Top

ബാലസംഘം നേതാവിന്റെ സഹജീവി സ്‌നേഹത്തില്‍ നിന്ന് പഠിക്കണം; മുകേഷ് സിനിമ നടന്‍ മാത്രമല്ല

5 July 2021 3:08 AM GMT
NP Anoop

ബാലസംഘം നേതാവിന്റെ സഹജീവി സ്‌നേഹത്തില്‍ നിന്ന് പഠിക്കണം; മുകേഷ് സിനിമ നടന്‍ മാത്രമല്ല
X

സഹായം തേടി വിളിച്ചപ്പോള്‍ അതിന്റെ നിജസ്ഥിതി പോലും അന്വേഷിക്കാതെ ഗൂഢാലോചന ആരോപിക്കുമ്പോള്‍ കൊല്ലത്തെ ജന പ്രതിനിധി സ്വയം പരിഹാസ്യനാവുകയാണ്. തനിക്ക് വേണ്ടിയല്ല തന്റെ സഹപാഠികള്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ആ ബാല സംഘം നേതാവ് സിനിമ നടന്‍ കൂടിയായ കൊല്ലം എംഎല്‍എയെ സമീപിക്കുന്നത്. ആ പത്താം ക്ലാസുകാരന്‍ കേരളത്തിലെ ജനപ്രതിനിധികളെ പഠിപ്പിക്കുന്നത് അടിസ്ഥാന സഹജീവി സ്‌നേഹമാണ്. അല്ലാതെ സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ സിനിമാ നടനെ സംരക്ഷിക്കാനുള്ള വ്യഗ്രതയല്ല.

'പഠിക്കാന്‍ തനിക്കൊരു ഫോണ്‍ വാങ്ങിത്തരാന്‍ അമ്മ ബുദ്ധിമുട്ടിയിരുന്നത് കണ്ടിരുന്നു. എന്റെ സ്‌കൂളിലെ മറ്റ് കുട്ടികളും ഫോണില്ല ടിവിയില്ല എന്നൊക്കെ അറിയിച്ചിരുന്നു. കാര്യം നടക്കുമെന്ന് കരുതിയാണ് എംഎല്‍എയെ സമീപിച്ചത്'. ഈ വാക്കുകളില്‍ നിന്നും വ്യക്തമാണ് ഒരു ബാലസംഘം നേതാവിന്റെ സാമൂഹിക പ്രതിബന്ധത. കൊല്ലം എംഎല്‍എ മറന്ന് പോയതും അതേ പ്രതിബന്ധതയാണ്.

'ചെവികുറ്റി നോക്കി അടിക്കണം, ഒറ്റപ്പാലം എംഎല്‍എ ചത്തോ!'; അത്യാവശ്യം പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് മുകേഷ്; ഫോണ്‍സംഭാഷണം പുറത്ത്

തന്നെ വിളിച്ച കുട്ടിയെ മുകേഷ് എംഎല്‍എ തിരിച്ച് വിളിച്ചു എന്നത് നല്ല കാര്യം തന്നെ. അത്തരത്തില്‍ ഇടപെടുന്ന ആളാണ് താനെന്ന് വ്യക്തമാക്കാനാണ് മുകേഷ് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇന്നലെ വീഡിയോ സന്ദേശത്തില്‍ ശ്രമിച്ചത്. എന്നാല്‍ തിരിച്ച് വിളിച്ചപ്പോള്‍ കയര്‍ക്കുകയല്ലാതെ 'എന്തിനാണ് വിളിച്ചത്' എന്ന് ഒരു വാക്ക് ചോദിക്കാന്‍ ജനപ്രതിനിധിയായ മുകേഷ് തയ്യാറായില്ല എന്നത് ദൗര്‍ഭാഗ്യകരം തന്നെ. ഇത്തവണ പക്ഷേ മുകേഷിനോട് ഒരു കാര്യത്തില്‍ നന്ദിയുണ്ട് ആ കുട്ടിയെ അന്തസ്സ് വേണമെടാ അന്തസ്സ് എന്നു പറഞ്ഞ് കേട്ടാലറയ്ക്കുന്ന അസഭ്യം പറയാതിരുന്നതിന്.

പാലക്കാട് എന്ന് കേട്ടപ്പോള്‍ പ്രതിപക്ഷ എംഎല്‍എയെ അടിക്കാന്‍ കിട്ടിയ വടി എന്ന നിലയില്‍ വിഷയം തിരിച്ച് വിടാന്‍ കാണിച്ച വ്യഗ്രതയ്ക്ക് അപ്പുറം ആ കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ താല്‍പര്യം കാണിക്കണമായിരുന്നു കൊല്ലം എംഎല്‍എ. എം മുകേഷ് എംഎല്‍എ ഇനിയും പഠിക്കാനുണ്ട് എന്ന് നിരന്തരം തെളിയിക്കുകയാണ് അദ്ദേഹം. കുട്ടികളെ ഉപയോഗിച്ച് തന്നെ പ്രകോപിപ്പിക്കുകയാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുകേഷ് ആരോപിക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒന്ന് 'നിങ്ങള്‍ മാത്രമല്ല, 140 ല്‍ ഒരാള്‍ മാത്രമാണ് നിങ്ങള്‍ എന്നാണ്'.

