Top

‘കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ ഇറക്കും’; യുഡിഎഫില്‍ ഇങ്ങനെയെന്ന് പിജെ ജോസഫ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുപക്ഷ പ്രവേശം അടുത്തു നില്‍ക്കവെയാണ് പിജെ ജോസഫിന്റെ പ്രതികരണം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും സ്ഥാനാര്‍ഥികളുണ്ടാകും. അതിനോട് യുഡിഎഫില്‍ കോണ്‍ഗ്രസിനോ മറ്റ് ഘടകകക്ഷികള്‍ക്കോ എതിര്‍പ്പില്ലെന്നും പിജെ ജോസഫ് പറഞ്ഞു. തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം […]

11 Oct 2020 1:14 AM GMT

‘കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ ഇറക്കും’; യുഡിഎഫില്‍ ഇങ്ങനെയെന്ന് പിജെ ജോസഫ്
X

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതുപക്ഷ പ്രവേശം അടുത്തു നില്‍ക്കവെയാണ് പിജെ ജോസഫിന്റെ പ്രതികരണം.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും സ്ഥാനാര്‍ഥികളുണ്ടാകും. അതിനോട് യുഡിഎഫില്‍ കോണ്‍ഗ്രസിനോ മറ്റ് ഘടകകക്ഷികള്‍ക്കോ എതിര്‍പ്പില്ലെന്നും പിജെ ജോസഫ് പറഞ്ഞു.

തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മല്‍സരിച്ചത്. മറ്റ് സീറ്റുകളും ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. പേരും ചിഹ്നവും സംബന്ധിച്ച് കോടതിയില്‍ നടക്കുന്ന വാദങ്ങളില്‍ അന്തിമ വിധി അനുകൂലമാകുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ.

അതേസമയം, ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ എല്‍ഡിഎഫില്‍ പൊട്ടിത്തെറികളുണ്ടായേക്കുമെന്നാണ് സൂചന. പാല വിട്ടു നല്‍കില്ലെന്നും പൊരുതി നേടിയതാണെന്നും എന്‍സിപി നേതാവ് മാണി സി കാപ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ മാണിയല്ല എംഎല്‍എ. ആ വൈകാരിക ബന്ധം പറഞ്ഞ് ആരും വരേണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് ആര്‍ക്കുവേണമെന്നും അദ്ദേഹം ചോദിച്ചു.

‘മാണിസാറിന് പാലാ ഭാര്യയാണെങ്കില്‍ എന്നെ സംബന്ധിച്ച് അത് എന്റെ ചങ്കാണ്. അത് വിട്ടിട്ട് പോവുന്ന പ്രശ്‌നമില്ല. ഇവിടുത്തെ ജനങ്ങള്‍ എനിക്ക് തന്നതാണത്. എന്‍സിപി വിജയിച്ച മൂന്ന് സീറ്റുകളും വിട്ടുനല്‍കില്ല. അത് ചോദിക്കുന്നത് ശരിയല്ല. 15 വര്‍ഷത്തോളം അടുപ്പിച്ച് യുദ്ധം ചെയ്ത് വിജയിച്ചതാണ് ഞാന്‍’, അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ മാണിയുടെ വരവിനെക്കുറിച്ച് ചര്‍ച്ച നടക്കാത്തത് കൊണ്ട് എന്‍സിപി അതിനെക്കുറിച്ച് വിലയിരുത്തലുകളൊന്നും നടത്തിയിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ ഇടതുപക്ഷ മുന്നണിയില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് കെ മാണി ഇടതുപക്ഷ മുന്നണിയിലേക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. പക്ഷേ അത് ഞങ്ങളുടെ റെക്കോര്‍ഡില്‍ കിടക്കുന്ന സീറ്റെടുത്തിട്ട് വേണ്ട. അതിന് ഞങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്നെയേയോ പാര്‍ട്ടിയെയോ സംസ്ഥാന അധ്യക്ഷനെയോ മന്ത്രിയേയോ ആരുമായും ഇക്കാര്യം ആരും ചര്‍ച്ച ചെയ്തിട്ടില്ല. കഴിഞ്ഞ എല്‍ഡിഎഫ് യാഗത്തില്‍പോലും ഇങ്ങനെ ഒരു വിഷയം ചര്‍ച്ച ചെയ്തിട്ടില്ല’, മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Next Story