
ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനം കീഴാളരല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാര്‍ പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമം നടത്തുകയാണെന്നും ചിലരുടെ തിരക്കഥയ്ക്കനുസൃതമായാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയാകെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്. സര്‍ക്കാരിന്റെ അധികാരവും അഭിമാനവികസന പദ്ധതികളും ആര്‍ക്കുമുന്നിലും അടിയറവ് വെയ്ക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
ലൈഫ്മിഷന്‍, കെ ഫോണ്‍ പോലുള്ള കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ താറടിച്ചുകാണിക്കാന്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നും ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. ‘ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കെ ഫോണ്‍ പദ്ധതിയെ ഉള്‍പ്പെടെ തുരങ്കം വെയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കെ ഫോണ്‍ പാവങ്ങള്‍ക്കുള്ള പദ്ധതിയാണ്. എന്ത് വന്നാലും അത് നടപ്പിലാക്കും’. മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് തടയാന്‍ ശ്രമങ്ങള്‍ നടന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
പരിധിയും പരിമിതിയും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി അന്വേഷണം നീങ്ങുന്നത് ചിലര്‍ നിശ്ചയിക്കുന്ന വഴിയേയാണെന്ന് കുറ്റപ്പെടുത്തി. ‘അന്വേഷണത്തിന്റെ ഗതി ആദ്യം ചിലര്‍ നിശ്ചയിക്കുന്നു. പിന്നെ അന്വേഷണം ആ വഴിക്ക് നീങ്ങുന്നു. സര്‍ക്കാരിന്റെ പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താനാണ് ശ്രമം നടക്കുന്നത്. ചില പ്രത്യേക മൊഴികള്‍ സെലക്ടീവായി ചോരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നത് അധികാര പരിധിയ്ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളാണ്. ചില പ്രത്യേക അജണ്ടകളുടെ ഭാഗമായി ചില പ്രത്യേക മൊഴികള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു’. മുഖ്യമന്ത്രി പറഞ്ഞു.