പരിഹാസവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ജലീല്‍ നടത്തിയ ഫേസ്ബുക്ക് പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ഫിറോസിന്റെ പ്രതികരണം. ‘സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’ എന്ന ജലീലിന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് നേതാവ് ‘സത്യമേവ ജയതേ’ എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത്. കെ ടി ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്ന് […]

9 April 2021 9:06 AM GMT

‘സത്യമേവ ജയതേ’; ജലീലിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുമായി പി കെ ഫിറോസിന്റെ പരിഹാസം
X

ബന്ധു നിയമനത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയതിന് പിന്നാലെ പരിഹാസവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ജലീല്‍ നടത്തിയ ഫേസ്ബുക്ക് പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ഫിറോസിന്റെ പ്രതികരണം. ‘സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല’ എന്ന ജലീലിന്റെ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് യൂത്ത് ലീഗ് നേതാവ് ‘സത്യമേവ ജയതേ’ എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

കെ ടി ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്ന് ലോകായുക്ത വ്യക്തമാക്കിയതിന് പിന്നാലെ ആരോപണം വീണ്ടും വിവാദമായിരിക്കുകയാണ്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെടുകയുണ്ടായി.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെ ടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം. വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി.

പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധാര്‍മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം. ജലീലിനെ ഇതുവരെ സംരക്ഷിച്ചതും മുഖ്യമന്ത്രിയാണ്. അടുത്തകാലത്തൊന്നും ലോകയുക്ത ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചിട്ടില്ല. ഈ സര്‍ക്കാരിനെ മെയ് രണ്ടിന് ജനം പുറത്താക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Story