Top

‘എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിന് സംശയമുണ്ട്, സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ്’; തുറന്നടിച്ച് പിണറായി

ജനാധിപത്യത്തെ അട്ടിമറിക്കാനായി ബിജെപിയും യുഡിഎഫും അനുയായികളെ വില്‍ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

24 March 2021 12:52 AM GMT

‘എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ പൊതുസമൂഹത്തിന് സംശയമുണ്ട്, സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണ്’; തുറന്നടിച്ച് പിണറായി
X

എന്‍എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനേയും ഇടതുപക്ഷത്തേയും എന്‍എസ്എസ് തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന് പിണറായി പറഞ്ഞു. നാട്ടില്‍ അത്തരമൊരു പ്രതികരണമുണ്ടെന്ന് സുകുമാരന്‍ നായര്‍ മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എന്‍എസ്എസിനോട് തനിക്കോ സര്‍ക്കാരിനോ പ്രത്യേക പ്രശ്‌നങ്ങളില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിനെതിരായുള്ള ചില ഇടതുപക്ഷ നേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ലോകത്തുള്ള ബഹുഭൂരിപക്ഷ ജനങ്ങളും അവര്‍ ഏത് മതത്തില്‍പ്പെട്ടവരായാലും അവരുടെ വിശ്വാസത്തെയും ആചാരനുഷ്ഠാനങ്ങളെയും ജീവവായു പോലെയാണ് കരുതുന്നത്. അധികാരത്തിന്റെ തള്ളലില്‍ ഇത് മറന്നുപോകുന്നവര്‍ക്ക് അതിന്റേതായ തിരിച്ചടി ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രസാതാവന.

ജനാധിപത്യത്തെ അട്ടിമറിക്കാനായി ബിജെപിയും യുഡിഎഫും അനുയായികളെ വില്‍ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഒരിടത്ത് നിന്ന് വാങ്ങി അനുയായികളെ മറ്റൊരിടത്ത് വില്‍ക്കുന്ന നയമാണ് ഇരുപാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നെതെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യം ഉണ്ടാക്കിയതിന്റെ മുപ്പതാം വാര്‍ഷിക കാലമാണിത്. ഇന്നും അതേ വഴിയില്‍ത്തന്നെയാണ് കോണ്‍ഗ്രസും ബിജെപിയും ലീഗും നീങ്ങുന്നതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഇരട്ടവോട്ടിന് തെളിവുകള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ നിന്ന് തന്നെയാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്തും വിളിച്ച് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും പിണറായി- ബിജെപി ധാരണയെന്ന് പറയാന്‍ ഉമ്മന്‍ ചാണ്ടി ഇത്രയും ഉളുപ്പില്ലാത്ത നേതാവാണോ എന്നും പിണറായി ചോദിച്ചു.

Next Story