‘ശബരിമല തിരിച്ചടിയാകുമോയെന്ന് ആശങ്കയില്ല, അന്തിമവിധി ഭക്തര്‍ക്ക് എതിരായാല്‍ ചര്‍ച്ച ചെയ്തശേഷമേ നടപ്പിലാക്കൂ’; നിലപാട് വ്യക്തമാക്കി പിണറായി
ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് നിരവധി തവണ വ്യക്തമാക്കിക്കഴിഞ്ഞിട്ടുള്ളതാണ് എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസും ബിജെപിയം ശ്രമിക്കുന്നതില്‍ ഇടതുപക്ഷത്തിന് യാതൊരു ആശങ്കയുമില്ലെന്ന് പിണറായി പറഞ്ഞു. ഭക്തരുടെ പൊതുവികാരത്തിന് എതിരാണ് ശബരിമല വിഷയത്തില്‍ കോടതിയുടെ അന്തിമവിധിയെങ്കില്‍ ശബരിമലയുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാ വിഭാഗം ജനങ്ങളുമായും കൂടിയാലോചിച്ച ശേഷമേ വിധി നടപ്പിലാക്കൂവെന്നും അതാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് നിരവധി തവണ വ്യക്തമാക്കിക്കഴിഞ്ഞിട്ടുള്ളതാണ് എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ശബരിമലയെ ബിജെപിയും കോണ്‍ഗ്രസും മുന്‍പും ഉപയോഗിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞടുപ്പിന്റെ സമയത്തും അവര്‍ അത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം മനസിലായി. യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയ്ക്കെതിരെ നല്കിയ പുനപരിശോധന ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ വിശാലബെഞ്ചിന്റെ വിധി കാത്തിരിക്കുകയാണ്. വിധി ഭക്തര്‍ക്ക് അനുകൂലമല്ലെങ്കില്‍ ചര്‍ച്ചകള്‍ക്കുശേഷമേ അത് നടപ്പിലാക്കൂവെന്നും പിണറായി വിജയന് പറഞ്ഞു.
സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നാണ് മനസിലാക്കുന്നതെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ടാണ് കേന്ദ്ര ഏജന്‍സികളെ തെറ്റായി ഉപയോഗിക്കാന്‍ ശ്രമിച്ചതെന്ന് ആരോപിച്ച മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി ഒന്നും നേടാമെന്ന് ആരും കരുതേണ്ടെന്നും മുന്നറിയിപ്പ് നല്കി. വേറൊന്നും പറയാനില്ലാതെ വന്നതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര ഏജന്‍സികളെ തെറ്റായി ഉപയോഗിക്കുന്നതെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.