
കസ്റ്റഡിയിലിരിക്കെ മരിച്ച ഷെഫീക്കിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനത്തിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കസ്റ്റഡി മരണങ്ങളുടെ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത് ഷെഫീഖിന്റെ കുടുംബം. പോലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഷെഫീഖിന്റെ മരണപ്പെട്ടതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ റിമാന്‍ഡിലിരിക്കെ അപസ്മാരം വന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
അപസ്മാരം വന്ന് നിലത്ത് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിലെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം. ഇത് സംബന്ധിച്ച വിവരങ്ങള്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയില്‍ ഡിഐജി സാം തങ്കയ്യനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉദയംപേരൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയില്‍ നിന്നും പണം തട്ടിയെന്ന കേസിലാണ് ഷെഫീഖ് അറസ്റ്റിലാവുന്നത്. തലയുടെ മുന്‍ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിക്കുണ്ടാകാന്‍ കാരണം വീഴ്ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്‌കൂളിന്റെ ക്വാറന്റൈന്‍ സെന്ററിലായിരുന്നു ഷെഫീഖ് റിമാന്‍ഡില്‍ കഴിഞ്ഞുരുന്നത്.