Top

‘ആ രേഖകള്‍ ഉടനെത്തണം’; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രി; പത്രസമ്മേളനത്തില്‍ അവതരിപ്പിക്കും

ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളും ഒഴിവുകളും സംബന്ധിച്ച വിവരങ്ങളും മുഖ്യമന്ത്രി തേടിയിട്ടുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

9 Feb 2021 5:40 AM GMT

‘ആ രേഖകള്‍ ഉടനെത്തണം’; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രി; പത്രസമ്മേളനത്തില്‍ അവതരിപ്പിക്കും
X

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ വകുപ്പ് തലവന്‍മാരോട് ഫയലുകള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന്റെ എല്ലാ വിവരങ്ങളും ഇന്ന് തന്നെ നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളും ഒഴിവുകളും സംബന്ധിച്ച വിവരങ്ങളും മുഖ്യമന്ത്രി തേടിയിട്ടുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കണക്കുകള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തശേഷം പത്രസമ്മേളനത്തില്‍ അവതരിപ്പിക്കും.

എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനമേള തന്നെയാണിപ്പോള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. ഇപി ജയരാജന്റെ ബന്ധുനിയമന വിവാദം മുതല്‍ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം വരെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും പിന്‍വാതില്‍ നിയമനവിവാദങ്ങളില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ണ്ണായക നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം യുഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് അക്കാലത്തെ പിന്‍വാതില്‍ നിയമനമാണെന്ന് രമേശ് ചെന്നിത്തല തന്നെ പറഞ്ഞിരുന്നു. ചാണ്ടിയുടെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അതുകൊണ്ടെല്ലാമാണ് ഞങ്ങളുടെ സര്‍ക്കാരിനെ ജനം തിരസ്‌കരിച്ചത്’ എന്ന മറുപടിയാണ് ഇന്ന് രമേശ് ചെന്നിത്തല നല്‍കിയത്.

Next Story