Top

‘പൂന്തേന്‍ കുടിക്കണ വണ്ടേ, നീ ചാണകം ഉരുട്ടുന്നതും കണ്ടേ’; നാടന്‍ പാട്ടും മാണി സാറിന്റെ കഥയുമായി സര്‍ക്കാരിനെ ട്രോളി പാലായില്‍ പിജെ ജോസഫ്

യുഡിഎഫിലെത്തിയ മാണി സി കാപ്പനെ ജോസഫ് സഹര്‍ഷം സ്വാഗതം ചെയ്തു.

14 Feb 2021 2:32 AM GMT

‘പൂന്തേന്‍ കുടിക്കണ വണ്ടേ, നീ ചാണകം ഉരുട്ടുന്നതും കണ്ടേ’; നാടന്‍ പാട്ടും മാണി സാറിന്റെ കഥയുമായി സര്‍ക്കാരിനെ ട്രോളി പാലായില്‍  പിജെ ജോസഫ്
X

യുഡിഎഫ് പ്രവേശനത്തിനായി മാണി സി കാപ്പന്‍ എത്തിച്ചേര്‍ന്ന പാലായിലെ യുഡിഎഫ് വേദിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി പിജെ ജോസഫ്. ജനങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ മറവില്‍ സര്‍ക്കാര്‍ ഭീമമായ കമ്മീഷന്‍ വാങ്ങുകയാണെന്നും അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നുമായിരുന്നു പിജെ ജോസഫിന്റെ പരിഹാസം. എന്ത് വികസനപ്രവര്‍ത്തനം നടത്തിയാലും ഭീമമായ തുക കമ്മീഷന്‍ ഇനത്തില്‍ കൈക്കലാക്കുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നതെന്നും ലൈഫ് മിഷന്‍ പദ്ധതി ഇതിന് ഉദാഹരണമാണെന്നും പിജെ ജോസഫ് പറഞ്ഞു.

പകലെല്ലാം പൂക്കളില്‍ നിന്ന് പൂന്തേന്‍ കുടിച്ചിട്ട് രാത്രിയില്‍ ചാണകക്കുഴികളില്‍ കറങ്ങിനടക്കുന്ന വണ്ടിനെ ഉപമയാക്കിക്കൊണ്ടാണ് പിജെ ജോസഫ് സര്‍ക്കാരിനെ പരിഹസിച്ചത്. പുറമേ നിന്ന് നല്ലതെന്ന് തോന്നുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും കമ്മീഷന്‍ പറ്റി സര്‍ക്കാര്‍ വണ്ടിനെപ്പോലെ ചാണകം ഉരുട്ടുകയാണെന്ന് പിജെ ജോസഫ് പരിഹസിച്ചു. നാടന്‍ പാട്ടിന്റെ രണ്ട് വരികള്‍ വേദിയില്‍ ആലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ചെന്താമരപ്പൂന്തേന്‍ കുടിക്കണ വണ്ടേ… കരിവണ്ടേ… നീ ചാണകം നീ ചാണകം ഉരുട്ടുന്നതും നമ്മള്‍ കണ്ടു…. എന്ന വരികള്‍ ജോസഫ് വേദിയില്‍ ആലപിച്ചു.

യുഡിഎഫിലെത്തിയ മാണി സി കാപ്പനെ ജോസഫ് സഹര്‍ഷം സ്വാഗതം ചെയ്തു. മധ്യതിരുവതാംകൂറിലെ ഈരാറ്റുപേട്ട, ാല ,വൈക്കം, ഏറ്റുമാനൂര്‍ കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ മുന്‍സിപ്പാലിറ്റികളില്‍ പാലാ ഒഴിച്ചെല്ലാ സീറ്റും യുഡിഎഫ് പിടിച്ചടക്കിയിരുന്നു. മാണി സി കാപ്പന്‍ കൂടി വന്നതോടെ പാലായും യുഡിഎഫിനൊപ്പം ചേര്‍ന്നതായി ജോസഫ് ഐശ്വര്യകേരള യാത്ര വേദിയില്‍പ്പറഞ്ഞു.

ഓരോ പ്രദേശത്തിനുമായി കോടികളുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ജോസഫ് കുറ്റപ്പെടുത്തി. കെഎം മാണി പറഞ്ഞ ഒരു കഥ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോസഫിന്റെ പരിഹാസം. സ്ത്രീധനത്തുക നല്‍കുമെന്ന് വാക്കുകൊടുത്തിട്ട് അത് നല്‍കാതിരിക്കുന്ന പെണ്ണുവീട്ടുകാരുടെ കഥ മാണി പറയുന്നത് പിജെ ജോസഫ് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ:

‘ഒരിടത്ത് ഒരു കല്യാണം ഉറപ്പിക്കല്‍ വേളയില്‍ പെണ്ണിന്റെ വീട്ടുകാര്‍ ചെക്കന്റെ വീട്ടുകാരോട് തങ്ങള്‍ സ്ത്രീധനമായി 100 പവനും പത്ത് ലക്ഷം രൂപയും തരുമെന്ന് വാക്കുകൊടുക്കുന്നു.
ചെറുക്കന്റെ വീട്ടുകാര്‍ ഇറങ്ങുന്നതിനുമുന്‍പ് ഈ പറഞ്ഞതല്ലാതെ ഒരു രൂപ പോലും ഞങ്ങള്‍ തരില്ലെന്നും പെണ്ണുവീട്ടുകാര്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. കല്ല്യാണം കഴിഞ്ഞിട്ടും ചെറുക്കന്റെ വീട്ടുകാര്‍ക്ക് സ്ത്രീധനത്തുക കിട്ടിയില്ല. സ്ത്രീധനക്കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു. അന്നേ ഞങ്ങള്‍ പറഞ്ഞതല്ലേ ഈ പറഞ്ഞതല്ലാതെ ഒരു രൂപ പോലും തരില്ലെന്ന്… ഈ കഥ പോലെയാണ് തോമസ് ഐസക്ക് 6000 രൂപ ഇടുക്കി പാക്കേജ് പ്രഖ്യാപിക്കുന്നത്… ‘.കഥ വിശദീകരിച്ചുകൊണ്ട് പിജെ ജോസഫ് പറഞ്ഞു. കേരളത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റ് കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയനുസരിച്ച് കിട്ടുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story