Top

‘ലാവ്‌ലിന്‍ കേസില്‍ പിണറായി ജുഡീഷ്യറിയെ അട്ടിമറിച്ചു’; ജോസഫ് വാഴയ്ക്കന്‍

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ നീതി ന്യായവ്യവസ്ഥയെ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത രീതിയിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നതെന്ന് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു. ലാവ്‌ലിന്‍ കമ്പനിയേയും വൈസ് പ്രസിഡന്റിനേയും മാറ്റി നിര്‍ത്തി കേസ് വിഭജിച്ചതോടെ കേസ് മുന്നോട്ടുപോകാത്ത അവസ്ഥയായി. പിണറായി വിജയനെ ആ കേസില്‍ സഹായിച്ച പ്രധാനപ്പെട്ട വ്യക്തികളെല്ലാം കേരളത്തിലെ അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി ഇങ്ങനെ ഒരുപാട് പോസ്റ്റുകളില്‍ ഇരിപ്പുണ്ട്. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റാന്‍ ഉടക്ക് […]

24 Jan 2021 7:10 AM GMT

‘ലാവ്‌ലിന്‍ കേസില്‍ പിണറായി ജുഡീഷ്യറിയെ അട്ടിമറിച്ചു’; ജോസഫ് വാഴയ്ക്കന്‍
X

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ നീതി ന്യായവ്യവസ്ഥയെ അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത രീതിയിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നതെന്ന് ജോസഫ് വാഴയ്ക്കന്‍ ആരോപിച്ചു. ലാവ്‌ലിന്‍ കമ്പനിയേയും വൈസ് പ്രസിഡന്റിനേയും മാറ്റി നിര്‍ത്തി കേസ് വിഭജിച്ചതോടെ കേസ് മുന്നോട്ടുപോകാത്ത അവസ്ഥയായി. പിണറായി വിജയനെ ആ കേസില്‍ സഹായിച്ച പ്രധാനപ്പെട്ട വ്യക്തികളെല്ലാം കേരളത്തിലെ അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി ഇങ്ങനെ ഒരുപാട് പോസ്റ്റുകളില്‍ ഇരിപ്പുണ്ട്. കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റാന്‍ ഉടക്ക് അന്യായം കൊടുത്ത വക്കീല്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ജൂഡിഷ്യറിയിലെ വലിയൊരു പോസ്റ്റിലാണ് ഇരിക്കുന്നതെന്നും ജോസഫ് വാഴയ്ക്കന്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

ജഡ്ജിമാരെ സ്വാധീനിക്കാന്‍ പിണറായി വിജയനാണോ മറ്റാരെങ്കിലുമാണോ ഇടപെട്ടതെന്ന് അറിയില്ല. പക്ഷെ, അതിനേക്കുറിച്ച് അന്തരീക്ഷത്തില്‍ ഒരുപാട് കഥകളുണ്ട്. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കുന്ന പല ഇടപാടുകളും അതിനകത്ത് ഉണ്ടായിട്ടുണ്ട് എന്നുതന്നെയാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്.

ജോസഫ് വാഴയ്ക്കന്‍

ജോസഫ് വാഴയ്ക്കന്റെ പ്രതികരണം

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരന്‍ അല്ലെന്ന വിജിലന്‍സ് കണ്ടെത്തി റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവസാനത്തെ ആഴ്ച്ചയാണ് സിബിഐയ്ക്ക് കേസ് വിട്ടുകൊണ്ട് വിജ്ഞാപനമിറക്കിയത്. അതിന് സമാനമായിട്ടുള്ള രീതിയിലാണോ പിണറായി വിജയന്‍ തിരിച്ചടിച്ചിരിക്കുന്നത്?

എന്ന് പറയാനാവില്ല. അതില്‍ സിബിഐ അന്വേഷണം നടത്തി പിണറായി വിജയനെ പ്രതിയായി കണ്ടെത്തുകയൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് നമുക്ക് അറിയാമല്ലോ ജുഡീഷ്യറിയില്‍ നടത്തിയ അട്ടിമറിയൊക്കെ. അതിന്റെ ഭാഗമായിട്ടാണല്ലോ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിരിക്കുന്നത്. ഇതുവരെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത രീതിയില്‍.

ജുഡീഷ്യറിയില്‍ നടത്തിയ അട്ടിമറികൊണ്ടാണോ പിണറായി അതില്‍ പ്രതിയല്ലെന്ന തരത്തില്‍ കോടതി വിലയിരുത്തിയത്?

