Protest Against Ravi Pillai

‘ഇതു തന്നെയല്ലേ, കര്‍ഷകര്‍ക്കെതിരെ മോഡിയും ചെയ്യുന്നത്?’; പിണറായി സര്‍ക്കാര്‍ രവി പിള്ളയ്ക്ക് വേണ്ടി പ്രവാസി തൊഴിലാളികളുടെ സമരം പൊളിച്ചെന്ന് മാത്യു കുഴല്‍നാടന്‍

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രവാസി വ്യവസായിയുമായ രവി പിള്ളയ്‌ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് പോയ പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തത് ഈ നാട് മുതലാളിമാര്‍ ഭരിക്കുന്നതിന്റെ സൂചനയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. രവി പിള്ളയുടെ കമ്പനി കൊവിഡ് കാലത്ത് ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിന് പോയ പ്രവാസി തൊഴിലാളികളെ പൊലീസ് വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് സമരം പൊളിച്ചുകൊടുത്തെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രാവിലെ എട്ട് മണിക്ക് കസ്റ്റഡിയിലെടുത്തവരെ രണ്ടര മണി വരെ വിട്ടയച്ചിരുന്നില്ല. സംഘര്‍ഷം ഒഴിവാക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറഞ്ഞത്. അവര്‍ സെക്രട്ടറിയേറ്റിലേക്ക് സമരം ചെയ്യാന്‍ പോകുന്നവരാണ്. സമരം സര്‍ക്കാരിന് എതിരെ പോലുമല്ല. രവി പിള്ള എന്ന ഒരു മുതലാളിയ്‌ക്കെതിരെയാണ്. ആ മുതലാളിക്കെതിരെ സമരം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി, നമ്മുടെ പൊലീസിന്റെ സര്‍വ്വ സംവിധാനവും ഉപയോഗിച്ച് പാവപ്പെട്ട 65 പേരെ സര്‍ക്കാര്‍ തടവില്‍ വെച്ചെന്നും കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

രവി പിള്ള ഇവര്‍ക്ക് പണം കൊടുക്കണോ വേണ്ടയോ എന്നതിന്റെ ന്യായം എനിക്കറിയില്ല. പക്ഷെ, രവി പിള്ള എന്ന മുതലാളിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങി വന്ന ആളുകളെ വഴിയില്‍ തടഞ്ഞ് ആ സമരത്തെ പൊളിക്കാന്‍ വേണ്ടി നമ്മുടെ സര്‍ക്കാര്‍ സംവിധാനം എന്തു വലിയ പ്രയത്‌നമാണ് എടുത്തത്? ഇവിടെ മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇത് തന്നെയല്ലേ നരേന്ദ്ര മോഡിയും ചെയ്തത്. സമരം ചെയ്യാന്‍ ഡല്‍ഹിയിലേക്കെത്തിയ കര്‍ഷകരെ തടയാന്‍ അവരെ വഴിയില്‍ തടയുകയും കിടങ്ങ് കുഴിക്കുകയും ചെയ്തതുപോലെയാണിത്.

മാത്യു കുഴല്‍നാടന്‍

ഇനി മുന്‍പോട്ടുള്ള കാലത്ത് ഇതുപോലുള്ള അനീതികളെ മുന്നില്‍ നിന്ന് പോരാടാനുള്ള തന്റേടം നമ്മള്‍ കാണിച്ചില്ലാ എങ്കില്‍ ഈ നാട് ഭരിക്കുന്നത് ഇവിടുത്തെ മുതലാളിമാരായിരിക്കും. നാളെ നിങ്ങളെ തേടി വരുമ്പോഴേ നിങ്ങളിത് മനസിലാക്കുകയുള്ളൂ. ഇവര്‍ സാധാരണക്കാരും പാവപ്പെട്ടവരും ആയതുകൊണ്ടാണ്, സ്വാധീനമുള്ളവരായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സമരം പൊളിഞ്ഞുപോയി. കോഴിക്കോടും കണ്ണൂരും ഉള്‍പ്പെടെ പല ജില്ലകളില്‍ നിന്നുള്ളവര്‍ തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് രവി പിള്ള എന്ന മുതലാളിയുടെ ആവശ്യം ഈ സമരം പൊളിക്കുക എന്നതായിരുന്നു. അത് പൊളിച്ചുകൊടുത്തത് ഈ സംസ്ഥാന സര്‍ക്കാരിന്റെ പൊലീസാണ്. രവി പിള്ളയ്ക്ക് വേണ്ടി വളരെ ഭംഗിയായി സര്‍ക്കാരും പൊലീസും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവരുടെ വിഷയത്തില്‍ മുന്നോട്ട് എന്ത് ചെയ്യാനാകുമെന്നത് പരിശോധിക്കും. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന ജാഗ്രത വേണം. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്. രവി പിള്ളയ്‌ക്കെതിരെ ഇവിടെയാരും ശബ്ദിക്കാന്‍ പാടില്ലല്ലോ. മാധ്യമങ്ങളില്‍ ആ വാര്‍ത്ത വരില്ല. വാര്‍ത്ത വന്നാല്‍ ആ വാര്‍ത്ത മുങ്ങിപ്പോകും. ഇവര്‍ സമരം ചെയ്താല്‍ അത് വാര്‍ത്തയാകില്ല. മാധ്യമങ്ങള്‍ക്കും എല്ലാവര്‍ക്കും പരിമിതികളാണ്. പക്ഷെ, പൊതുജനത്തിന് പരിമിതികളില്ല. പൊതുജനങ്ങളുടെ പിന്തുണ സമരക്കാര്‍ക്ക് ഉണ്ടാകണമെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് ലൈവില്‍ അഭ്യര്‍ത്ഥിച്ചു.

