ജനങ്ങളെ പൊള്ളിച്ച് ഇന്ധനവില; സർവകാല റെക്കോർഡും മറികടന്ന് കത്തുന്നതിങ്ങനെ

കേരളത്തിലെ സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന വേളയില്‍ ‘വികസനമാണ് മത’മെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിട്ട്‌ സമയം അധികം ആയിട്ടില്ല. ബൃഹത്തായ വികസനപദ്ധതികൾ നടപ്പിലാക്കി ക്ഷേമരാജ്യം കെട്ടിപ്പടുക്കാനായില്ലെങ്കിലും ഉള്ളത് കൂടി ഇങ്ങനെ തട്ടിപ്പറിക്കരുതേ എന്നാണ് ജനത്തിന്റെ അപേക്ഷ. കൊറോണക്ക് മേൽ, തൊഴിലില്ലായ്മാക്ക് മേൽ, സമാനതകളില്ലാത്ത യാതനകൾക്കു മേൽ, വീണ്ടും ദുരിതം വിതക്കുകയാണ് ‘ഇന്ധന വിലവർദ്ധനവ് ‘ എന്ന ഇരുട്ടടി. സർവകാല റെക്കോർഡും മറികടന്ന്‌ പെട്രോൾ-ഡീസൽ വില ഇങ്ങനെ മുന്നോട്ട് കുതിക്കുന്ന ഈ അവസ്ഥ ഇന്ത്യയിൽ എങ്ങനെ ഉണ്ടായി ?

ഏതാണ്ട് 159 ലിറ്ററോളം കൊള്ളുന്ന ഒരു ബാരൽ ക്രൂഡ് ഓയലിന് (64.3 Dollar) 4661.96 ഇന്ത്യൻ രൂപയാണ് അന്താരാഷ്ട്ര വിപണിയിലെ ഇന്നത്തെ വില. അതായത് ലിറ്ററിന് ഏതാണ്ട് 29 രൂപ മാത്രം. കാര്യം 159 ലിറ്റർ ക്രൂഡോയിലിൽ നിന്നും അത്രതന്നെ പെട്രോൾ-ഡീസൽ ലഭിക്കുന്നില്ലെങ്കിലും ഇപ്പോൾ ലഭിക്കുന്നതിലും കുറഞ്ഞ നിരക്കിൽ നമുക്ക് പെട്രോൾ ലഭിക്കാത്തത് എന്ത് കൊണ്ടാണ് എന്ന ചോദ്യം തികച്ചും ന്യായമാണ്. വിലയിങ്ങനെ വർധിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്താണ്..? ഇതെങ്ങനെ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് നമുക്കൊന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

ക്രൂഡ് ഓയിൽ ഉൽപ്പാദനം നന്നേ കുറഞ്ഞ രാജ്യമാണ് നമ്മുടേത്. ആഭ്യന്തര ആവശ്യത്തിന്റെ 88%ത്തോളും ക്രൂഡ് ഓയിലും വിദേശരാജ്യങ്ങളായ ഇറാഖ്, സൗദിഅറേബ്യ, ഇറാൻ, നൈജീരിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില കൂടുമ്പോൾ ഇന്ത്യയിലും പെട്രോൾ വില ഉയരും. അതുപോലെ അവിടെ വില കുറയുമ്പോൾ ഒരംശമെങ്കിലും ഇവിടെയും കുറയണ്ടേ എന്നൊരു സംശയം വന്നാൽ..അത് ന്യായമാണ്. അതിലേക്ക് അൽപനേരം കഴിഞ്ഞു കടക്കാം.

പമ്പുകളിലെ പെട്രോൾ വില നിർണയിക്കുന്നത് എങ്ങനെയാണെന്ന് അടുത്തതായി നോക്കാം. പമ്പുകളിൽ ഈടാക്കുന്ന പെട്രോൾ-ഡീസൽ വില മനസ്സിലാക്കുന്നതിനു മുൻപായി പെട്രോൾ ഉല്പ്പാദനം കടന്നുപോകുന്ന 5 ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കണം. അത് ഇങ്ങനെ ചുരുക്കാം.

1 .അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും സർക്കാർ ക്രൂഡോയിൽ വാങ്ങുന്നു.

2. ഈ ക്രൂഡ് ഓയിൽ കപ്പൽ വഴി ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നു.

3.തുറമുഖങ്ങളിൽ നിന്നും ക്രൂഡോയിൽ റിഫൈനറികളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു.

4. റിഫൈനറികൾ ക്രൂഡോയിലിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വേർതിരിച്ചെടുക്കുന്നു.

5. റിഫൈനറികളിൽ നിന്നും ഇത് ഡീലർമാരുടെ വിവിധ പെട്രോൾപമ്പുകളിലേക്ക് എത്തിക്കുന്നു.