മുകേഷിന്റെ സിനിമകളുടെ ആരാധകന്‍; സിനിമാ നടനല്ലേ സഹായിക്കുമെന്ന് കരുതിയെന്ന് വിഷ്ണു

ഒറ്റപ്പാലത്തെ വിഷ്ണുവും അച്ഛന്‍ നാരായണനും സാധാരണക്കാരാണ്. ബാലസംഘത്തിലും സിഐടിയുവിലും പ്രവര്‍ത്തിക്കുന്നവരാണ്. നാടിന്റെ പ്രശ്‌നങ്ങള്‍ അറിയുന്ന സാധാരണ ഇടത് പക്ഷ അനുഭാവികളാണ്. ആളുകളോട് ഇടപെടുമ്പോള്‍, ജനങ്ങളുടെ വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഇത്തരക്കാരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് കേരളത്തിലെ ഇടത് പക്ഷത്തിന്റെ അടിത്തറയെന്നത് മറന്ന് പോവരുത്.

2017 ല്‍ കേരളത്തില്‍ ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോള്‍ മുകേഷ് ഇടപെട്ട രീതി മലയാളികള്‍ മറന്നിട്ടില്ല. എരെ വൈകിയാണ് അന്ന് എംഎല്‍എ വിഷയത്തില്‍ ഇടപെട്ടത്. ജോനകപ്പുറം കടപ്പുറത്തേക്ക് എത്തി ലേല ഹാളിലെ കസേരയില്‍ ഇരിക്കുകയായിരുന്നു എംഎല്‍എ ചെയ്തത്. മുകേഷിനോട് എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? എന്ന മല്‍സ്യതൊഴിലാളിയായ സ്ത്രീയുടെ ചോദ്യത്തിന് സ്വതസിദ്ധമായ പരിഹാസത്തോടെ 'നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ'. എന്നായിരുന്നു മറുപടി. അന്ന് ജനരോഷം നേരിട്ടറിഞ്ഞ മുകേഷ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും നിലപാടിലോ ശൈലിയിലോ മാറ്റം വരുത്തിയിട്ടില്ല എന്നാണ് തെളിയിക്കുന്നത്.

ഒരു സിനിമ നടനെന്ന നിലയില്‍ മുകേഷിന് എന്ത് നിലപാടും സ്വീകരിക്കാം. എന്നാല്‍ ഒരു ജനപ്രതിനിധി എന്ന നിലയില്‍ പരിമിതികളുണ്ട്. മാന്യത പുലര്‍ത്തേണ്ടതുണ്ട്. എംഎല്‍എ ആയശേഷവും മുകേഷ് നടത്തിയ ഇടപെടലുകള്‍ പലപ്പോഴും സിപിഐഎമ്മിനെ പോലും പ്രതിസന്ധിയിലാക്കുന്നത് ആയിരുന്നു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഇടപെടലുകള്‍ തന്നെ ആയിരുന്നു പ്രധാനം. താരസംഘടനയുടെ ജനറല്‍ ബോഡി സമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച ആരോപണ വിധേയനെ പിന്തുണച്ച് സംസാരിക്കുകയും മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിക്കുകയും ചെയ്ത മുകേഷിനെ കേരളം മറന്നിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് 'ഇന്നസെന്റാ'ണെന്ന പരാമര്‍ശവും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മുന്‍പ് സ്വന്തം ഡ്രൈവര്‍ ആയിരുന്നു എന്നതും മുകേഷ് അത്ര ഇന്നസെന്റല്ല എന്ന് തന്നെയാണ്. എന്നാല്‍ വലിയ പ്രതിഷേധം നേരിട്ടിട്ടും വീണ്ടും തിരഞ്ഞെടുപ്പ് ജയിച്ചില്ലെ എന്നാണ് വിവാദങ്ങള്‍ക്കുള്ള മറുപടിയെങ്കില്‍ അത് മുകേഷ് എന്ന സിനിമാ നടനോടുള്ള താല്‍പര്യമല്ല. മറിച്ച് ഇടത് പക്ഷത്തോടുള്ള താല്‍പര്യമാണെന്ന് പറയേണ്ടിവരും.

Next Story

Popular Stories