
ഫൈസർ കൊവിഡ് 19 വാക്സിന് ക്രിസ്തുമസിന് മുന്നോടിയായി വിതരണത്തിന് എത്തിയേക്കുമെന്ന് നിർമ്മാതാക്കൾ. ഫൈസര്‍ ഇങ്കും ബയേണ്‍ടെക്കും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക കൊവിഡ് 19 വാക്സിന് തൊണ്ണൂറ്റഞ്ച് ശതമാനവും വിജയകരമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ തുടർന്നാണ് നിർമ്മാതാക്കൾക്ക് യുഎസ്സും യൂറോപ്പ്യൻ യൂണിയനും മരുന്ന് വിതരണത്തിനുള്ള അംഗീകാരവും അനുമതിയും ഡിസംബറോടു കൂടി നൽകുമെന്ന് കരുതുന്നത്.
ഈ വാക്സിൻ വിവിധ പ്രായക്കാരിലും വംശക്കാരിലും ഒരേപോലെയും സ്ഥിരതയാർന്നതുമായ ഫലപ്രാപ്തിയാണ് പുലർത്തുന്നതെന്ന് അന്തിമഘട്ട പരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഗൗരവകരമായ യാതൊരു പാർശ്വഫലങ്ങളും ഈ വാക്സിനില്ല. ഉയർന്ന അപകടസാധ്യത ഉള്ളവരായി പരിഗണിക്കപ്പെടുന്ന 65 വയസ്സിനു മുകളിലുള്ളവരിലും 94ശതമാനം ഫലപ്രാപ്തിയാണ് ഫൈസർ കൊവിഡ്-19 വാക്സിനുള്ളത് എന്നും തെളിഞ്ഞിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ ഉപയോഗിക്കാനായുള്ള അനുവാദം ഡിസംബർ പകുതിയോടെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് ലഭിച്ചേക്കുമെന്നും, യൂറോപ്യൻ യൂണിയന്റെ അംഗീകാരം ഡിസംബർ രണ്ടാം പകുതിയോടെ നേടാനാകുമെന്നും ബയോടെക് ചീഫ് എക്സിക്യൂട്ടീവ് ഉഗർ സാഹിൻ റോയിട്ടേഴ്സ് ടിവിയോട് പറഞ്ഞു.
“എല്ലാം ശുഭകരമായി നടന്നാൽ ഡിസംബർ രണ്ടാം പകുതിയോടെ ഞങ്ങൾ അംഗീകാരം നേടുകയും ക്രിസ്മസിന് മുമ്പായി ഡെലിവറികൾ ആരംഭിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ എല്ലാം വേണ്ടപോലെ നടന്നാൽ മാത്രം,” അദ്ദേഹം പറഞ്ഞു.