Top

പികെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്ക് നയിച്ച ഭിഷഗ്വരൻ; മുഖ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. […]

10 July 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പികെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്ക് നയിച്ച ഭിഷഗ്വരൻ; മുഖ്യമന്ത്രി
X

തിരുവനന്തപുരം: ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു

പികെ വാര്യരയുടെ ഭരണ നൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോ​ഗതിയിലേക്കും ​ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ​ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്.

മതനിരപേക്ഷവും പുരോ​ഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രം​ഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യർ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വർഷം പി കെ വാര്യർ നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാൽസല്യങ്ങളോടെയുള്ള പരി​ഗണന എനിക്ക് നൽകിയിരുന്നു എന്നതും ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദ നവോത്ഥാനത്തിന് നേതൃത്വം നല്‍കി ലോക ശ്രദ്ധയിലേക്കെത്തിയ പി.കെ വാര്യര്‍ മലയാളിയെന്ന നിലയില്‍ കേരളീയരുടെ സ്വകാര്യ അഹങ്കാരം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അടുത്തിടെ നൂറാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹത്തിന്റെ വിയോഗം ആയുര്‍വേദ ചികിത്സാരംഗത്തിനും രാജ്യത്തിനും തീരാനഷ്ടമാണ്. ആയുര്‍വേദ ആചാര്യന്‍ എന്നതിലുപരി സ്വാതന്ത്ര്യസമരത്തിലും വിദ്യാര്‍ഥിയായിരിക്കെ പി.കെ വാര്യര്‍ പങ്കാളിയായിട്ടുണ്ട്. മഹാത്മഗാന്ധിയുടെ ആഹ്വാനം അനുസരിച്ച് 1942ലാണ് വാര്യര്‍ പഠനം ബഹിഷ്‌ക്കരിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഫാക്ടറി മാനേജറായി ഔദ്യോഗിക ജീവിതം ആരംഭിച്ച്, കേരളത്തിന്റെ ആയുര്‍വേദ സംസ്‌കൃതി ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ആയുര്‍വേദ ആചാര്യന്‍ എന്നനിലയിലാകും പി.കെ വാര്യരെ ചരിത്രം രേഖപ്പെടുത്തുക. പി.കെ വാര്യര്‍ എന്ന മഹാവൈദ്യന്റെ വിയോഗം ലോകത്തിനു തന്നെ തീരാനഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story