Top

ഫൈസറിന്റെ അള്‍ട്രാ കോള്‍ഡ് കൊവിഡ്-19 വാക്‌സിന്‍: മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുന്നത് വിതരണത്തിന് തടസ്സമോ?

വാക്‌സിന്‍ സൂക്ഷിക്കുന്നതിലെ സങ്കീര്‍ണ്ണതയും സൂപ്പര്‍-കോള്‍ഡ് സ്റ്റോറേജ് ആവശ്യകതകളും അമേരിക്കയിലെ ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ക്ക് വരെ
ഒരു തടസ്സമാണ്.

10 Nov 2020 6:43 AM GMT

ഫൈസറിന്റെ അള്‍ട്രാ കോള്‍ഡ് കൊവിഡ്-19 വാക്‌സിന്‍: മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുന്നത് വിതരണത്തിന് തടസ്സമോ?
X

ഫൈസര്‍ ഇങ്കും ബയേണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിലേക്ക് കടക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും വിധത്തില്‍ പ്രാദേശിക ഫാര്‍മസികളിലേക്ക് എത്തില്ലയെന്നും കമ്പനി വ്യക്തമാക്കുന്നു. കാരണം വാക്‌സിന്‍ സൂക്ഷിക്കുന്നതിലെ സങ്കീര്‍ണ്ണതയും സൂപ്പര്‍-കോള്‍ഡ് സ്റ്റോറേജ് ആവശ്യകതകളും അമേരിക്കയിലെ ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ക്ക് പോലും ഒരു തടസ്സമാണ്. അതുകൊണ്ട് തന്നെ ഇത് ഗ്രാമീണ മേഖലകളിലും, ദരിദ്രരാജ്യങ്ങളിലേക്കുമൊക്കെ എപ്പോള്‍, എങ്ങനെ ലഭ്യമാകും എന്നതിനെ ബാധിച്ചേക്കാന്‍ ഇടയുള്ള ഘടകങ്ങളാണ്.

വൈറസിനെതിരായ രോഗപ്രതിരോധ ശേഷി സജീവമാക്കുന്നതിനായ് സിന്തറ്റിക് എംആര്‍എന്‍എ എന്ന ഒരു നൂതന സാങ്കേതികവിദ്യ ആണ് ഈ വാക്‌സിനില്‍ ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ ഈ വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലോ (94 എഫ്) അതിലും താഴ്ന്ന താപനിലയിലോ സൂക്ഷിക്കേണ്ടതുണ്ട് എന്നതാണ് പ്രധാന പ്രശ്‌നം.

‘ഈ വാക്‌സിന്റെ വിതരണത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാകും ഈ കോള്‍ഡ് ചെയിന്‍,’ ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സെക്യൂരിറ്റിയിലെ മുതിര്‍ന്ന ഗവേഷകന്‍ അമേഷ് അഡല്‍ജ അഭിപ്രായപ്പെടുന്നു. ‘എല്ലാ ക്രമീകരണങ്ങളിലും ഇത് ഒരു വെല്ലുവിളിയാകും, കാരണം വലിയ നഗരങ്ങളിലെ ആശുപത്രികളില്‍ പോലും ഇത്രയും താഴ്ന്ന ഊഷ്മാവില്‍ ഒരു വാക്‌സിന്‍ സംഭരിക്കാനുള്ള സൗകര്യങ്ങളില്ല’, അദ്ദേഹം പറഞ്ഞു.

അതേസമയം ഡ്രൈഐസ് ഉപയോഗിച്ചു ഫ്രീസുചെയ്ത വാക്സിന്‍ കുപ്പികള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള താപനിലയില്‍ വായു-കര മാര്‍ഗ്ഗങ്ങളിലൂടെ പത്ത് ദിവത്തിനുള്ളില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് വിശദമായ പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് ഫൈസര്‍ വക്താവ് കിം ബെങ്കര്‍ സൂചിപ്പിച്ചു.

ഈ അവസരത്തില്‍ ഏറ്റവും ആവശ്യക്കാരായവരിലേക്ക് വാക്‌സിനുകള്‍ എത്തിക്കുന്നതിന് മുമ്പ് നിര്‍മാതാക്കള്‍ക്ക് പലതരം നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. എന്നിരിക്കലും ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും നഴ്‌സിംഗ് ഹോമുകളിലും മറ്റും താമസിക്കുന്നവര്‍ക്കും ഈ പട്ടികയില്‍ മുന്‍ഗണന ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഈ പരീക്ഷണാത്മക വാക്‌സിന്‍ കൊവിഡ് 19 തടയുന്നതിന് 90% ഫലപ്രദമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് മരുന്നിന്റെ സുരക്ഷയെക്കുറിച്ചും അപകടസാധ്യതയെ കുറിച്ചും കൂടുതല്‍ അറിവുകള്‍ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ് ബന്ധപ്പെട്ടവര്‍. മിക്കവാറും ഈ മാസം അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. വാക്സിന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണ് വാക്സിന്‍ 90%വും ഫലപ്രദമെന്ന് കണ്ടെത്തിയത്.

കുട്ടികളില്‍ മീസില്‍സ് അടക്കമുള്ളവയ്‌ക്കെതിരെ നല്‍കുന്ന വാക്സിന്‍ പോലെ പ്രാധാന്യം ഉള്ളതാണ് കൊവിഡ് വാക്സിനെന്ന് കമ്പനി വ്യക്തമാക്കുന്നു. 43,000ത്തിലധികം വോളന്റിയര്‍മാരില്‍ വാക്സിന്‍ പരീക്ഷണം നടത്തിയതില്‍ പത്ത് ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story