Top

‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’; സംസ്ഥാനസര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി മുബാറക്ക് പാഷയെ ജലീല്‍ തിരുകി കയറ്റിയതിനെ പിന്തുണയ്ക്കുന്ന മുസ്ലീം ലീഗിന്റെ നിലപാടിന് പിന്നിലെ ചേതോവികാരം എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ പരിഹസിച്ചു.

14 Oct 2020 8:10 AM GMT

‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’; സംസ്ഥാനസര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി നടേശന്‍
X

മുന്നോക്കക്കാരെ കൈയ്യിലെടുക്കാനായി പിന്നാക്കക്കാരെ ചാതുര്‍വര്‍ണ്യത്തേക്കാള്‍ ഭീകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘മുന്നാക്ക വോട്ടിന് വീണ്ടും പിന്നാക്കക്കാരുടെ കഴുത്ത് ഞെരിക്കുന്നു’ എന്ന തലക്കെട്ടോടെ കേരളകൗമുദി പത്രത്തിലെഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി സര്‍ക്കാരിനെതിരെ വീണ്ടും പ്രീണനം എന്ന പേരില്‍ ആരോപണമുന്നയിക്കുന്നത്. അധികാരത്തിനായി ഇടതുസര്‍ക്കാര്‍ കഴിഞ്ഞ നാലരക്കൊല്ലവും സംഘടിത ജാതി,മത, ശക്തികളെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ കുറ്റപ്പെടുത്തി.

‘ഉദ്യോഗരംഗത്ത് ഭരണഘടനാവിരുദ്ധമായ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ്. പിന്നാക്കക്കാരുടെ വോട്ട്കൂടി നേടിയാണ് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്ന കാര്യം അവര്‍ മറക്കുന്നു. ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിലവില്‍ കിട്ടുന്നതുകൂടി തട്ടിയെടുത്ത് സവര്‍ണ്ണര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’. വെള്ളാപ്പള്ളി പറഞ്ഞു. വീണ്ടും അധികാരത്തിലേറാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായി മുബാറക്ക് പാഷയെ ജലീല്‍ തിരുകി കയറ്റിയതിനെ പിന്തുണയ്ക്കുന്ന മുസ്ലീം ലീഗിന്റെ നിലപാടിന് പിന്നിലെ ചേതോവികാരം എന്താണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ പരിഹസിച്ചു. അര്‍ഹമായത് നല്‍കാത്തത് ഉച്ചത്തില്‍ വിഴിച്ചുപറയുമ്പോള്‍ ഗുരുനിന്ദയെന്ന് ആക്ഷേപിക്കുന്നവരാണ് യഥാര്‍ഥ വര്‍ഗ്ഗീയവാദികളെന്നും ജനസംഖ്യാനുപാതികമായ നീതി ഈഴവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി എഴുതി. സര്‍വ്വകലാശാല വിസി വിവാദത്തില്‍ വെള്ളാപ്പള്ളി ഇസ്ലാം വിരുദ്ധതയാണ് പറയുന്നതെന്നും ഇത് ഗുരുനിന്ദയാണെന്നും ആരോപിച്ചുകൊണ്ട് ലീഗ് രംഗത്തെത്തിയിരുന്നു. മുഖപത്രമായ ചന്ദ്രികയിലൂടെയായിരുന്നു ലീഗിന്റെ വിമര്‍ശനം. വെള്ളാപ്പള്ളി വര്‍ഗീയത പറയുകയാണെന്ന് വിദ്യാര്‍ഥി സംഘടന എസ്എഫ്്‌ഐയും സിപിഐയും ആരോപിച്ചിരുന്നു.

Next Story