Also Read: 20 വര്‍ഷം ജോലി ചെയ്തിട്ടും ആനുകൂല്യമില്ലാതെ പിരിച്ചുവിടല്‍; രവി പിള്ളയ്‌ക്കെതിരെ സമരത്തിന് പോയ തൊഴിലാളികളെ വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊല്ലം ചിന്നക്കടയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എന്‍എസ്എച്ച് കോര്‍പറേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട 65ഓളം പേരെ പൊലീസ് ബസ് അടക്കം പിടികൂടുകയായിരുന്നു. 20 വര്‍ഷത്തിലേറെ സര്‍വ്വീസുണ്ടായിരുന്ന തങ്ങളെ യാതൊരു ആനുകൂല്യവും നല്‍കാതെ രവി പിള്ള കൊവിഡ് കാലത്ത് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയതായിരുന്നു തൊഴിലാളികള്‍.

ഓച്ചിറയില്‍ നിന്ന് തലസ്ഥാനത്തേക്ക് വാടക ബസില്‍ പുറപ്പെട്ട പ്രവാസി തൊഴിലാളികളുടെ യാത്ര 30 കിലോമീറ്ററിനപ്പുറം നീണ്ടില്ല. ചിന്നക്കടയില്‍ വെച്ച് പൊലീസ് ബസ് തടഞ്ഞു. 65ഓളം പേരെ കസ്റ്റഡിയിലെടുത്തത് സംഘര്‍ഷം ഒഴിവാക്കാന്‍ ആണെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. പ്രതിഷേധിക്കാന്‍ യാത്ര തുടങ്ങിയപ്പോഴേക്കും കസ്റ്റഡിയില്‍ വെച്ചെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ന്നതോടെ പൊലീസ് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇത് പ്രവാസി തൊഴിലാളികള്‍ തന്നെ നിഷേധിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പേരില്‍ നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ സൗദി കമ്പനി എന്‍എസ്എച്ച് കോര്‍പറേഷന്‍ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമപരമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ഓളം തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പരാതി നല്‍കി. കേരള മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ 11 മുഖ്യമന്ത്രിമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും നാല് മാസം മുന്‍പേ പരാതി നല്‍കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പരാതി ബോധിപ്പിച്ചിട്ടും അനുകൂല നടപടികളുണ്ടാകാത്തതിനേത്തുടര്‍ന്നാണ് പ്രവാസി തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. ജനുവരി 30ന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിന് പുറത്ത് 163 തൊഴിലാളികള്‍ ധര്‍ണ നടത്തി. രണ്ടാം ഘട്ടമെന്ന നിലയില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചാണ് പൊലീസ് ഇന്ന് വഴിയില്‍ വെച്ച് തടഞ്ഞത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷവും നീതി ലഭിച്ചില്ലെങ്കില്‍ രവി പിള്ളയുടെ കൊല്ലത്തെ വസതിയ്ക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു.

