Top

“ഏജന്‍സികള്‍ ചിലര്‍ ആഗ്രഹിക്കുന്ന വഴിയേ നീങ്ങുന്നു, ചില മൊഴികള്‍ മാത്രം ചോരുന്നു”; ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നത് അധികാര പരിധിയ്ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളാണ്’. മുഖ്യമന്ത്രി പറഞ്ഞു.

2 Nov 2020 7:22 AM GMT

“ഏജന്‍സികള്‍ ചിലര്‍ ആഗ്രഹിക്കുന്ന വഴിയേ നീങ്ങുന്നു, ചില മൊഴികള്‍ മാത്രം ചോരുന്നു”; ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
X

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവഴി വിട്ടാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചിലര്‍ ആഗ്രഹിക്കുന്ന വഴിയേയാണ് അന്വേഷണം നീങ്ങുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചു. അന്വേഷണ ഏജന്‍സികളുടെ പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

സംസ്ഥാനസര്‍ക്കാര്‍ തന്നെയാണ് കേന്ദ്രത്തോട് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിലെ അന്വേഷണം പിന്നീട് വഴിമാറി. നിയമവഴി വിട്ടാണ് ഏജന്‍സികള്‍ സഞ്ചരിക്കുന്നത്. ഈ വഴി വിട്ട് ഏജന്‍സികള്‍ സഞ്ഡരിക്കുമ്പോളാണ് എവിടെ നീതിയെന്ന് ചോദിക്കേണ്ടിവരുന്നത്. മുന്‍ധാരണയോടെയാകരുത് ഒരിക്കലും കേസന്വേഷണം. ചില പ്രത്യേക മൊഴികള്‍ സെലക്ടീവായി ചോരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നത് അധികാര പരിധിയ്ക്ക് പുറത്തുള്ള പ്രവര്‍ത്തനങ്ങളാണ്. ചില പ്രത്യേക അജണ്ടകളുടെ ഭാഗമായി ചില പ്രത്യേക മൊഴികള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാനാണ് ചിലര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത്. അന്വേഷണ ഏജന്‍സികളുടെ പരിധിയും പരിമിതികളും ലംഘിക്കപ്പെടുന്നു.

അന്വേഷണത്തിന്റെ ഗതി ആദ്യം ചിലര്‍ നിശ്ചയിക്കുന്നു. പിന്നെ അന്വേഷണം ആ വഴിക്ക് നീങ്ങുന്നു. സര്‍ക്കാരിന്റെ പദ്ധതികളെ ഇരുട്ടില്‍ നിര്‍ത്താനാണ് ശ്രമം നടക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയെ ആകെ താറടിച്ചുകാട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ചില മൊഴികള്‍ മാധ്യമങ്ങളില്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണമെന്താണ്. ഇങ്ങനെയായാന്‍ ജനങ്ങള്‍ക്ക് വിശ്വാസമാണോ ഉണ്ടാകുക? അതോ അവിശ്വാസമോ? എന്തെങ്കിലും പുറത്തുവരുമോ എന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു എന്ന പ്രചരണം ശക്തമാകാന്‍ തുടങ്ങി.

ഇതൊരു കൊളോണിയല്‍ രീതിയാണ്. ഫെഡറല്‍ സംവിധാനത്തെത്തന്നെ തകര്‍ക്കുന്നതാണ്. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ആകെ പരിശോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാനാണ് ചിലര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നത്. ലൈഫ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത് തടയാന്‍ ശ്രമങ്ങള്‍ നടന്നു. സര്‍ക്കാരിന്റെ നയപരിപാടികല്‍ സര്‍ക്കാര്‍ തീരുമാനിക്കും. അത് അന്വേഷണ ഏജന്‍സികള്‍ തീരുമാനിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സര്‍ക്കാരിന്റെ അധികാരം ആര്‍ക്കുമുന്നിലും അടിയറവ് വെയ്ക്കാന്‍ തയ്യാറല്ല.

സര്‍ക്കാരിന്റെ ജനകീയ പദ്ധതികളെ തുരങ്കം വെയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നീക്കം നടത്തുന്നു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. കെ ഫോണ്‍ പദ്ധതിയെ ഉള്‍പ്പെടെ തുരങ്കം വെയ്ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കെ ഫോണ്‍ പാവങ്ങള്‍ക്കുള്ള പദ്ധതിയാണ്. എന്ത് വന്നാലും അത് നടപ്പിലാക്കും.

ഞങ്ങള്‍ ന്യായമായ അന്വേഷണത്തിനെതിരല്ല. പക്ഷേ ഇന്ന ആളെ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ഉദ്ദേശത്തോടെയുള്ള പ്രക്രിയ നടന്നാല്‍ അത് പിന്നെ അന്വേഷണമാകില്ല. ഈ യുദ്ധം ജനങ്ങള്‍ക്കും നാടിനുമെതിരാണ്. ഇത് മനസിലാക്കാന്‍ വേറെ അന്വേഷണം ഒന്നും വേണ്ട. ഇതില്‍ മാധ്യമങ്ങളുടെ പങ്കും വിലയിരുത്തും.

Next Story