പിണറായി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു; സര്‍ക്കാര്‍ രൂപീകരണത്തിനായി കത്ത് നല്‍കി
സിപിഐഎം, സിപിഐ, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, എന്‍സിപി, ജനാദാതള്‍ എസ്, എല്‍ജെഡി, ഇടത് സ്വതന്ത്രന്‍മാര്‍ എന്നിവര്‍ പിണറായി വിജയനെ പിന്തുണച്ച് കത്ത് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം: പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ഔദ്യോഗിക സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറി. നിലവില്‍ കാവല്‍ മുഖ്യമന്ത്രിയായി പിണറായി തുടരുകയാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം ഇരുപതിന് രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരിക്കും ചടങ്ങുകള്‍.
സിപിഐഎം, സിപിഐ, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, എന്‍സിപി, ജനാദാതള്‍ എസ്, എല്‍ജെഡി, ഇടത് സ്വതന്ത്രന്‍മാര്‍ എന്നിവര്‍ പിണറായി വിജയനെ പിന്തുണച്ച് കത്ത് നല്‍കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ പിണറായിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും.
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് സിപിഐഎമ്മില്‍ അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവിലെ വിവരം അനുസരിച്ച് സിപിഐക്ക് നാല് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കും. നിര്‍ണായകമായ വകുപ്പിലേക്ക് കേരളാ കോണ്‍ഗ്രസിനെയും പരിഗണിക്കുന്നുണ്ട്. തിങ്കളാഴ്ച്ച ചേരുന്ന യോഗത്തില്‍ ഇക്കാര്യം അന്തിമമായി തീരുമാനിക്കുമെന്നാണ് കരുതുന്നത്.