
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ മീറ്റ് ദി പ്രസില്‍ ആഞ്ഞടിച്ച് പിണറായി വിജയന്. ജനവികാരത്തെ അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നു വോട്ടെടുപ്പ് ദിനത്തില്‍ അദ്ദേഹത്തിന്റെ ആഹ്വാനമെന്നും എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് വോട്ട് ചെയ്തതെന്നും പിണറായി പറഞ്ഞു. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് ദിനത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സുകുമാരന്‍ നായര്‍ക്കുള്ള മറുപടി കൂടിയല്ലേ തെരഞ്ഞെടുപ്പ് ഫലമെന്ന് ചോദിച്ച മാധ്യമപ്രവര്ത്തകന് മറുപടിയായി ഇതെല്ലാം വ്യക്തമല്ലേ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. കേരളത്തില്‍ എല്ലായിടത്തും എല്‍ഡിഎഫ് അനുകൂല വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശത്തിന് കഴിയുമായിരുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വന്‍രീതിയിലുള്ള വോട്ടുക്കച്ചവടം നടത്തിയെന്നും പിണറായി ആരോപിച്ചു. കാണുന്നതിനേക്കാള്‍ വലിയ വോട്ടുക്കച്ചവടമാണ് നടന്നതെന്നും 90 മണ്ഡലങ്ങളിലെ കണക്കുകള്‍ നിരത്തി കൊണ്ട് പിണറായി പറഞ്ഞു.
”വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പോകുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപി വോട്ടു വാങ്ങലിലായിരുന്നു ഈ ആത്മവിശ്വാസം. ബിജെപി കൂട്ടുകെട്ട് വഴി വിജയിക്കാമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ഈ വോട്ടുക്കച്ചവടം കാരണമാണ് ചില സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചതും ചില സീറ്റില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും. 2016ലേതിനേകാള് 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത്രയും വലിയ വോട്ട് ചോര്‍ച്ച മുന്‍പ് നടന്നിട്ടില്ല.”
ബിജെപിയുടെ വോട്ട് ശതമാനത്തിലുണ്ടായും വലിയ കുറവാണ്. പത്തോളം സീറ്റില്‍ യുഡിഎഫ് വിജയം ബിജെപിയുടെ വോട്ടുകള്‍ മറിച്ചുകൊണ്ടാണ്. ഇല്ലെങ്കില്‍ യുഡിഎഫിന്റെ പതനത്തിന്റെ ആഘാതം കൂടുമായിരുന്നു. 2016 തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ ഭീമമായ രീതിയില്‍ എങ്ങനെ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വന്ന പുതിയ വോട്ടര്‍മാരുടെ വോട്ട് പാര്‍ട്ടി ലഭിക്കേണ്ടതാണ്. എന്തുകൊണ്ട് അവര്‍ക്കത് ലഭിച്ചില്ല. നാടിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ വോട്ടുചോര്‍ച്ച മുന്‍പ് ഉണ്ടായിട്ടില്ല. കണക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.