Top

‘ബാര്‍ കോഴയായി 1.75 കോടി’; ചെന്നിത്തലയ്ക്കും കെ ബാബുവിനും ശിവകുമാറിനുമെതിരെ സിബിഐ, ഇഡി അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി

ഈ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടമുണ്ടാകണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

30 Oct 2020 11:14 AM GMT

‘ബാര്‍ കോഴയായി 1.75 കോടി’; ചെന്നിത്തലയ്ക്കും കെ ബാബുവിനും ശിവകുമാറിനുമെതിരെ സിബിഐ, ഇഡി അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി
X

ബാര്‍ കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എശ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി. യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോഴപ്പണം നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചാലക്കുടി സ്വദേശി പി എല്‍ ജേക്കബാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ബാര്‍ കോഴ ഇടപാടില്‍ അന്ന് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒരു കോടി രൂപയും എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു 50 ലക്ഷവും മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ 25 ലക്ഷവും ബാറുടമകളില്‍ നിന്ന് കൈപ്പറ്റിയെന്ന് ബാറുടമകളില്‍ ഒരാളായ ബിജു രമേശ് ആരോപിച്ചിരുന്നു. കെ എം മാണിക്കെതിരായ കോഴയാരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി പത്ത് കോടി വാഗ്ദാനം ചെയ്‌തെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുന്‍മന്ത്രിമാര്‍ക്കെതിരെയുള്ള കോഴയാരോപണം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം, കേന്ദ്ര അന്വേഷണമില്ലാത്ത പക്ഷം, സംസ്ഥാന പൊലീസ് മേധാവി പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണം, ഈ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടമുണ്ടാകണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Next Story