Top

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതോടെ പദ്ധതി നിലവിൽ വരും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് […]

18 July 2021 7:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
X

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10.30 ന് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പിങ്ക് പട്രോൾ സംഘങ്ങൾക്ക് നൽകിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതോടെ പദ്ധതി നിലവിൽ വരും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗാര്‍ഹികപീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു. വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്‍റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും സ്കൂള്‍, കോളേജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച മുതൽ പ്രവര്‍ത്തനസജ്ജമാകും.

ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവില്‍വരും.

വനിതാ സെല്ലുകളില്‍ നിലവിലുള്ള കൗണ്‍സലിംഗ് സംവിധാനം മികച്ച സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശക്തിപ്പെടുത്തും. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളിൽ ഫലപ്രദമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. പൊലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിര്‍ഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപകമാക്കുന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്.

ALSO READ: ‘തീരുമാനം തെറ്റ്’; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഐഎംഎ

Next Story