
ഒരു മുഖ്യമന്ത്രി ചെയ്യേണ്ടതാണ് ഇപ്പോള്‍ പിണറായി വിജയന് ചെയ്യുന്നതെന്നും വി എസ് അച്യുതാനന്ദന് അത് ചെയ്യാനായില്ലെന്നും എഴുത്തുകാരന് എം മുകുന്ദന്. വി എസ് അച്യുതാനന്ദന് എന്നു പറയുന്നത് ഒരു വൈകാരിക അനുഭവമാണ്. അദ്ദേഹം ജനകീയനാണ് എന്നാല്‍ പിണറായിയാണ് ശരിയെന്നും എം മുകുന്ദന് പറഞ്ഞു.
കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നും എം മുകുന്ദന് പറഞ്ഞു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു എം മുകുന്ദന്റെ പരാമര്‍ശങ്ങള്‍.
വി എസ് വളരെ സിംപിള്‍ ആയിട്ടുള്ള ഒരു മനുഷ്യനാണ്. ജനപ്രിയനായിട്ടുള്ള ഒരാളാണ്. ഒരുപക്ഷേ ഇഎംഎസിനെ കഴിഞ്ഞാല്‍ ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നേതാവാണ് വിഎസ്. പക്ഷേ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടതാണ് ഇപ്പോള്‍ പിണറായി വിജയന് ചെയ്യുന്നത്. ഇമേജ് അല്ല പ്രശ്നം നമ്മള് ഒരു ഇമേജ് ഉണ്ടാക്കുന്നതല്ല പ്രശ്നം. ജനങ്ങള്‍ക്ക് എന്തൊക്കെ വേണമെന്ന് ആലോചിക്കുക, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക. പക്ഷേ അങ്ങനെയൊന്നും നമ്മുടെ പ്രിയപ്പെട്ട വിഎസ് ചെയ്തിട്ടില്ല.
എം മുകുന്ദന്
മലയാളികളുടെ, കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഒരു വൈകാരിക അനുഭവമാണ് വിഎസ്. പക്ഷേ വിഎസിനെ ഡീകണ്‍സ്ട്രക്റ്റ് ചെയ്ത് നോക്കിയാല്‍ ഒന്നും കാണില്ല. നല്ലൊരു മനുഷ്യന്, ഹൃദയ ശുദ്ധിയുള്ള ഒരു മനുഷ്യന്. വലിയ ആഗ്രഹങ്ങളുമില്ല, ആഡംബരങ്ങളുമില്ല. എന്നാല്‍ കേരളത്തെ പുനസൃഷ്ടിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. ഈ മാറുന്ന കാലഘട്ടത്തില്‍ അങ്ങനെയൊരു മനുഷ്യന് ഒരു നാടിന് വേണ്ടി ഒന്നും ചെയ്യാനാകില്ല. ആത്മശുദ്ധിയുള്ളതുകൊണ്ട് ഒരാള്‍ക്ക് ഒരു നാട് ഭരിക്കാനോ ഒരു മുഖ്യമന്ത്രിയാകാനോ സാധിക്കില്ലെന്നും എം മുകുന്ദന് പറയുന്നു.
മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പഴയ രീതികള്‍ ശരിയാകില്ല. സോവിയറ്റ് യൂണിയന്റെ പതനം തന്നെ ഏറ്റവും വലിയൊരു ഉദാഹരണമാണ്. കാലാനുസൃതമായി പാര്‍ട്ടി മാറണം. ഇവിടെ അങ്ങനെയൊരു മാറ്റം കൊണ്ടുവരാന്‍ വിഎസ് അടക്കമുള്ള നേതാക്കള്‍ക്ക് സാധിക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അതിന് സാധിക്കുക ഒരു പക്ഷേ പിണറായിക്ക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആധുനികമായൊരു മുഖം നല്കാന് പിണറായി വിജയന് മാത്രമേ കഴിയൂ. ഇതുവരെ പാര്ട്ടിയെക്കുറിച്ചുണ്ടായിരുന്ന സങ്കല്പ്പങ്ങളില് നിന്ന് ഒരു ചുവടുമാറ്റമാണ് ഉണ്ടാക്കിയത്. അതുകൊണ്ട് സംഭവിച്ചത് എന്താണെന്നുവെച്ചാല്‍ അദ്ദേഹത്തിനെതിരെ ഒരുപാട് എതിര്‍പ്പുകളുണ്ടായി. പക്ഷേ അങ്ങനെയുള്ള മാറ്റങ്ങള്‍ നമുക്ക് ആവശ്യമാണ്. ജനങ്ങള്‍ക്ക് ഗുണമുണ്ടാക്കുന്ന കമ്യൂണിസമുണ്ടാക്കണമെങ്കില് അത് പിണറായിക്കേ സാധിക്കൂ എന്നും എം മുകുന്ദന് അഭിപ്രായപ്പട്ടു.