നമുക്ക് ലഭിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില നിര്ണയിക്കേണ്ടതും മേൽ പറഞ്ഞ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. അതായത് അന്തരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിലിന്റെ വിലയുടെ കൂടെ മേൽപ്പറഞ്ഞ ഓരോ ഘട്ടത്തിലും പങ്കാളികളാകുന്ന ഏജൻസികളുടെ ഉൽപാദന ചിലവ്, ലാഭം എന്നിവ കൂട്ടണം. പിന്നെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതിയും ചേർക്കണം. അങ്ങനെയാണ് നമുക്ക് നേരെ നീളുന്ന ബില്ലിൽ വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയിക്കപ്പെടുന്നത്. ക്രൂഡോയിൽ വില ഇത്രയും കുറവായിരുന്നിട്ടും പെട്രോൾപമ്പുകളിൽ തീവിലയാകുന്നത് ഇങ്ങനെയാണ്.

പെട്രോൾ-ഡീസൽ ഉൽപ്പന്നങ്ങളുടെ ഉയരുന്ന വില ആ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെ മാത്രമല്ല ബാധിക്കുക എന്നത് പ്രത്യേകം പറയേണ്ടതില്ല. ഒരു സാദാ ഓട്ടോക്കൂലിയിൽ ഒരുപക്ഷെ നിങ്ങൾക്കത് നേരിട്ട് അനുഭവപ്പെട്ടേക്കാം. പക്ഷെ നേരിട്ട് ബാധിക്കാത്തതിൽ ചിലതിനെ ഇങ്ങനെ പറയാം. അതായത് ഇന്ധനമുപയോഗിച്ചു ഓടുന്ന വാഹനങ്ങൾ വഴി എത്തിക്കുന്ന ചരക്കു സാധനങ്ങളുടെ വില സ്വാഭാവികമായും കൂടും. യന്ത്രങ്ങൾ ഉപയോഗിക്കുന്ന കർഷകരുടെയടക്കം ഉൽപാദനചെലവ് കൂടും. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയെയും പ്രതികൂലമായാണ് ഇത് ബാധിക്കുക എന്ന് പ്രത്യേകം പറഞ്ഞു വെക്കേണ്ടതില്ല.

ഇക്കഴിഞ്ഞ അഞ്ച് വര്ഷം കൊണ്ട് ക്രൂഡോയിലിന്റെ ആഗോളവിലയിൽ 42% ഇടിവുണ്ടായപ്പോൾ, ഇന്ത്യയിൽ പെട്രോളിന്റെ റീട്ടെയിൽ വില 8% വർദ്ധിക്കുകയാണുണ്ടായത്. ഡീസലിന്റെ റീട്ടെയിൽ വിലയും 33% വർദ്ധിച്ചു. 2014ലെ മൻമോഹൻ സർക്കാരിനെ താഴെവീഴ്ത്താൻ ബിജെപി ഉന്നയിച്ച പ്രധാന ആരോപണമായിരുന്നു ‘ഉയരുന്ന ഇന്ധനവില‘ എന്നത്. എന്നാലിന്ന് അതൊരു വിരോധാഭാസമായി തോന്നിയാൽ അത്ഭുതപ്പെടാനില്ല. കാരണം കഴിഞ്ഞ 7കൊല്ലം കൊണ്ട് മൂന്നര ഇരട്ടി നികുതിയാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചിരിക്കുന്നത്.

2014ൽ മോഡി അധികാരത്തിൽ വരും മുൻപ് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് 0.6 USഡോളർ ആയിരുന്നു വിലയെങ്കിൽ ഇന്ന് 0.3 US ഡോളർ മാത്രമോണ് ക്രൂഡ് ഓയിൽ വില. അതായത് മോദിഭരണ കാലത്ത് അന്താരാഷ്ട്ര ക്രൂഡ്ഓയിൽ വില ഏതാണ്ട് പകുതിയായി. പക്ഷേ പെട്രോൾവില കുറഞ്ഞിട്ടില്ല. മാത്രമല്ല നികുതി വർധനവിലൂടെ ഇന്ത്യയിൽ അത് ഗണ്യമായി കൂട്ടുകയും ചെയ്‌തു. 2020ലെ കണക്കുകൾ അനുസരിച്ചു തന്നെ 69%നും മുകളിലാണ് രാജ്യത്തെ ഇന്ധനനികുതി. അപ്പോഴും കേന്ദ്രസർക്കാരിൻറെ ഈ തീവെട്ടിക്കൊള്ള മറച്ചുപിടിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നികുതി കുറച്ചുകൂടെ എന്നൊരു ചോദ്യവും ഉയരുന്നുണ്ട്.