മാത്യു കുഴല്‍നാടന്റെ പ്രതികരണം

രാവിലെ ടിവിയില്‍ വാര്‍ത്ത കണ്ടാണ് എത്തിയത്. രവി പിള്ളയുടെ കമ്പനിയില്‍ ജോലി ചെയ്ത കുറേ ആളുകള്‍ അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് പറഞ്ഞ് കഴിഞ്ഞ കുറേ നാളുകളായി പ്രതിഷേധത്തിലായിരുന്നു. വിവിധ ജില്ലകളിലുള്ളവര്‍ ചേര്‍ന്ന് ഒരുമിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി സമരം നടത്താന്‍ തീരുമാനിച്ചു. അങ്ങനെയവര്‍ കൊല്ലത്ത് വന്നു. അവരെ കൊല്ലം ഈസ്റ്റ് പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ എട്ട് മണിക്ക് കസ്റ്റഡിയിലെടുത്ത അവരെ രണ്ടര മണി വരെ വിട്ടയച്ചിരുന്നില്ല. എന്താണ് കാര്യമെന്ന് അറിയാന്‍ 12 മണിയോടെ ഞാനെത്തി. സംഘര്‍ഷം ഒഴിവാക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറഞ്ഞത്. എന്താണ് സംഘര്‍ഷം? അവര്‍ സെക്രട്ടറിയേറ്റിലേക്ക് സമരം ചെയ്യാന്‍ പോകുന്നവരാണ്. അവര്‍ ആര്‍ക്കെതിരെയാണ് സമരം ചെയ്യുന്നത്. സര്‍ക്കാരിന് എതിരെ പോലുമല്ല സമരം. രവി പിള്ള എന്ന ഒരു മുതലാളിയ്‌ക്കെതിരെയാണ്. ആ മുതലാളിക്കെതിരെ സമരം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടി, നമ്മുടെ പൊലീസിന്റെ സര്‍വ്വ സംവിധാനവും ഉപയോഗിച്ച് പാവപ്പെട്ട 65 പേരെ തടവില്‍ വെച്ചു. മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിന്ന ശേഷമാണ് അവരെ വിട്ടയച്ചത്.

രവി പിള്ള ഇവര്‍ക്ക് പണം കൊടുക്കണോ വേണ്ടയോ എന്നതിന്റെ ന്യായം എനിക്കറിയില്ല. പക്ഷെ, രവി പിള്ള എന്ന മുതലാളിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങി വന്ന ആളുകളെ വഴിയില്‍ തടഞ്ഞ് ആ സമരത്തെ പൊളിക്കാന്‍ വേണ്ടി നമ്മുടെ സര്‍ക്കാര്‍ സംവിധാനം എന്തു വലിയ പ്രയത്‌നമാണ് എടുത്തത്? ഇവിടെ മുതലാളിമാര്‍ക്കെതിരെ സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇത് തന്നെയല്ലേ നരേന്ദ്ര മോഡിയും ചെയ്തത്. സമരം ചെയ്യാന്‍ ഡല്‍ഹിയിലേക്കെത്തിയ കര്‍ഷകരെ തടയാന്‍ അവരെ വഴിയില്‍ തടയുകയും കിടങ്ങ് കുഴിക്കുകയും ചെയ്തതുപോലെയാണിത്. തിരുവനന്തപുരത്ത് സമരം ചെയ്യാന്‍ പോയ ഇവരെ ബസില്‍ അറസ്റ്റ് ചെയ്ത് പിടിച്ചുവെച്ചിരിക്കുന്നു. ജനങ്ങള്‍ സത്യസന്ധമായി ഇതറിയണം എന്നതുകൊണ്ടാണ് ഫേസ്ബുക്ക് ലൈവില്‍ വന്നത്.

ഇവര്‍ ആരും ഭക്ഷണം കഴിച്ചിട്ടില്ല. ഇവരുടെ കൂട്ടത്തില്‍ പ്രമേഹ രോഗികളുണ്ട്. ആര്‍ക്ക് വേണ്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തത്? ഇവര്‍ ചെയ്ത കുറ്റമെന്താണ്? ഇവര്‍ക്കെതിരെയുള്ള കേസെന്താണ്? ഒരാളെ പിടിച്ചുവെച്ച് ഇപ്പോഴും ഫോണ്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ സൈബര്‍ നിയമങ്ങളും സ്വകാര്യതാ നിയമങ്ങളുമുണ്ട്. ഇതൊക്കെയുള്ളപ്പോഴും രവി പിള്ള എന്ന വ്യക്തിയ്ക്ക് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലേക്ക് നമ്മുടെ നിയമസംവിധാനം മാറുന്നു.

