Top

‘കേന്ദ്രമന്ത്രി അക്രമത്തെ വെള്ളപൂശുന്നു, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന വാര്‍ത്തകള്‍ തെറ്റ്’; പിയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

മതനിരപേക്ഷ ശക്തികള്‍ ഇത്തരം അക്രമങ്ങളെ ചെറുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

30 March 2021 1:08 AM GMT

‘കേന്ദ്രമന്ത്രി അക്രമത്തെ വെള്ളപൂശുന്നു, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന വാര്‍ത്തകള്‍ തെറ്റ്’; പിയുഷ് ഗോയലിനെതിരെ മുഖ്യമന്ത്രി
X

യുപിയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ നടന്ന ആക്രമണത്ത തള്ളി രംഗത്തെത്തിയ കേന്ദ്ര റെയില്‍ വേ മന്ത്രി പിയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന ഗോയലിന്റെ വാദം തെറ്റാണെന്നും അക്രമത്തെ മന്ത്രി പരസ്യമായി വെള്ളപൂശുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് ആര്‍എസ്എസ് നടപ്പിലാക്കുന്നത്. കേന്ദ്രഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യവാദികള്‍ക്കും രക്ഷയില്ലെന്ന് മന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നുണ്ടെന്നും പിണറായി ആഞ്ഞടിച്ചു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്യാസ്ത്രീകള്‍ ആയതുകൊണ്ട് മാത്രമാണ് അക്രമം നടന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്തിനാണ് മതംമാറ്റുന്നുവെന്ന് പറഞ്ഞ് കന്യാസ്ത്രീകളെ തഞ്ഞുവെച്ചത്? മതനിരപേക്ഷ ശക്തികള്‍ ഇത്തരം അക്രമങ്ങളെ ചെറുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം ഒരുപാട് കുറയുമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത്തവണ നേമവും തിരിച്ച് പിടിക്കും. കേന്ദ്ര ഏജന്‍സികളുടെ കര്‍സേവയ്ക്ക് വെള്ളവും വെളിച്ചവും നല്‍കുന്നത് യുഡിഎഫാണ്. ബിജെപി വര്‍ഗ്ഗീയത മൊത്തമായി പ്രചരിപ്പിക്കുകയാണെങ്കില്‍ യുഡിഎഫ് അതിന്റെ റീട്ടെയില്‍ കച്ചവടമാണ് നടത്തുന്നത്. കോണ്‍ഗ്രസ് ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ അക്രമിക്കാന്‍ മാത്രമാണ് താല്‍പ്പര്യം കാണിക്കുന്നതെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ മുഖ്യമന്ത്രി തള്ളി. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും രാഷ്ട്രീയമായി എതിര്‍ക്കാറുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുകയെന്നതൊന്നും ഞങ്ങള്‍ സ്വീകരിക്കുന്ന നിലയല്ല. രാഷ്ട്രീയമായി എതിര്‍ക്കേണ്ട കാര്യങ്ങളിലൊക്കെ ഞങ്ങള്‍ എതിര്‍ക്കാറുണ്ട്. മറ്റ് തരത്തിലുള്ള രീതിയൊന്നും സ്വീകരിക്കാറില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

Next Story