Top

‘ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളുടെ ദുര്‍ഗന്ധം സര്‍ക്കാരിന്റെ മേല്‍ എറിഞ്ഞു പിടിപ്പിക്കരുത്’; ശിവശങ്കറിന്റെ അറസ്റ്റില്‍ രാജിയാവശ്യം തള്ളി മുഖ്യമന്ത്രി

‘ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെതിരെ നടപടിയെടുത്തു. സ്വര്‍ണ്ണക്കടത്തു കേസില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല.’

29 Oct 2020 7:50 AM GMT

‘ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളുടെ ദുര്‍ഗന്ധം സര്‍ക്കാരിന്റെ മേല്‍ എറിഞ്ഞു പിടിപ്പിക്കരുത്’; ശിവശങ്കറിന്റെ അറസ്റ്റില്‍ രാജിയാവശ്യം തള്ളി മുഖ്യമന്ത്രി
X

തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകേസുമായ ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്ത പ്രതിചേര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. താന്‍ രാജിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കാമെന്ന ലക്ഷ്യം വിലപ്പോവില്ല. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ മേല്‍ കെട്ടിവെച്ച് അഴിമതിയുടെ ദുര്‍ഗന്ധം സര്‍ക്കാരിന്റെ മേല്‍ എറിഞ്ഞുപിടിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചുവാഴിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പ്രയാസമനുഭിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കലും നാടിന്റെ വികസനത്തിലെ ഉയര്‍ച്ചയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ തെറ്റായ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെതിരെ നടപടിയെടുത്തു. സ്വര്‍ണ്ണക്കടത്തു കേസില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല.

മുഖ്യമന്ത്രി

ക്ഷേമപദ്ധതികളെ തമസ്‌കരിക്കാമെന്നത് പ്രതിപക്ഷത്തിന്റെ വ്യാമോഹമാണ്. ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ട കാര്യമില്ല. ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല. വ്യക്തിപരമായ ഇടപാടുകളിലും സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. കേസിനെ വക്രീകരിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായ എല്ലാവരും വിശ്വസ്തരാണ്. അധികാരത്തില്‍ വരും മുമ്പ് ശിവശങ്കറിനെ തനിക്ക് പരിചയമില്ല. ശിവശങ്കറിനെ നിയമിച്ചത് സിപിഐഎമ്മല്ല. സ്വര്‍ണ്ണക്കടത്തുപ്രതിയുമായി ബന്ധമറിഞ്ഞപ്പോള്‍ ശിവശങ്കറിനെതിരെ നടപടിയെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ മാറ്റി. പ്രമോഷന്‍ കിട്ടിയപ്പോഴാണ് ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായത്. വിവിധ ചുമതലകളില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് നിയമനം. ഈന്തപ്പഴ വിതരണത്തില്‍ സര്‍ക്കാര്‍ തെറ്റൊന്നു ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story