‘തമ്മില്‍ കൂട്ടിമുട്ടിച്ച് ചോര കുടിച്ചാണ് തുടര്‍ഭരണം നേടിയത്’; മദ്രസാധ്യാപകന പെന്‍ഷനില്‍ പികെ അബ്ദുറബ്ബ്
യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് മുസ്ലിം വോട്ടുകള്‍ നേടാന്‍ പിണറായിപ്പെന്‍ഷനെന്ന് കൊട്ടിഘോഷിച്ചതിന്റെ കൂടി അനന്തരഫലമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്നതെന്നും അബ്ദുറബ്ബ് കുറിച്ചു.
9 Jun 2021 4:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം: മുട്ടനാടുകളെ തമ്മില്‍ കൂട്ടിമുട്ടിച്ച് ചോര കുടിക്കുന്ന കുറുക്കനെപ്പോലെയാണ് ഇത്തവണ ഇടതുപക്ഷം തുടര്‍ഭരണം നേടിയതെന്ന് പികെ അബ്ദുറബ്ബ്. മദ്രസാധ്യപകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരിക്കവെയാണ് മുന്‍ വിദ്യഭ്യാസ മന്ത്രിയുടെ വിമര്‍ശനം. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് മുസ്ലിം വോട്ടുകള്‍ നേടാന്‍ പിണറായിപ്പെന്‍ഷനെന്ന് കൊട്ടിഘോഷിച്ചതിന്റെ കൂടി അനന്തരഫലമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്നതെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
അബ്ദുറബ്ബിന്റെ പ്രസ്തവന
ഇടതുപക്ഷത്തിന്റെ വേദിയില്‍ സ്ഥിരമായി പ്രസംഗിക്കാറുള്ള ചില പണ്ഡിതന്‍മാരുണ്ട്. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കിലോ വെളുത്തുള്ളി പോലും സ്വന്തമായി വാങ്ങാന്‍ കഴിയാത്തവരാണ് കേരളത്തിലെ മദ്രസാധ്യാപകര്‍, അവര്‍ക്കാണ് പിണറായി സര്‍ക്കാര്‍ മാസം തോറും 5500 രൂപ ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടു വോട്ടിനു വേണ്ടി എന്തൊക്കെ പ്രചാരണങ്ങളായിരുന്നു ഈ നാട്ടില്‍! മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതു കേട്ട് ലീഗ് നേതാക്കള്‍ക്ക് ബോധം പോയി എന്നൊക്കെ പ്രസംഗിക്കുമ്പോള്‍ വരാനിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചൊന്നും അവരോര്‍ത്തു കാണില്ല. മഹല്ല് കമ്മിറ്റികള്‍ മാസ വരിസംഖ്യ പിരിവെടുത്തും, വളരെ തുച്ഛം തുക മാത്രം കുട്ടികളില്‍ നിന്നും ഫീസീടാക്കിയുമാണ് പല മദ്രസകളിലെയും ഉസ്താദുമാര്‍ക്ക് 1500ഉം 2000വുമൊക്കെ ശമ്പളമായി നല്‍കുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് മുസ്ലിം വോട്ടുകള്‍ നേടാന്‍ പിണറായിപ്പെന്‍ഷനെന്ന് കൊട്ടിഘോഷിച്ചതിന്റെ കൂടി അനന്തരഫലമാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്നത്.
മദ്രസാ പെന്‍ഷന്‍ മാത്രമല്ല, ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട 80:20 വിവാദവും അങ്ങനെ പെട്ടന്ന് പൊട്ടിമുളച്ചതാവാന്‍ വഴിയില്ല. രാഷ്ട്രീയമായും സാമൂഹ്യമായും ഉയര്‍ന്ന ബോധമുള്ള കേരളത്തിലെ മുസ്ലിംകളെ ശത്രുപക്ഷത്തു നിര്‍ത്താന്‍ വര്‍ഷങ്ങളായി നടക്കുന്ന ചില സാമുദായിക ഗൂഢാലോചനകളുടെ കൂടി ഫലമാണിത്. മുസ്ലിം വോട്ടു നേടാന്‍ ഒരു ഭാഗത്ത് ചില പണ്ഡിതന്‍മാരെ രംഗത്തിറക്കി തോന്നിയതൊക്കെ പ്രസംഗിപ്പിച്ച് കയ്യടി നേടുക. മറുഭാഗത്ത് മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്ന് മറ്റു സമുദായങ്ങള്‍ക്കിടയില്‍ ഏകോപനമുണ്ടാക്കാന്‍ വര്‍ഗീയ പ്രചാരണവും നടത്തുക!
മുട്ടനാടുകളെ തമ്മില്‍ കൂട്ടിമുട്ടിച്ച് ചോര കുടിക്കുന്ന കുറുക്കനെപ്പോലെയാണ് ഇത്തവണ ഇടതുപക്ഷം തുടര്‍ഭരണം നേടിയതെന്ന് സുതരാം വ്യക്തം. ‘മനുഷ്യനാകണം.. ‘ എന്ന മനോഹരമായ തെരഞ്ഞെടുപ്പു ഗാനമൊക്കെ വെറും അധരവ്യായാമമായിരുന്നുവെന്ന് കേരളം താമസിയാതെത്തന്നെ തിരിച്ചറിയും.