‘ഒരു കാര്യം കൂടി ഉറപ്പുതരാം, പരമ ദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ല’; മുഖ്യമന്ത്രി
ലോകവും രാജ്യവും ഏറ്റവുമധികം പ്രതിസന്ധി നേരിടുമ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ അതെല്ലാം ധീരമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മൂന്നാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.

മൂന്നാര്‍: രാജ്യത്തെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം കണക്കിലെടുത്താല്‍ കേരളമാണ് ഒന്നാമതെന്ന് തെളിയിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തുടര്‍ച്ചയായി പ്രതിസന്ധികളുണ്ടായിട്ടും അതെല്ലാം അതിജീവിക്കാന്‍ കേരളത്തിനായി. എന്ത് പ്രതിസന്ധിയുണ്ടായിട്ടും കേരളം പട്ടിണി കിടക്കേണ്ടി വന്നില്ല. ലോകവും രാജ്യവും ഏറ്റവുമധികം പ്രതിസന്ധി നേരിടുമ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ അതെല്ലാം ധീരമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മൂന്നാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.
ദുരിതസമയങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കേരളത്തിനായി. ഒരു കാര്യം കൂടി ഉറപ്പുതരാം പരമദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ല. അത്തരത്തില്‍ കേരളത്തെയാകെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തണം.
മുഖ്യമന്ത്രി
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. നാടിന്റെ യശസ് വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്.
കാര്‍ഷിക രംഗത്തെ അഭിവൃദ്ധിപ്പെടുത്താനും കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പദ്ധതികള്‍ ആവിഷ്കരിക്കാനും സര്‍ക്കാരിനായി. രാജ്യത്തെ കാര്‍ഷിക മേഖല വലിയ തകര്‍ച്ച നേരിടുമ്പോഴാണ് കേരളം വേറിട്ട പാതയിലൂടെ മുന്നേറുന്നത്. പട്ടയഭൂമിയടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ഇടതുപക്ഷമുന്നണി തീരുമാനിച്ചിരിക്കുകയാണെന്നും അതിനായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.