കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം: രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമെന്ന് മുഖ്യമന്ത്രി
ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും അദ്ദേഹം ഫേസ്ബൂക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരേ കർശനനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും അദ്ദേഹം ഫേസ്ബൂക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച്…
Posted by Pinarayi Vijayan on Tuesday, March 23, 2021
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രക്കിടെ മലായിളികള്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണ ശ്രമം. മതംമാറ്റം നിരോധന നിയമം ഉപയോഗിച്ച് കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കാനും ശ്രമം നടന്നു. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് പോവുന്നതിനിടെ യുപിയിലെ ഝാന്‍സിയില്‍ വെച്ചാണ് ആക്രമണ ശ്രമം നടന്നത്.
മാര്‍ച്ച് 19 നാണ് സംഭവം നടന്നത്. തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് കന്യാസ്ത്രീകളാണ്് ആക്രമണത്തിന് ഇരയായത്. ഒഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ സന്യാസിനിമാര്‍ കൂടെപ്പോയത്. പോസ്റ്റുലന്റ്‌സ് ആയിരുന്നതിനാല്‍ രണ്ട് പേര്‍ സാധാരണ വേഷത്തിലും മറ്റ് രണ്ട് പേര്‍ സന്യാസ വേഷത്തിലുമായിരുന്നു.
രണ്ട് പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടു പോവുന്നു എന്നാരോപിച്ച് ട്രെയിനിലുണ്ടായിരുന്ന ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ജന്‍മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്‍മാറിയില്ലെന്ന് സന്യാസിനിമാര്‍ പറയുന്നു.
മതംമാറ്റാന്‍ കൊണ്ടു പോവുന്നു എന്ന തെറ്റായ വിവരം നല്‍കി ബജ്‌റംഗള്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിളിച്ചു വരുത്തി. വനിതാ പൊലീസ് ഇല്ലാതെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും പൊലീസ് ബലമായി ഇവരെ പിടിച്ചിറക്കി. ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കന്യാസ്ത്രീകള്‍ പറയുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് മാറ്റവെ 150 ഓളം ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊലീസിനു പിന്നില്‍ ആര്‍പ്പുവിളികള്‍ നടത്തി. ഡല്‍ഹിയിലെ അഭിഭാഷകന്‍ കൂടിയായ വൈദികന്റെ സഹായത്തോടെയാണ് യുവ സന്യാസിനമാരെ മോചിപ്പിക്കാനായത്.