കോടതി അതിന്റെ മെറിറ്റിലേക്ക് പോയില്ലല്ലോ. കോടതി അതില്‍ യഥാര്‍ത്ഥ പ്രതികളായിട്ടുള്ള ലാവ്‌ലിന്‍ കമ്പനിയേയും അതിന്റെ വൈസ് പ്രസിഡന്റിനേയുമൊക്കെ കേസില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ട് കേസ് വിഭജിക്കുകയാണ് ചെയ്തത്. അതോടുകൂടിയല്ലേ ആ കേസിന് നിലനില്‍പില്ലാതെ വന്നത്.

ജഡ്ജിമാരെ സ്വാധീനിക്കാന്‍ പിണറായി വിജയനാണോ മറ്റാരെങ്കിലുമാണോ ഇടപെട്ടതെന്ന് അറിയില്ല. പക്ഷെ, അതിനേക്കുറിച്ച് അന്തരീക്ഷത്തില്‍ ഒരുപാട് കഥകളുണ്ട്. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കുന്ന പല ഇടപാടുകളും അതിനകത്ത് ഉണ്ടായിട്ടുണ്ട് എന്നുതന്നെയാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്.

പലരൂപത്തില്‍ ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ പറ്റും. ആ കേസിന്റെ നാള്‍വഴികളില്‍ പല തരത്തിലുള്ള ഇടപെടലുകള്‍. ഇപ്പോള്‍ വളരെ പ്രധാനപ്പെട്ട ആ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെ ആ കേസില്‍ സഹായിച്ച പ്രധാനപ്പെട്ട വ്യക്തികളെല്ലാം കേരളത്തിലെ അഡ്വക്കേറ്റ് ജനറല്‍, സ്റ്റേറ്റ് അറ്റോര്‍ണി ഇങ്ങനെ ഒരുപാട് പോസ്റ്റുകളില്‍ ഇരിപ്പുണ്ട്. അവരെയൊക്കെ ഏതൊക്കെ തരത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്, ഒടക്ക് അന്യായം കൊടുത്തിട്ടുള്ള ഒരു വക്കീലിനെ വരെ, എന്നുവെച്ചാല്‍ ഒരു കേസ് ഒരു ബെഞ്ചില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി ആ ജഡ്ജിയുമായി ബന്ധമുള്ള ഒരു വക്കീലിനെ കൊണ്ട് ഒരു കേസ് കൊടുപ്പിച്ച്, ആ കേസ് ആ ബെഞ്ചില്‍ നിന്ന് മാറ്റാന്‍ വേണ്ടി ഉപയോഗിച്ച ഒരു വക്കീലുണ്ട്. ഒരു ഉടക്ക് അന്യായം വെച്ച്. അദ്ദേഹം കേരളത്തില്‍ ഇന്ന് സര്‍ക്കാര്‍ കൊടുത്തിരിക്കുന്ന, ജുഡീഷ്യറിയിലെ വളരെ പ്രധാനപ്പെട്ട പോസ്റ്റില്‍ ഉദ്യോഗസ്ഥനായി ഇന്ന് ഇരിക്കുന്നുണ്ട്. ആരാണെന്ന് ഞാന്‍ പറയുന്നില്ല. ഇത്തരത്തിലുള്ള ഒരുപാട് നാടകങ്ങളൊക്കെ അതിന് പിന്നില്‍ നടന്നിട്ടുണ്ട്.

ആദ്യം വിജിലന്‍സില്‍ കുറ്റക്കാരനല്ലായെന്ന് പറഞ്ഞു. പിന്നീട് വിചാരണക്കോടതി കുറ്റക്കാരന്‍ അല്ലെന്ന് പറഞ്ഞു. പിന്നീട് ഹൈക്കോടതി കുറ്റക്കാരന്‍ അല്ലെന്ന് വിധിച്ചു. സുപ്രീം കോടതി പോലും ‘ഇത് രണ്ട് കോടതികള്‍ വിട്ട കേസാണ്. ഇനിയെന്തെങ്കിലും മെറിറ്റ് പുതുതായി കൊണ്ടുവന്നാല്‍ മാത്രമെ പരിഗണിക്കാന്‍ കഴിയൂ’ എന്ന് പറഞ്ഞ് നില്‍ക്കുകയാണ്?

