Top

മാണി സി കാപ്പന്‍ അവസരവാദിയെന്ന് പിണറായി വിജയന്‍, ‘വഞ്ചകരെ ഒറ്റപ്പെടുത്തുക’; പണ്ട് ആനപ്പുറത്ത് കയറിയ കഥയില്‍പ്പെട്ടതാണെന്നും പരിഹാസം

കോട്ടയം: എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന മാണി സി കാപ്പനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പന്‍ സ്വന്തം പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചു. അവസരവാദികള്‍ക്ക് ജനം എല്ലാക്കാലത്തും ശിക്ഷ നല്‍കിയിട്ടുണ്ട്. പാലായില്‍ ഇത്തവണ അതുണ്ടാവുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പാലായില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. എല്‍ഡിഎഫിനോടൊപ്പം നിന്ന ഒരാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചിട്ട് എല്‍ഡിഎഫിനെത്തന്നെ നേരിടാന്‍ ഇവിടെ വന്നിരിക്കുന്നു. എല്ലാക്കാലത്തും അവസരവാദികള്‍ക്ക് ജനം അര്‍ഹമായ ശിക്ഷ […]

22 March 2021 3:16 AM GMT

മാണി സി കാപ്പന്‍ അവസരവാദിയെന്ന് പിണറായി വിജയന്‍, ‘വഞ്ചകരെ ഒറ്റപ്പെടുത്തുക’; പണ്ട് ആനപ്പുറത്ത് കയറിയ കഥയില്‍പ്പെട്ടതാണെന്നും പരിഹാസം
X

കോട്ടയം: എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്ന മാണി സി കാപ്പനെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാപ്പന്‍ സ്വന്തം പാര്‍ട്ടിയെയും ഇടതുമുന്നണിയെയും വഞ്ചിച്ചു. അവസരവാദികള്‍ക്ക് ജനം എല്ലാക്കാലത്തും ശിക്ഷ നല്‍കിയിട്ടുണ്ട്. പാലായില്‍ ഇത്തവണ അതുണ്ടാവുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പാലായില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. എല്‍ഡിഎഫിനോടൊപ്പം നിന്ന ഒരാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചിട്ട് എല്‍ഡിഎഫിനെത്തന്നെ നേരിടാന്‍ ഇവിടെ വന്നിരിക്കുന്നു. എല്ലാക്കാലത്തും അവസരവാദികള്‍ക്ക് ജനം അര്‍ഹമായ ശിക്ഷ കൊടുത്തിട്ടുണ്ട്. അത് കേവലമായ തെരഞ്ഞെടുപ്പിലെ പരാജയം മാത്രമല്ല, സമൂഹത്തില്‍ അവസരവാദികള്‍ ഒറ്റപ്പെട്ടുപോകാറുണ്ട്. എല്ലാ അവസരവാദികള്‍ ഉണ്ടായിട്ടുള്ള ഫലമതാണ്. എല്‍ഡിഎഫിനെയും പാര്‍ട്ടിയെയും വഞ്ചിച്ചുകൊണ്ട് എങ്ങോട്ടാണ് പോയത്?’, പിണറായി വിജയന്‍ പരിസഹിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി ആളുകള്‍ ആ കൂടാരം വിട്ട് മതനിരപേക്ഷതാ സംരക്ഷണത്തിനും മറ്റും എല്‍ഡിഫിനോടൊപ്പം നില്‍ക്കലാണ് നല്ലതെന്ന ബോധ്യത്തിലാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലെത്തിയത്. യഥാര്‍ത്ഥത്തില്‍ ഇത് കേരള കോണ്‍ഗ്രസ് മാത്രം സ്വീകരിക്കുന്ന നിലപാടല്ല. ഇവിടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കേണ്ടി വന്നവര്‍ക്കെല്ലാം ഇത്തരം ദുരനുഭവങ്ങളാണുണ്ടായിട്ടുള്ളത്. ഇന്നത്തെ വാര്‍ത്തയില്‍ നേമത്ത് കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയുണ്ട്. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന്. പിസി ചാക്കോയെ പോലെയുള്ള അഖിലേന്ത്യാ തലത്തില്‍ പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിനോട് സലാം പറഞ്ഞ് പിരിയുന്നു. ഒരു പാര്‍ട്ടിയുടെ സ്വഭാവം അതിന് നഷ്ടമായിരിക്കുന്നു. ജനാധിപത്യ സ്വഭാവം നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നവരെല്ലാം വിശ്വസിക്കാന്‍ പറ്റാത്തവരെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഉപേക്ഷിക്കുമ്പോഴാണ് ഇവിടെ ഒരു അവസരവാദി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് എന്റെ മികവ് കാണിച്ചുകളയും എന്ന് പറയുന്നത്. അത് പണ്ട് ആനപ്പുറത്ത് കയറിയ കഥയില്‍പ്പെട്ടതാണ്. ഇദ്ദേഹത്തിന്റെ മികവല്ല ഇവിടെ കണ്ടത്. എല്‍ഡിഎഫിന്റെ മികവായിരുന്നു അത്. ഇദ്ദേഹം ധരിച്ചത് ഇദ്ദേഹത്തിന്റെ മികവിന്റെ പിന്നാലെ അടിവെച്ചടിവെച്ച് എല്ലാവരും അണി നിരക്കുകയാണെന്നാണ്. അതിപ്പോള്‍ കാണാന്‍ പോവുകയാണ്. വഞ്ചനയ്ക്ക് ശരിയായ മറുപടി നല്‍കുക, അവസരവാദിയെ പൂര്‍ണമായും ഒറ്റപ്പെടുത്തുക’ പിണറായി ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ വിജയിച്ചത് ഇടതുമുന്നണിയുടെ മികവുകൊണ്ടാണ്. കഴിഞ്ഞ തവണത്തേത് കാപ്പന്റേതല്ല, ഇടതുമുന്നണിയുടെ വിജയമായിരുന്നെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Next Story