
കെ എം ഷാജി എംഎല്‍എയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച ഡിവൈഎഫ്ഐയ്ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ പത്രസമ്മേളനം ഒരു വലിയ തമാശയായിട്ടാണ് തോന്നിയതെന്ന് ഫിറോസ് പറഞ്ഞു. ഇക്കഴിഞ്ഞ നാലര വര്‍ഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോണ്‍ കാടുകളില്‍ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡിവൈഎഫ്ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഡിവൈഎഫ്ഐ നേതാവ് സ്വന്തം പാര്‍ട്ടി സെക്രട്ടറിയുടെയും അവരുടെ മക്കളുടെയും സ്വത്തു വിവരങ്ങളും ബെനാമി എടപാടും പുറത്ത് വിടാന്‍ ഒരുക്കമാണോ? അവരുടെ സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന് വ്യക്തമാക്കാന്‍ ഡിവൈഎഫ്ഐ തയ്യാറുണ്ടോ?
പി കെ ഫിറോസ്
കെ എം ഷാജി ഒരു വീടുണ്ടാക്കി എന്നതാണ് ഡിവൈഎഫ്ഐ കണ്ടു പിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രമക്കേടുണ്ട് മറ്റൊരു കണ്ടെത്തല്‍. കേരളം ഭരിക്കുന്ന സിപിഐഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും അത് പരിശോധിക്കട്ടെ. ഒരു അന്വേഷണ ഏജന്‍സിയുടെ മുമ്പിലും തലയില്‍ മുണ്ടിട്ട് കെ എം ഷാജിക്ക് പോകേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. മാത്രവുമല്ല മയക്കുമരുന്ന് ഇടപാടുകാരുമായി ബിസിനസ് പങ്കാളിത്തമുള്ളതും കെ എം ഷാജിക്കല്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.