വോട്ടെണ്ണലിനും മുന്‍പേ മുഖ്യമന്ത്രി വിജയമുറപ്പിച്ചോ?; തിങ്കളാഴ്ച്ച സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ പൊതുഭരണവകുപ്പിന് നിര്‍ദ്ദേശം നല്കി
രാജ്ഭവനില്‍ ലളിതമായ ഒരു ചടങ്ങായി സത്യപ്രതിജ്ഞ ചുരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്‍ഡിഎഫിന് കേരളത്തില്‍ ചരിത്രത്തിലാദ്യമയായി തുടര്‍ഭരണം ലഭിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തെത്തുന്ന പശ്ചാത്തലത്തില്‍ വോട്ടെണ്ണലിന് മുന്‍പേ വിജയമുറപ്പിച്ച് എല്‍ഡിഎഫ്. എല്‍ഡിഎഫിന് തുടര്ഭരണമുണ്ടാകുകയാണെങ്കില് തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുഭരണ വകുപ്പിന് നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വോട്ടെണ്ണലിന്റെ പിറ്റേന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നത്. രാജ്ഭവനില്‍ ലളിതമായ ഒരു ചടങ്ങായി സത്യപ്രതിജ്ഞ ചുരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 ലെ അസംബ്ലി തെരഞ്ഞെടപ്പിന്റെ വോട്ടെണ്ണലിനുശേഷം ആറ് ദിവസം കഴിഞ്ഞാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. വോട്ടെണ്ണലിന് ദിവസങ്ങള്ക്കുമുന്പേ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി നിര്‍ദ്ദേശം നല്‍കുന്നത് അമിത ആത്മവിശ്വാസത്തോടെയുള്ള ഒരു നീക്കമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയും പിന്നീട് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുന്നണി പാര്‍ലമെന്റിറി പാര്‍ട്ടി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയുമാണ് പതിവ്. പിന്നീട് ആ നേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയാണ് സാധാരണയായി ചെയ്യാറ്.
എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോളുകള്‍ വരെ പ്രവചിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സിപിഐഎമ്മിന്റെയും കണക്കുകൂട്ടല്‍. എല്‍ഡിഎഫ് 120 സീറ്റുകള്‍ വരെ നേടുമെന്നാണ് ചില എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. സംസ്ഥാനത്തെ നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെണ്ണലിന് ശേഷം എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗം ഓണ്‍ലൈനായി നടത്താനാണ് സാധ്യത.