ഇവരെല്ലാം രവി പിള്ളയുടെ കമ്പനിയില്‍ നാളുകളോളം ജോലി ചെയ്തവരാണ്. അവര്‍ ആനുകൂല്യം കിട്ടാന്‍ പ്രതിഷേധം നടത്തണമെന്നാഗ്രഹിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യണമെന്ന് പറയുമ്പോള്‍ തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ എന്നു പറയുന്ന പിണറായി ഗവണ്‍മെന്റ് ഒരു മുതലാളിക്ക് വേണ്ടി ഇത്രയും തൊഴിലാളികളെ മണിക്കൂറുകള്‍ പിടിച്ചുവെയ്ക്കുന്നു. വെള്ളം കുടിയ്ക്കാനോ ഭക്ഷണം കഴിയ്ക്കാനോ അനുവദിക്കാതെ ഹൃദ്രോഗികളും പ്രമേഹരോഗികളുമായുള്ളവരെ അന്യായമായി തടങ്കലില്‍ വെച്ചു. ഇതിനെതിരെ പൊതുമനസാക്ഷി ഉണരണം. ഇതിന്റെ പേരില്‍ എന്ത് പ്രത്യാഘാതം നേരിടാനും ഞാന്‍ തയ്യാറാണ്. ഭയമോ ഉത്കണ്ഠയോ ഇല്ല. ഇനി മുന്‍പോട്ടുള്ള കാലത്ത് ഇതുപോലുള്ള അനീതികളെ മുന്നില്‍ നിന്ന് പോരാടാനുള്ള തന്റേടം നമ്മള്‍ കാണിച്ചില്ലാ എങ്കില്‍ ഈ നാട് ഭരിക്കുന്നത് ഇവിടുത്തെ മുതലാളിമാരായിരിക്കും. നാളെ നിങ്ങളെ തേടി വരുമ്പോഴേ നിങ്ങളിത് മനസിലാക്കുകയുള്ളൂ. ഇവര്‍ സാധാരണക്കാരും പാവപ്പെട്ടവരും ആയതുകൊണ്ടാണ്. സ്വാധീനമുള്ളവരായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ നോക്കിയാല്‍ ഇവര്‍ക്ക് ഇത്ര ജാഗ്രതയുണ്ടാകില്ല. ഇത് എന്തൊരു ജാഗ്രതയാണ്. ക്രൈം ബ്രാഞ്ചിന് ജാഗ്രത, പൊലീസിന് ജാഗ്രത. ഇവര്‍ എവിടെ നിന്നാണെത്തിയത്. എങ്ങോട്ടാണ് പോകുന്നത്, ആരുടെ വണ്ടിയിലാണ് കയറിയത്, എന്തൊക്കെയാണ് ചെയ്തതെന്ന് അറിയുന്നു. വഴിയില്‍ തടയുന്നു. അവരെ അറസ്റ്റ് ചെയ്ത് ഇത്ര നേരം സ്‌റ്റേഷനില്‍ വെയ്ക്കുന്നു. അവരുടെ സമരം പൊളിഞ്ഞുപോയി. കോഴിക്കോടും കണ്ണൂരും ഉള്‍പ്പെടെ പല ജില്ലകളില്‍ നിന്നുള്ളവര്‍ തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് രവി പിള്ള എന്ന മുതലാളിയുടെ ആവശ്യം ഈ സമരം പൊളിക്കുക എന്നതായിരുന്നു. അത് പൊളിച്ചുകൊടുത്തത് ഈ സംസ്ഥാന സര്‍ക്കാരിന്റെ പൊലീസാണ്. രവി പിള്ളയ്ക്ക് വേണ്ടി വളരെ ഭംഗിയായി സര്‍ക്കാരും പൊലീസും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇവരുടെ വിഷയത്തില്‍ മുന്നോട്ട് എന്ത് ചെയ്യാനാകുമെന്നത് പരിശോധിക്കും. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന ജാഗ്രത വേണം. ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ്. രവി പിള്ളയ്‌ക്കെതിരെ ഇവിടെയാരും ശബ്ദിക്കാന്‍ പാടില്ലല്ലോ. മാധ്യമങ്ങളില്‍ ആ വാര്‍ത്ത വരില്ല. വാര്‍ത്ത വന്നാല്‍ ആ വാര്‍ത്ത മുങ്ങിപ്പോകും. ഇവര്‍ സമരം ചെയ്താല്‍ അത് വാര്‍ത്തയാകില്ല. മാധ്യമങ്ങള്‍ക്കും എല്ലാവര്‍ക്കും പരിമിതികളാണ്. പക്ഷെ, പൊതുജനത്തിന് പരിമിതികളില്ല. നിങ്ങളുടെ പിന്തുണ ഇവര്‍ക്കുണ്ടാകണം.

Also Read: ‘രവി പിള്ളയ്ക്ക് എന്‍എസ്എച്ച് കമ്പനിയുമായി ബന്ധമില്ല’; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആര്‍പി ഗ്രൂപ്പ്

Covid 19 updates

Latest News