
മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു.103 വയസ്സായിരുന്നു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15 നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സ്വര്ണ്ണനാവിന്റെ ഉടമയെന്നും ചിരിയുടെ തിരുമേനിയെന്നയും ചിരിയുടെ തമ്പുരാനെന്നും വിളിപ്പേരുണ്ടായിരുന്ന ക്രിസോസ്റ്റം തിരുമേനി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു. 1944ല്‍ ശെമ്മാശപ്പട്ടം സ്വീകരിച്ച ക്രിസോസ്റ്റം തിരുമേനി 1953ല്‍ റെമ്പാനായി മാറി. 1999 ലാണ് ക്രിസോസ്റ്റം തിരുമേനി സഭയുടെ പരമാധ്യക്ഷനായി. ശാരീരിക അവശതകളെത്തുടര്‍ന്ന് 2007 ഒക്ടോബറിന് സ്ഥാനത്യാഗം ചെയ്ത അദ്ദേഹം അതേ വര്‍ഷം തന്നെ വലിയ മെത്രോ പൊലീത്തയായി. 2018ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷന്‍ നല്കി ആദരിച്ചു.
ഇന്ത്യയില്‍ ഏറ്റവുമധികം കാലം മേല്പ്പട്ട സ്ഥാനം അലങ്കരിച്ചെന്ന ബഹുമതിയും ക്രിസോസ്റ്റം തിരുമേനിയ്ക്ക് സ്വന്തമാണ്. എന്ത് സംസാരിക്കുമ്പോഴും അതില്‍ നിര്‍ദ്ദോഷമായ നര്‍മ്മത്തിന്റെ മേമ്പൊടി കൂടി ചേര്‍ക്കുന്ന ക്രിസോസ്റ്റം തിരുമേനിയ്ക്ക് കേരളമൊട്ടാകെ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിരുന്നു.
നാളെ മൂന്ന് മണിക്കാണ് തിരുമേനിയുടെ കബറടക്കം. തിരുമേനിയുടെ ഭൗതിക ശരീരം കുമ്പനാട് ആശുപത്രി ചാപ്പലില്‍ നിന്നും തിരുവല്ല ഡോ അലക്സാണ്ടര്‍ മാര്‍ത്തോമ ഹാളിലേക്ക് മാറ്റും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ചടങ്ങുകള്‍ നടക്കുകയെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത് അറിയിച്ചു.