ജലീൽ ഉൾപ്പെടെ കഴിഞ്ഞ തവണ 13 മന്ത്രിമാർ, ഇത്തവണ സീറ്റ് കൂടിയിട്ടും 12 മന്ത്രിസ്ഥാനങ്ങൾ മാത്രം; ഘടക കക്ഷികൾക്കായി വിട്ടുവീഴ്ച്ച ചെയ്ത് സിപിഐഎം
മുന്നണി മര്യാദ പാലിക്കുന്നതിന്റെ ഭാഗമായി ഒരു മന്ത്രിസ്ഥാനം വിട്ടുനൽകുകയാണ് പാർട്ടി ചെയ്തത്. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുകളുണ്ടായതായി സൂചനകളൊന്നുമില്ല.

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഘടക കക്ഷികൾക്ക് വേണ്ടി സിപിഐഎം വിട്ടുവീഴ്ച്ച ചെയ്യുമെന്ന് സൂചന. കഴിഞ്ഞ തവണ കെടി ജലീലിന്റേത് ഉൾപ്പെടെ 13 മന്ത്രിസ്ഥാനങ്ങളാണ് സിപിഐഎമ്മിന് ലഭിച്ചത്. ജലീൽ സ്വതന്ത്രനാണെങ്കിലും സിപിഐമ്മിന്റെ പാളയത്തിലേക്ക് വരേണ്ട മന്ത്രിപദമാണ് അദ്ദേഹത്തിന് ലഭിച്ചത്. അത്തരത്തിൽ പരിശോധിക്കുമ്പോൾ 13 മന്ത്രിസ്ഥാനങ്ങൾ സിപിഐഎമ്മിന് തന്നെ കൈയടക്കമുള്ളതായിരുന്നു. ഒറ്റയ്ക്ക് ഭരിക്കാൻ ഏതാനും സീറ്റുകൾ കൂടെ മാത്രമെ സിപിഐഎമ്മിന് ഇത്തവണ വേണ്ടിയിരുന്നുള്ളു. 13നെക്കാൾ കൂടുതൽ മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാനും സിപിഐഎമ്മിന് സാധിക്കുമായിരുന്നു.
എന്നാൽ മുന്നണി മര്യാദ പാലിക്കുന്നതിന്റെ ഭാഗമായി ഒരു മന്ത്രിസ്ഥാനം വിട്ടുനൽകുകയാണ് പാർട്ടി ചെയ്തത്. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പുകളുണ്ടായതായി സൂചനകളൊന്നുമില്ല. കെ.ടി. ജലീലിനെ മാറ്റിനിർത്തിയാൽ വി. അബ്ദുറഹ്മാനെ ഇത്തവണ സിപിഐഎം പരിഗണിക്കുന്നുണ്ട്. മുന്നണിയിലേക്ക് ഇത്തവണ വന്ന പാർട്ടികൾക്ക് അർഹിച്ച സ്ഥാനങ്ങൾ നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. അതേസമയം കേരളാ കോൺഗ്രസ് രണ്ട് മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. അർഹതപ്പെട്ട പ്രാതിനിധ്യം കിട്ടുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.
അന്തിമ തീരുമാനം നാളത്തെ എൽഡിഎഫ് യോഗത്തിന് ശേഷമായിരിക്കും. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ചുനിന്നാൽ പ്രതിസന്ധിയുണ്ടാകും. നിലവിൽ സിപിഐയ്ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയുമാണ് നൽകുക. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രി, ചീഫ് വിപ്പ് എന്നിവ നൽകും. എൻസിപി, ജനതാദൾ എസ് പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. എൽജെഡിക്ക് മന്ത്രിയില്ല. സർക്കാർ രൂപികരിച്ചതിന് ശേഷം അർഹമായ പദവി നൽകാനാണ് തീരുമാനം. മന്ത്രിമാർ ആരൊക്കെയെന്നത് പിന്നീടാവും തീരുമാനിക്കുക.
സ്പീക്കർ സ്ഥാനത്തേക്ക് വീണാ ജോർജിനെ പരിഗണിക്കുന്നുണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്നാണ് സിപിഐഎമ്മിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി. ശിവൻകുട്ടി, സജി ചെറിയാൻ, വി.എൻ വാസവൻ, എം. ബി. രാജേഷ്, പി. നന്ദകുമാർ, സി.എച്ച്. കുഞ്ഞമ്പു എന്നിവർക്കും സാധ്യതയുണ്ട്.
മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. യുവജന സംഘടനാ മികവ് ഇരുവർക്കും അനുകൂല ഘടകമാണ്. വനം എൻസിപിയ്ക്കും ഗതാഗത വകുപ്പ് കെബി ഗണേഷ് കുമാറിനും നൽകിയേക്കും. ളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിനുമുൻപായി ഘടകക്ഷികളുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താൻ സിപിഐഎം ശ്രമം നടത്തിവരികയാണ്.