കുറ്റക്കാരന്‍ അല്ല എന്നല്ല കോടതി പറഞ്ഞിരിക്കുന്നത്. ആ കേസ് രണ്ടായി വിഭജിക്കുമ്പോഴേക്കും അതിന് യഥാര്‍ത്ഥത്തില്‍ പണം കൊടുത്തു എന്ന് പറയുന്നതും ഒപ്പിട്ടു എന്ന് പറയുന്നതുമായ ആളെ കൂടെ കൊണ്ടുവരാതെ, നിയമത്തിന് മുന്നില്‍ ക്രോസ് വിസ്താരം നടത്താന്‍ കഴിയാത്തതുകൊണ്ടാണ് ആ കേസ് മുന്നോട്ടുപോകാത്തത്. പിണറായി കുറ്റക്കാരന്‍ അല്ലെന്നല്ല കണ്ടെത്തിയത്. അവരെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ്. ബന്ധപ്പെടാന്‍ കഴിയുന്ന ആള്‍ ഈ കേസിലേക്ക് വന്നില്ലല്ലോ. അവരെ കേസ് വിഭജിച്ച് മാറ്റി നിര്‍ത്തിയേക്കുകയല്ലേ. കോണ്‍ഗ്രസ് അല്ല. വി എസ് അച്യുതാനന്ദനായിരുന്നല്ലോ ഈ കേസില്‍ ഇടപെട്ടത്.

സോളാര്‍ സംരംഭകയുടെ ലൈംഗീക പീഡന പരാതിയിലെ അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം അഞ്ചു വര്‍ഷം മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്ത പിണറായി വിജയന്റെ കഴിവില്ലായ്മയുടെ തെളിവാണെന്ന് ജോസഫ് വാഴയ്ക്കന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും പിണറായി വിജയന്റെ കൈയ്യില്‍ ഇരുന്നല്ലോ. അഞ്ച് വര്‍ഷക്കാലം നിയമം ഏത് വഴിക്കാണ് പോയത്. ഒരു എഫ്‌ഐആര്‍ പോലും ചൊവ്വേ നേരെ ഇടാന്‍ കഴിഞ്ഞില്ലല്ലോ. നാണമില്ലല്ലോ പിന്നെന്തിന് ഈ സ്ഥാനത്ത് ഇരിക്കുന്നു അങ്ങേര്? അഞ്ച് വര്‍ഷം കേരളത്തില്‍ ഈ വകുപ്പും വെച്ചുകൊണ്ട് അതിവിടെ മര്യാദയ്ക്ക് അന്വേഷിക്കാനും കുറ്റവാളികളെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും എന്തുകൊണ്ട് കഴിഞ്ഞില്ല? കഴിവില്ലായ്മയാണിത്. നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി സിബിഐയ്ക്ക് ഒരു കേസിട്ടു കൊടുത്തിരിക്കുന്നു.

ഈ സര്‍ക്കാര്‍ എന്തും ചെയ്യും. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ പ്രതിപക്ഷത്തെ എത്ര മാത്രം, ഏതെല്ലാം തരത്തില്‍ മോശമാക്കാന്‍ കഴിയുമോ അത്രത്തോളം മോശമാക്കാനുള്ള ശ്രമം എന്ന് മാത്രമേയുള്ളൂ. ഈ കേസിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തന്നെ കേരള ഹൈക്കോടതി തടഞ്ഞിരിക്കുന്നതാണ്. മാത്രമല്ല ഇതിനേക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പല ഏജന്‍സികളെ ഏല്‍പിച്ചു. ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിച്ചു. അവര്‍ക്കാര്‍ക്കും ഈ കേസുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ഒരുപാട് നിയമോപദേശങ്ങളൊക്കെ തേടിയിട്ടുള്ളതാണ്. ആ ലീഗല്‍ ഒപ്പീനീയനുകളിലെല്ലാം ഒരു കാരണവശാലും മുന്നോട്ടുപോകാന്‍ കഴിയുന്ന കേസല്ല ഇത്. അങ്ങനെയുള്ള കേസ് സിബിഐയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് സിബിഐ എന്തോ, ഞങ്ങള്‍ സിബിഐയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നു, സിബിഐ അന്വേഷിക്കാത്തതാണ്, സിബിഐ ഒത്തുകളിയ്ക്കുന്നു എന്നൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് പറയാന്‍ വേണ്ടി ഒരു പ്രചരണം. അതിന് വേണ്ടി നടത്തുന്ന ഒരു നാടകം എന്നതിന് അപ്പുറത്ത് ഒന്നും തോന്നുന്നില്ല. നിയമപരമായി ഒരു നിലനില്‍പുമുള്ള കാര്യമല്ല ഇത്.

Next Story