ജിഎസ്ടി നിലവിൽ വന്നതിനുശേഷം സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് ലഭിക്കുന്ന ചുരുക്കം നികുതി വരുമാനങ്ങളിൽ ഒന്നാണ് പെട്രോളിന് മുകളിൽ ചുമത്തപ്പെടുന്ന ‘വാറ്റ്.’ സംസ്ഥാന സർക്കാറുകൾക്ക് അർഹതപ്പെട്ട ജിഎസ്ടി വിഹിതം പോലും കേന്ദ്രസർക്കാർ കൃത്യമായി കൊടുക്കുന്നില്ല. അത് ലഭിക്കാനായി സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാനങ്ങൾ ഒരുങ്ങിയ വാർത്ത അത്ര പഴയ കഥയുമല്ല. ഇത്തരമൊരു സാഹചര്യത്തിൽ ഈ നികുതിവരുമാനം കൂടി ഇല്ലാതായാൽ സംസ്ഥാനങ്ങൾക്ക് അതെത്ര വലിയ ബാധ്യതയാകും എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. പിന്നെ അടിസ്ഥാനവിലയുടെ നിശ്ചിത ശതമാനം മാത്രമാണ് സംസ്ഥാന വാറ്റ്. അതായത് കേന്ദ്ര സർക്കാർ അവരുടെ നികുതി കുറച്ചാൽ സ്വാഭാവികമായും വാറ്റും കുറയും.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത, പെട്രോൾ ഡീസൽ വിലയിന്മേൽ ചുമത്തപ്പെടുന്ന ‘സ്പെഷ്യൽ സെസു’മായി ബന്ധപ്പെട്ടാണ്. പതിനഞ്ചാം ഫിനാൻസ് കമ്മീഷൻ നിർദ്ദേശപ്രകാരം സ്പെഷ്യൽ സെസ് ഒഴികെയുള്ള കേന്ദ്രനികുതിയുടെ 41% മാത്രമേ സംസ്ഥാനങ്ങൾക്ക് പങ്കിട്ടു കൊടുക്കേണ്ടതുള്ളൂ. Petroleum Planning & Analysis Cell ന്റെ വെബ്സൈറ്റിൽ ഇതേപറ്റി വിശദമായി പറയുന്നുണ്ട്.

ഇവിടെയും സെസ്സ് കഴിച്ചുള്ള കേന്ദ്ര നികുതിയുടെ ഈ 41% എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായോ അവരുടെ പെട്രോൾ ഉപഭോഗത്തിന്റെ അനുപാതത്തിനനുസരിച്ചോ അല്ല വിതരണം ചെയ്യുന്നത്. അത് വിതരണം ചെയ്യുവാനും മാനദണ്ഡങ്ങളുണ്ട്. ഈ കണക്കിലും വെള്ളം ചേർത്ത് സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നുണ്ട് എന്നൊരു തെറ്റായ പ്രചരണവും നടത്തുന്നുണ്ട് ചിലർ.

എന്നാൽ നിത്യജീവിതത്തെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ‘ആരെയും കുറ്റപ്പെടുത്താനില്ല’ എന്ന ഒഴുക്കൻ നിലപാടിലാണ് കേന്ദ്രസർക്കാർ. കൂടാതെ ഇന്ധനവില ഉയരുമ്പോള്‍ ജനങ്ങൾ വാഹനത്തിന്റെ ഉപയോഗം കുറയ്ക്കുമെന്നും പിന്നാലെ ഇലക്ട്രിക് വാഹന ഉപയോഗത്തിലേക്ക് അവര്‍ തിരിയുമെന്നും പറഞ്ഞത് മധ്യപ്രദേശ് ആരോഗ്യ-വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരംഗ് ആണ്. ഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയാണ് ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഈ വിഷയത്തെ ഇത്രകണ്ട് നിസ്സാരവൽക്കരിക്കുന്നത്. ജനങ്ങൾ എങ്ങനെയും അങ്ങ് പൊരുത്തപ്പെടട്ടെ എന്ന നയമാണ് കേന്ദ്രസർക്കാർ ഇവിടെ വച്ചുപുലർത്തുന്നത് .

രാജ്യത്ത് പെട്രോൾ വില ഇങ്ങനെ കുതിച്ചുയർന്നു കൊണ്ടിരുന്ന കാലത്തും കോർപ്പറേറ്റുകളുടെ നികുതി കുത്തനെ കുറക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടത് എന്നത് ഇവിടെ ശ്രദ്ധേയമാണ്. അതിനായി നിയമഭേദഗതിയും വരുത്തിയിരുന്നു സർക്കാർ. 2019 സെപ്റ്റംബറിൽ 30%ൽ നിന്നും 22%മാക്കി കോർപറേറ്റ് നികുതി സർക്കാർ ചുരുക്കുകയായിരുന്നു. അങ്ങനെ അതിസമ്പന്നരുടെ കോടിക്കണക്കിനു രൂപ വേണ്ടെന്ന് വെച്ചിട്ടാണ് ഇത്തരം ‘തീവെട്ടികൊള്ള’യിലൂടെ സർക്കാർ ആ കുറവ് നികത്തുന്നതെന്നത് അത്ര ലളിതമായി പറയാവുന്ന ഒന്നല്ല. ദരിദ്രനാരായണമാർക്ക് ശൗചാലയം പണിയാനല്ല മറിച്ചു അതിസമ്പന്നർക്ക് ആന്റില്ലകൾ പണിയാനാണ് സർക്കാർ താല്പര്യമെന്ന് ധരിച്ചാലും തെറ്റ് പറയാനാകുമോ.

.

Latest News